മുംബൈ: ആവേശകരമാണ് ഐപിഎല്‍ പതിനൊന്നാം പതിപ്പിന്റെ തുടക്കം. അവസാന ഓവര്‍ വരെ നീളുന്ന ത്രില്ലിംഗ് ആയ മത്സരങ്ങള്‍ തുടക്കത്തില്‍ തന്നെ വേണ്ടുവോളം കാണാന്‍ സാധിച്ചു. പ്രമുഖര്‍ക്കൊപ്പം തന്നെ യുവതാരങ്ങളും തങ്ങളുടെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. നിതീഷ് റാണ, മുജീബ് റഹ്മാന്‍, ശുബ്മാന്‍ ഗില്‍, സഞ്ജു സാംസണ്‍ തുടങ്ങിയവരെല്ലാം ശ്രദ്ധ നേടി കഴിഞ്ഞിട്ടുണ്ട്.

രഹാനെയും സഞ്ജുവുമാണ് രാജസ്ഥാന്‍ റോയല്‍സിന്റെ പ്രധാന ബാറ്റ്‌സ്മാന്മാര്‍ എന്നത് ഐപിഎല്ലില്‍ സഞ്ജുവിന്റെ പ്രധാന്യം വിളിച്ചോതുന്നതാണ്. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും നിര്‍ണ്ണായക പ്രകടവുമായി സഞ്ജുവാണ് നിലവിലെ ഓറഞ്ച് ക്യാപ്പ് ഹോള്‍ഡര്‍. റോയല്‍ ചലഞ്ചേഴ്‌സിനെതിരായ മത്സരത്തില്‍ 45 പന്തില്‍ നിന്നും 92 റണ്‍സുമായി വിഷു ആഘോഷിക്കുകയായിരുന്നു സഞ്ജു.

മത്സരത്തിലെ സഞ്ജുവിന്റെ പ്രകടനത്തെ പ്രശംസിച്ച് ദക്ഷിണാഫ്രിക്കന്‍ താരവും റോയല്‍ ചലഞ്ചേഴ്‌സിന്റെ കുന്തമുനയുമായ എബി ഡിവില്യേഴ്‌സും രംഗത്തെത്തിയിരിക്കുകയാണ്. സഞ്ജുവിന്റേത് സ്‌പെഷ്യല്‍ ഇന്നിംഗ്‌സ് ആയിരുന്നുവെന്നും ഇന്ത്യന്‍ ക്രിക്കറ്റില്‍ സഞ്ജുവിനെ പോലുള്ള യുവതാരങ്ങള്‍ ഉയര്‍ന്നു വരുന്നു എന്നത് ശുഭ പ്രതീക്ഷയാണെന്നും അദ്ദേഹം പറഞ്ഞു.സഞ്ജുവിന്റെ പൊട്ടന്‍ഷ്യല്‍ പരിധികളില്ലാത്തതാണെന്നും ദക്ഷിണാഫ്രിക്കന്‍ താരം പറഞ്ഞു.

അതേസമയം, റോയല്‍ ചലഞ്ചേഴ്‌സിന്റെ കാര്യം പ്രതീക്ഷിച്ച അത്ര സുഖകരമല്ല. ലോകോത്തര താരങ്ങളുണ്ടെങ്കിലും പ്രതീക്ഷിച്ച പോലെ ഉയരാന്‍ സാധിക്കാത്തതിന് വെല്ലുവിളിയായി മാറിയിട്ടുണ്ട്. എന്നാല്‍ ഒരു വിജയം മതി ടീമിന് മൊമന്റം നേടാനെന്നും പിന്നെയെല്ലാം ട്രാക്കിലാകുമെന്നും ഡിവില്യേഴ്‌സ് പറയുന്നു. മൂന്ന് കളികളില്‍ ഒരെണ്ണം മാത്രമേ ടീമിന് സാധിച്ചിട്ടുള്ളൂ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ