രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചെങ്കിലും ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കാൻ എബി ഡിവില്ലിയേഴ്‍സ് എത്തുമെന്ന് ബാംഗ്ലൂർ. ഐപിഎല്ലിൽ കളിക്കാൻ എത്തുമെന്ന് താരം തന്നെ നേരത്തെ അറിയിച്ചിരുന്നെങ്കിലും ഇക്കാര്യത്തിൽ വ്യക്തത ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് പ്രതികരണവുമായി ടീം ഉടമകൾ തന്നെ രംഗത്തെത്തിയിരിക്കുന്നത്.

“ഡിവില്ലിയേഴ്‍സ് ടീമിനൊപ്പമുണ്ടാകും, അക്കാര്യത്തിൽ ആശങ്ക വേണ്ട. നേരത്തെയും ഇത് സംബന്ധിച്ച് ടീം വ്യക്തത നൽകിയതാണ്” റോയൽ ചലഞ്ചേഴ്‍സ് ബാംഗ്ലൂർ ചെയർമാൻ സഞ്ജീവ് ചുരിവാല പറഞ്ഞു. ഐപിഎല്ലിന് പുറമേ പാക്കിസ്ഥാൻ സൂപ്പർ ലീഗിലും, എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ് സംഘടിപ്പിക്കുന്ന ലീഗിലും താരം കളിച്ചേക്കുമെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. ഇക്കാര്യത്തിലും ഔദ്യോഗിക സ്ഥിരീകരണം ലഭ്യമല്ല.

മാസങ്ങള്‍ക്ക് മുമ്പാണ് ലോക ക്രിക്കറ്റിലെ മിസ്റ്റര്‍ 360 അപ്രതീക്ഷിതമായി താന്‍ വിരമിക്കുകയാണെന്ന് പ്രഖ്യാപിക്കുന്നത്. ക്രിക്കറ്റ് ആരാധകരില്‍ പലരും ഇപ്പോഴും ആ പ്രഖ്യാപനത്തില്‍ നിന്നും പുറത്ത് കടന്നിട്ടില്ല. പലര്‍ക്കും അത് വിശ്വസിക്കാന്‍ പോലും സാധിച്ചിട്ടില്ല. ലോകത്തെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനായി വിലയിരുത്തപ്പെടുന്ന താരമാണ് ഡിവില്ലിയേഴ്‌സ്. തന്റെ കരിയര്‍ ഇത്ര പെട്ടെന്ന് ഒരു വിടവാങ്ങലിന് പോലും നില്‍ക്കാതെ അദ്ദേഹം അവസാനിപ്പിച്ചത് പലരും ഞെട്ടലോടെയാണ് കേട്ടത്.

വരുന്ന സീസൺ ഐപിഎല്ലിന് മുന്നോടിയായി ടീമിനെ പൊളിച്ച് പണിയുകയാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഇപ്പോൾ. ഇതിന്റെ ഭാഗമായാണ് നേരത്തെ പരിശീലകനായിരുന്ന ഡാനിയൽ വെട്ടോറിയെ മാറ്റി ഗാരി കിർസ്റ്റണെ തങ്ങളുടെ മുഖ്യ പരിശീലകനായി അവർ നിയമിച്ചിരുന്നു. ആശിഷ് നെഹ്റയെ ടീമിന്റെ പ്രധാന ബോളിങ് പരിശീലകനാക്കാനാണ് ബാംഗ്ലൂർ നീക്കമെന്നാണ് സൂചന. കഴിഞ്ഞ വർഷം നവംബറിൽ ക്രിക്കറ്റിൽ നിന്ന് വിരമിച്ച നെഹ്റ കഴിഞ്ഞ ഐപിഎല്ലിൽ ബാംഗ്ലൂർ ടീമിന്റെ മെന്ററായി സേവനം അനുഷ്ഠിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook