ന്യൂഡൽഹി: ഇന്ത്യൻ പരിശീലക സ്ഥാനത്തുനിന്നും അനിൽ കുംബ്ലെ പടിയിറങ്ങിയത് സ്വന്തം ഇഷ്ടപ്രകാരമല്ല. ഒത്തുപോകാനാവില്ലെന്നു ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചതോടെയാണ് പരിശീലക സ്ഥാനം ഒഴിയാൻ കുംബ്ലെ തയാറായത്. കോഹ്‌ലിയുടെ ഈ പ്രവൃത്തിക്കെതിരെ കായികലോകത്ത് നിന്നും വൻ വിമർശനങ്ങളാണ് ഉയർന്നിരിക്കുന്നത്.

ഒളിംപിക്സിൽ ഇന്ത്യയുടെ ഏക വ്യക്തിഗത സ്വർണ മെഡൽ ജേതാവായ അഭിനവ് ബിന്ദ്ര ട്വിറ്ററിലൂടെയാണ് തന്റെ അഭിപ്രായം വ്യക്തമാക്കിയത്. ”എന്റെ ഗുരുവും വഴികാട്ടിയും എന്റെ പരിശീലകനായിരുന്നു. ഞാൻ അദ്ദേഹത്തെ വെറുത്തിരുന്നു. എന്നിട്ടും 20 വർഷം അദ്ദേഹത്തിന്റെ കീഴിൽ പരിശീലനം തേടി. ഞാനൊരിക്കലും കേൾക്കാൻ ആഗ്രഹിക്കാത്ത കാര്യങ്ങളാണ് അദ്ദേഹം എപ്പോഴും പറയുക”. ട്വീറ്റിൽ കോഹ്‌ലിയുടെ പേര് പരാമർശിക്കുന്നില്ലെങ്കിലും കോഹ്‌ലിയെ ഉദ്ദേശിച്ചിട്ടുളളതാണെന്ന് ബിന്ദ്രയുടെ വാക്കുകളിൽനിന്നും വ്യക്തം.

എന്റെ പരിശീലകനും ഇങ്ങനെ തന്നെ ആയിരുന്നെന്നും അദ്ദേഹം ഇപ്പോഴും ഇത് തന്നെയാണ് ചെയ്യുന്നതെന്നും ബിന്ദ്രയെ പിന്തുണച്ച് ജ്വാല ഗുട്ടും ട്വീറ്റ് ചെയ്തിട്ടുണ്ട്.

ചാംപ്യൻസ് ട്രോഫിയോടെ കുംബ്ലെയുടെ കരാർ കാലാവധി അവസാനിച്ചിരുന്നു. വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽ ടീമിനെ അനുഗമിക്കാൻ കുംബ്ലെയോട് നിർദേശിച്ചിരുന്നു. എന്നാൽ പര്യടനത്തിനു പുറപ്പെട്ട ഇന്ത്യൻ ടീമിന്റെ യാത്രയിൽനിന്നും കുംബ്ലെ വിട്ടുനിന്നു. സച്ചിൻ, ഗാംഗുലി, ലക്ഷ്മൺ എന്നിവരടങ്ങിയ ക്രിക്കറ്റ് കമ്മിറ്റി ഇരുവരും തമ്മിലുളള പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. കുംബ്ലെയുമായി യോജിച്ചു പോകാൻ സാധിക്കില്ലെന്ന് കോഹ്‌ലി നിലപാടെടുത്തു. ടീമിലെ പലരും കോഹ്‌ലിക്കൊപ്പം ചേർന്നതോടെ കുംബ്ലെ രാജി വയ്ക്കുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook