/indian-express-malayalam/media/media_files/uploads/2017/08/LiverpoolOut.jpg)
ലിവർപൂൾ: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനും ചെല്‍സിക്കും ജയം. ഏകപക്ഷീയമായ നാലുഗോളിനാണ് ആഴ്സണലിനെ ലിവര്‍പൂള്‍ തകര്‍ത്തത്. കഴിഞ്ഞ ആഴ്ച സ്റ്റോക്കിനോടും തോറ്റ ആഴ്സണലിന്റെ അവസ്ഥ ഇതോടെ പരുങ്ങലിലായി. എവര്‍ട്ടണെതിരെ എതിരില്ലാത്ത രണ്ടുഗോളിനായിരുന്നു ചെല്‍സിയുടെ ജയം.
ലിവർപൂളിന്റെ ആക്രമണ ഫുട്ബോളിന് മുന്നിൽ ആഴ്സണൽ പ്രതിരോധം വെറും കാഴ്ചക്കാരായി മാറുന്ന കാഴ്ചയാണ് ആൻഫീൽഡിൽ കണ്ടത്. സൂപ്പർ താരം അലക്‌സിസ് സാഞ്ചസ് മടങ്ങി വന്നത് ആഴ്സണൽ ആക്രമണത്തെ ഒരു തരത്തിലും സഹായിച്ചില്ല. ആഴ്സണൽ ആക്രമണം നയിച്ച സാഞ്ചസും ഓസിലും വെൽബെക്കും ഒരേ പോലെ നിറം മങ്ങിയത് ലിവർപൂൾ പ്രതിരോധത്തിന് സഹായകരവുമായി. ലിവർപൂൾ ആക്രമണ നിരയാവട്ടെ ഫിർമിനോയും, മാനേയും, സലാഹും ഓരോ ഗോൾ നേടി കരുത്ത് തെളിയിക്കുകയും ചെയ്തു. പകരക്കാരനായി ഇറങ്ങി സ്റ്ററിഡ്ജും ഗോൾ പട്ടികയിൽ ഇടം നേടി.
ആഴ്സണലിനെ 17-ാം മിനിറ്റിൽ തന്നെ ലിവർപൂൾ പിന്നിലാക്കി. ജോ ഗോമസിന്റെ പാസ്സ് ഹെഡ്ഡറിലൂടെ വലയിലെത്തിച്ചു ഫിർമിനോയാണ് ഗോൾ നേടിയത്. 40-ാം മിനിറ്റിൽ ഫിർമിനോയുടെ പാസ്സ് വലയിലാക്കി സാഡിയോ മാനെ ലീഡ് രണ്ടാക്കി ഉയർത്തി. 57-ാം മിനിറ്റിൽ ബെല്ലറിന് പിഴച്ചപ്പോൾ അവസരം മുതലെടുത്ത് മുഹമ്മദ് സലാഹും ആഴ്സണൽ വല കുലുക്കി. പകരക്കാരനായി ഇറങ്ങിയ ഡാനിയേൽ സ്റ്ററിഡ്ജ് 76-ാം മിനിറ്റിൽ വീണ്ടും ആഴ്സണൽ വല കുലുക്കിയതോടെ ഗണ്ണേഴ്‌സിന്റെ പതനം തീർത്തും പരിതാപകരമായി.
അതേസമയം, ഫാബ്രിഗാസും അല്‍വാരോ മൊറാട്ടയുടേയും ഗോളുകളാണ് എവർട്ടണെതിരെ ചെല്‍സിയെ ജയത്തിലെത്തിച്ചത്. ടോട്ടനം-ബേണ്‍ലി മല്‍സരവും സ്റ്റോക്ക് സിറ്റി-വെസ്റ്റ് ബ്രോമിച്ച് പോരാട്ടവും സമനിലയില്‍ കലാശിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.