ലോക ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ദക്ഷിണാഫ്രിക്കയുടെ സൂപ്പര്‍ താരം എ.ബി ഡിവില്ലിയേഴ്സ് ക്രിക്കറ്റിലേക്ക് മടങ്ങിവരാന്‍ ആഗ്രഹിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍. ലോകകപ്പ് ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കയുടെ മോശം പ്രകടനം തുടരുന്ന സാഹചര്യത്തിലാണ് ഡിവില്ലിയേഴ്സ് മടങ്ങി വരവ് ആഗ്രഹിച്ചിരുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. കഴിഞ്ഞ വര്‍ഷം ലോക ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും ലോകകപ്പ് നടക്കുന്നതിന് മുന്‍പായി ഡിവില്ലിയേഴ്സ് രാജ്യാന്തര ക്രിക്കറ്റിലേക്ക് മടങ്ങിവരാന്‍ ആഗ്രഹിച്ചിരുന്നു എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ലോകകപ്പിന് മുന്‍പാണ് ഡിവില്ലിയേഴ്സ് രാജ്യാന്തര ക്രിക്കറ്റിലേക്ക് മടങ്ങിവരണമെന്ന ആഗ്രഹം ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് മാനേജ്മെന്റിനെ അറിയിച്ചതെന്ന് ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍, തിരിച്ചുവരണമെന്ന ഡിവില്ലിയേഴ്സിന്റെ ആഗ്രഹം ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് മാനേജ്മെന്റ് നിരസിക്കുകയായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകകപ്പിനായുള്ള ടീം പ്രഖ്യാപനം കഴിഞ്ഞ സാഹചര്യത്തിലാണ് ഡിവില്ലിയേഴ്സിന്റെ ആവശ്യം മാനേജ്മെന്റ് തള്ളിക്കളഞ്ഞതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Read More: ‘നിങ്ങളെന്തിനാ മനുഷ്യാ വിരമിച്ചത്?’; വീണ്ടും ഞെട്ടിച്ച് ഡിവില്ലിയേഴ്സിന്റെ സിക്സര്‍
ലോകകപ്പിനായുള്ള അവസാന 15 അംഗ ടീമിനെ പ്രഖ്യാപിക്കുന്നതിന് 24 മണിക്കൂര്‍ മുന്‍പ് മാത്രമാണ് ഡിവില്ലിയേഴ്സ് ആഗ്രഹം പ്രകടിപ്പിച്ചത്. ദക്ഷിണാഫ്രിക്കന്‍ നായകന് ഫാഫ് ഡുപ്ലസിസിനെയും കോച്ച് ഗിബ്സണിനെയും ഡിവില്ലിയേഴ്സ് മടങ്ങിവരാനുള്ള ആഗ്രഹം അറിയിച്ചിരുന്നു. എന്നാല്‍, ഇവരില്‍ നിന്ന് അനുകൂല മറുപടിയുണ്ടായില്ല. ഡിവില്ലിയേഴ്സിന്റെ ആവശ്യം പരിഗണിക്കാന്‍ പോലും ദക്ഷിണാഫ്രിക്കന്‍ മാനേജ്മെന്റ് തയ്യാറായില്ല എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Read More: ‘പടിയിറങ്ങാന്‍ നേരമായി’; ആരാധകരെ ഞെട്ടിച്ച് വിരമിക്കല്‍ പ്രഖ്യാപിച്ച് ഡിവില്ലിയേഴ്സ്
ലോകകപ്പിന് ഒരു വര്‍ഷം മുന്‍പാണ് ഡിവില്ലിയേഴ്സ് വിരമിക്കുന്നത്. അതിനാല്‍ തന്നെ ഫിറ്റ്നസ് അടക്കമുള്ള കാര്യങ്ങളില്‍ ബുദ്ധിമുട്ട് അനുഭവപ്പെടും. മാത്രമല്ല, ഡിവില്ലിയേഴ്സിന് പകരം കഴിഞ്ഞ ഒരു വര്‍ഷക്കാലം ടീമില്‍ പ്രകടനം നടത്തിയ താരങ്ങളോടുള്ള വിവേചനം കൂടിയാകും ഡിവില്ലിയേഴ്സിനെ തിരിച്ചെടുക്കല്‍. ഇക്കാരണങ്ങള്‍ കൊണ്ടാണ് ഡിവില്ലിയേഴ്സിന്റെ തിരിച്ചുവരാനുള്ള ആഗ്രഹം ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് മാനേജ്മെന്റ് പരിഗണിക്കാതിരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നിരവധി ക്രിക്കറ്റ് പ്രേമികള്‍ ഡിവില്ലിയേഴ്സിന്റെ മടങ്ങിവരവ് ആഗ്രഹിച്ചിരുന്നു. അതിനിടയിലാണ് ഈ വാര്‍ത്ത പുറത്തുവരുന്നതും. ഏകദിന ക്രിക്കറ്റില്‍ 53.50 ശരാശരിയോടെ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി 95977 റണ്‍സ് നേടിയ താരമാണ് ഡിവില്ലിയേഴ്സ്. 114 ടെസ്റ്റിലും 228 ഏകദിനത്തിലും 78 ട്വന്റി 20യിലും അദ്ദേഹം കളിച്ചിട്ടുണ്ട്.
Read More: വിരാട് കോഹ്ലി ഒരു പോരാളിയാണ്, തന്നെ പോലെ: എബി ഡിവില്ലിയേഴ്സ്
ദക്ഷിണാഫ്രിക്കയെ സംബന്ധിച്ച് എ.ബി ഡിവില്ലിയേഴ്സ് ഫാക്ടര്‍ ഏറെ ആശ്വാസം പകരുന്ന ഒന്നായിരുന്നു. പിങ്ക് ക്രിക്കറ്റെന്നാല്‍ ഡിവില്ലിയേഴ്സിന്റെ മത്സരം കൂടിയാണെന്നാണ് പറയപ്പെടുന്നത്. 2015ല്‍ വെസ്റ്റ് ഇൻസിനെതിരെ എ.ബി അതിവേഗ സെഞ്ചുറി നേടിയതും ഒരു പിങ്ക് ക്രിക്കറ്റ് മത്സരത്തിലാണ്. ഡിവില്ലിയേഴ്സ് ഫീല്‍ഡില്‍ എന്തുചെയ്യുന്നുവെന്നതിനേക്കാള്‍ ഫീല്‍ഡില്‍ ഉണ്ടെന്നത് തന്നെയാണ് തങ്ങള്‍ക്ക് പ്രധാനമെന്നും ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹം ഫീല്‍ഡില്‍ ഉണ്ടെങ്കില്‍ തന്നെ തങ്ങള്‍ക്ക് സമ്മർദമില്ലാതെ കളിക്കാനാകുമെന്നും താരങ്ങള്‍ പറയാറുണ്ട്.