കുട്ടി ക്രിക്കറ്റിന്റെ മായിക ലോകത്തേക്ക് വരവറിയിക്കുകയാണ് എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡും. റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ ഇസിബിയുടെ ട്വന്റി-20 ക്രിക്കറ്റ് ലീഗ് ഡിസംബര്‍ 19ന് ആരംഭിക്കും. അന്തിമ തീരുമാനം ആയിട്ടില്ല. അഞ്ച് ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുക. എന്നാല്‍ ലീഗിനെ ത്രില്ലിങ് ആക്കുന്നത് ഒരു താരത്തിന്റെ തിരിച്ചുവരവാണ്. സാക്ഷാല്‍ എബി ഡിവില്ലിയേഴ്‌സിന്റെ.

മാസങ്ങള്‍ക്ക് മുമ്പാണ് ലോക ക്രിക്കറ്റിലെ മിസ്റ്റര്‍ 360 അപ്രതീക്ഷിതമായി താന്‍ വിരമിക്കുകയാണെന്ന് പ്രഖ്യാപിക്കുന്നത്. ക്രിക്കറ്റ് ആരാധകരില്‍ പലരും ഇപ്പോഴും ആ പ്രഖ്യാപനത്തില്‍ നിന്നും പുറത്ത് കടന്നിട്ടില്ല. പലര്‍ക്കും അത് വിശ്വസിക്കാന്‍ പോലും സാധിച്ചിട്ടില്ല. ലോകത്തെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനായി വിലയിരുത്തപ്പെടുന്ന താരമാണ് ഡിവില്ലിയേഴ്‌സ്. തന്റെ കരിയര്‍ ഇത്ര പെട്ടെന്ന് ഒരു വിടവാങ്ങലിന് പോലും നില്‍ക്കാതെ അദ്ദേഹം അവസാനിപ്പിച്ചത് പലരും ഞെട്ടലോടെയാണ് കേട്ടത്.

ആരാധകര്‍ക്ക് ഏറെ സന്തോഷം നല്‍കുന്നതാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. അടുത്ത വര്‍ഷം ഐപിഎല്‍ കളിക്കാനുണ്ടാകുമെന്ന് ഡിവില്ലിയേഴ്‌സ് നേരത്തെ അറിയിച്ചിരുന്നുവെങ്കിലും അതിന് മുമ്പേ തന്നെ അദ്ദേഹം മൈതാനത്തേക്ക് തിരികെ വരുമെന്നാണ് റിപ്പോര്‍ട്ട്. യുഎഇ ടിട്വന്റിഎക്‌സിന്റെ ട്വിറ്റര്‍ അക്കൗണ്ടിലെ പോസ്റ്റാണ് അഭ്യൂഹങ്ങള്‍ക്ക് കാരണം. വേഗതയേറിയ 50, 100, 150 റെക്കോര്‍ഡുകളുടെ ഉടമയെ ഞങ്ങള്‍ നിങ്ങളിലേക്ക് എത്തിക്കുവെന്നായിരുന്നു ട്വീറ്റ്. ഇതോടെയാണ് എബിഡിയാകാം ഇതെന്ന അഭ്യൂഹം പരന്നത്. ഔദ്യോഗിക സ്ഥിരീകരണം ലഭ്യമല്ല.

ഡിസംബര്‍ 19 ന് ആരംഭിക്കുന്ന ലീഗില്‍ 24 മത്സരങ്ങളും അഞ്ച് ടീമുകളുമാണ് ഉണ്ടാവുക. അബുദാബി, ദുബായ്, ഷാര്‍ജ എന്നിവിടങ്ങളിലാകും മത്സരങ്ങള്‍ അരങ്ങേറുക. അതേസമയം, വിരമിക്കല്‍ പ്രഖ്യാപിച്ചതോടെ വിശ്രമത്തിലാണ് ഡിവില്ലിയേഴ്‌സ്. ക്രിക്കറ്റിലേക്ക് കടന്നു വരുന്ന യുവ താരങ്ങള്‍ക്ക് പരിശീലനം നല്‍കാനും തനിക്ക് താല്‍പര്യമുണ്ടെന്ന് അദ്ദേഹം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ