വിരാട് കോഹ്‌ലിയും എ.ബി ഡിവില്ലിയേഴ്‌സും ലോകോത്തര ക്രിക്കറ്റ് താരങ്ങളാണ്. ഇരുവരുടെയും ബാറ്റിങ് ശൈലിക്ക് ആരാധകര്‍ ഏറെയാണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ താരങ്ങളാണ് ഇരുവരും. കോഹ്‌ലിയും ഡിവില്ലിയേഴ്‌സും തമ്മിലുള്ള സൗഹൃദവും ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ളതാണ്. ഇപ്പോള്‍, ഇതാ കോഹ്‌ലിയുടെ ഒരു സിക്‌സര്‍ കണ്ട് ഡിവില്ലിയേഴ്‌സും ഞെട്ടിയിരിക്കുന്നു. ആ സിക്‌സര്‍ കണ്ട് കോഹ്‌ലിയെ തന്റെ സഹോദരനാക്കിയിരിക്കുകയാണ് ഡിവില്ലിയേഴ്‌സ്. വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ടി20 മത്സരത്തിലെ കോഹ്‌ലിയുടെ സിക്‌സറാണ് ഡിവില്ലിയേഴ്‌സിനെ ആകര്‍ഷിച്ചത്.

Read Also: സ്വന്തം സിക്‌സർ കണ്ട് സ്വന്തം കണ്ണു തന്നെ തള്ളിപ്പോയ ‘അൽ’ വിരാട് കോഹ്‌ലി; വീഡിയോ

മത്സരത്തിൽ ഫോറും സിക്‌സും ഉയർത്തി വിൻഡീനെ കോഹ്‌ലി അക്ഷരാർഥത്തിൽ വെളളം കുടിപ്പിച്ചു. നാലു ഫോറും ഏഴു സിക്‌സും അടങ്ങുന്നതായിരുന്നു കോഹ്‌ലിയുടെ ഇന്നിങ്സ്. 18-ാം ഓവറിൽ ക്രെസിക് വില്യംസിന്റെ ബോളിൽ ഉയർത്തിയ സിക്‌സ് കോഹ്‌ലിക്ക് തന്നെ വിശ്വസിക്കാൻ സാധിച്ചിരുന്നില്ല. ആ സിക്‌സറിനോട് പ്രതികരിക്കുകയായിരുന്നു മുൻ ദക്ഷിണാഫ്രിക്കൻ താരം എ.ബി ഡിവില്ലിയേ‌ഴ്‌സ്.

ആ സിക്‌സർ ട്വീറ്റ് ചെയ്‌തുകൊണ്ട് വിരാട് കോഹ്‌ലി ഇത് ഡിവില്ലിയേഴ്‌സിൽ നിന്ന് പകർത്തിയതാകുമെന്ന് ഒരു ആരാധകൻ കുറിച്ചു. ഇതിനോട് എ.ബി ഡിവില്ലിയേഴ്‌സ് ഒറ്റവാക്കിൽ പ്രതികരിച്ചത് ഇങ്ങനെ ‘സഹോദരൻ’ (Brother). ഡിവില്ലിയേ‌ഴ്‌സിന്റെ മറുപടി ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്.

മുംബൈയിൽ നടന്ന വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ടി20 യിൽ കരിയറിലെ മറ്റൊരു മികച്ച പ്രകടനമാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി പുറത്തെടുത്തത്. മത്സരത്തിൽ 70 റൺസായിരുന്നു കോഹ്‌ലിയുടെ സമ്പാദ്യം. 21 ബോളിൽനിന്നാണ് കോഹ്‌ലി ടി20 യിലെ തന്റെ 24-ാം അർധ സെഞ്ചുറി തികച്ചത്. 241.38 ആയിരുന്നു കോഹ്‌ലിയുടെ സ്ട്രൈക്ക് റേറ്റ്.

ഇന്ത്യ ​ഉയർത്തിയ 241 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന വെസ്റ്റ് ഇൻഡീസിന് നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 173 റൺസെടുക്കാനെ കഴിഞ്ഞുള്ളു. 67 റൺസ് ജയത്തോടെ പരമ്പര ഇന്ത്യ സ്വന്തമാക്കി. നേരത്തെ ഹൈദരാബാദിൽ ഇന്ത്യയും കാര്യവട്ടത്ത് വെസ്റ്റ് ഇൻഡീസും വിജയിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook