ഐപിഎല്ലിൽ ഇന്നലെ നടന്ന മുംബെെ ഇന്ത്യൻസ് – റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ മത്സരത്തിൽ വാക്കേറ്റത്തിലേർപ്പെട്ട രണ്ട് താരങ്ങൾക്കെതിരെ ബിസിസിഐയുടെ നടപടി. ഐപിഎല്ലിൽ ബാംഗ്ലൂരിന് വേണ്ടി കളിക്കുന്ന ക്രിസ് മോറിസിനും മുംബെെക്ക് വേണ്ടി കളിക്കുന്ന ഇന്ത്യൻ താരം ഹാർദിക് പാണ്ഡ്യക്കുമാണ് ബിസിസിഐയുടെ ശാസന.

ഐപിഎൽ പെരുമാറ്റ ചട്ട ലംഘനമാണ് ഇരുവരും നടത്തിയത്. ഇരുവരെയും നിയമപരമായി ശാസിക്കുന്നതായി ബിസിസിഐ ഔദ്യോഗിക പ്രസ്‌താവനയിലൂടെ അറിയിച്ചു. ഐപിഎൽ പെരുമാറ്റ ചട്ടത്തിലെ ലെവൽ ഒന്നിൽ പറയുന്ന കാര്യങ്ങളാണ് മോറിസും പാണ്ഡ്യയും ലംഘിച്ചതെന്ന് ബിസിസിഐ നിരീക്ഷിച്ചു.

Read Also: മേ ഹൂ നാ.., സൂര്യകുമാർ യാദവ് പറയുന്നു, ചെവിയുള്ളവർ കേൾക്കട്ടെ

ഇരുവരെയും പെരുമാറ്റ ചട്ട ലംഘനത്തിന്റെ പേരിൽ ശാസിക്കുന്നതായും ബിസിസിഐ പറഞ്ഞു. ഇനിയൊരിക്കൽ കൂടി ഈ സീസണിൽ പെരുമാറ്റ ദൂഷ്യം ശ്രദ്ധയിൽപ്പെട്ടാൽ ഇരുവർക്കുമെതിരെ കർശന നടപടിയുണ്ടാകും. ക്രിസ് മോറിസിനെതിരെ വിരൽചൂണ്ടി സംസാരിച്ച പാണ്ഡ്യയുടെ പെരുമാറ്റം ഏറെ വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്.

മത്സരത്തിന്റെ 19-ാം ഓവറിലാണ് ഇരുവരും തമ്മിലുള്ള ശീതയുദ്ധം ഉടലെടുത്തത്. ക്രിസ് മോറിസ് ആയിരുന്നു ബാംഗ്ലൂരിന് വേണ്ടി 19-ാം ഓവർ എറിഞ്ഞത്. ഈ ഓവറിന്റെ നാലാം പന്തിൽ മോറിസിനെ ഒരു ഹെലികോപ്‌റ്റർ ഷോട്ടിലൂടെ പാണ്ഡ്യ അതിർത്തി കടത്തി. ഈ സമയത്ത് പാണ്ഡ്യ മോറിസിനെ നോക്കി പ്രകോപനപരമായി എന്തോ പറഞ്ഞു. എന്നാൽ, തൊട്ടടുത്ത പന്തിൽ പാണ്ഡ്യയെ മോറിസ് പുറത്താക്കി. മോറിസ് പാണ്ഡ്യയെ നോക്കി എന്തോ പറഞ്ഞു. ഇതോടെ സംഗതി കെെവിട്ടു. ക്രീസ് വിട്ട് പുറത്തേക്ക് നടന്ന പാണ്ഡ്യ ഇടയിൽ മോറിസിനെ നോക്കി വിരൽ ചൂണ്ടി സംസാരിക്കുന്നതും ദേഷ്യപ്പെടുന്നതും കാണാം. ഈ രംഗങ്ങളാണ് ഐപിഎൽ പെരുമാറ്റ ചട്ട ലംഘനമായി ബിസിസിഐ വിലയിരുത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook