വിജയകരമായ ആദ്യ മൂന്ന് സീസണുകൾക്ക് ശേഷം മറ്റൊരു മികച്ച നാലാം പതിപ്പിന് ഒരുങ്ങുകയാണ് പാകിസ്ഥാൻ സൂപ്പർ ലീഗ്. രാജ്യാന്തര തലത്തിൽ തന്നെ ശ്രദ്ധ നേടി കഴിഞ്ഞു പാകിസ്ഥാന്റെ ഈ കുട്ടിക്രിക്കറ്റ് ആവേശം. പുതിയ സീസൺ ആരംഭിക്കാൻ മാസങ്ങൾ ബാക്കി നിൽക്കെ ആരാധകരെ കൂടുതൽ ആവേശത്തിലാഴ്ത്തുകയാണ് അധികൃതർ.
പ്രൌഡഗംഭീരമായ നാലാം സീസണിൽ നിരവധി സർപ്രൈസുകളാണ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഒരുക്കിവെച്ചിരിക്കുന്നത്. ക്രിക്കറ്റ് ലോകത്തെ പല പ്രമുഖകരുടെ പേരുകളും ഇതിനോടകം തന്നെ ലീഗുമായി സഹകരിക്കുന്നതുമായി ബന്ധപ്പെട്ട് ഉയർന്നു കഴിഞ്ഞു. അതിൽ ഏറ്റവും ഒടുവിലത്തെതാണ് മുൻ ദക്ഷിണാഫ്രിക്കാൻ താരം എബിഡി വില്ല്യേഴ്‍സിന്റെത്.
Captain
Batsman
Wicket-Keeper
Bowler
Fielder #PakistanSuperLeague Player #KaunAaRahaHai pic.twitter.com/RhoK3f9Mrj
— PakistanSuperLeague (@thePSLt20) September 2, 2018
താരത്തിന്റെ വരവുമായി ബന്ധപ്പെട്ട നിരവധി റിപ്പോർട്ടുകൾ എബിഡി എത്തുമെന്നതിന് കൂടുതൽ സ്ഥിരീകരണം നൽകുന്നു. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് തന്നെ രണ്ട് തവണയാണ് താരം എത്തുന്നു എന്ന തരത്തിൽ സൂചനകൾ നൽകി ട്വീറ്റ് ചെയ്തിരിക്കുന്നത്. “ആരാണ് വരുന്നതെന്ന് ഊഹിക്കാമോ ? ” എന്നുള്ള ബോർഡിന്റെ ചോദ്യത്തിന് കൂടുതൽ ആരാധകരും എബിഡി വില്ല്യേഴ്സിന്റെ പേരാണ് പറഞ്ഞിരിക്കുന്നത്.
നേരത്തെ എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ് സംഘടിപ്പിക്കുന്ന ലീഗിലും താരം കളിച്ചേക്കുമെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. അടുത്ത വര്‍ഷം ഐപിഎല്‍ കളിക്കാനുണ്ടാകുമെന്ന് ഡിവില്ലിയേഴ്‌സ് നേരത്തെ അറിയിച്ചിരുന്നുവെങ്കിലും അതിന് മുമ്പേ തന്നെ അദ്ദേഹം മൈതാനത്തേക്ക് തിരികെ വരുമെന്നാണ് റിപ്പോര്‍ട്ട്. യുഎഇ ടിട്വന്റിഎക്‌സിന്റെ ട്വിറ്റര്‍ അക്കൗണ്ടിലെ പോസ്റ്റാണ് അഭ്യൂഹങ്ങള്‍ക്ക് കാരണം. വേഗതയേറിയ 50, 100, 150 റെക്കോര്‍ഡുകളുടെ ഉടമയെ ഞങ്ങള്‍ നിങ്ങളിലേക്ക് എത്തിക്കുവെന്നായിരുന്നു ട്വീറ്റ്. ഇതോടെയാണ് എബിഡിയാകാം ഇതെന്ന അഭ്യൂഹം പരന്നത്. ഇക്കാര്യത്തിലും ഔദ്യോഗിക സ്ഥിരീകരണം ലഭ്യമല്ല.
മാസങ്ങള്‍ക്ക് മുമ്പാണ് ലോക ക്രിക്കറ്റിലെ മിസ്റ്റര്‍ 360 അപ്രതീക്ഷിതമായി താന്‍ വിരമിക്കുകയാണെന്ന് പ്രഖ്യാപിക്കുന്നത്. ക്രിക്കറ്റ് ആരാധകരില്‍ പലരും ഇപ്പോഴും ആ പ്രഖ്യാപനത്തില്‍ നിന്നും പുറത്ത് കടന്നിട്ടില്ല. പലര്‍ക്കും അത് വിശ്വസിക്കാന്‍ പോലും സാധിച്ചിട്ടില്ല. ലോകത്തെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനായി വിലയിരുത്തപ്പെടുന്ന താരമാണ് ഡിവില്ലിയേഴ്‌സ്. തന്റെ കരിയര്‍ ഇത്ര പെട്ടെന്ന് ഒരു വിടവാങ്ങലിന് പോലും നില്‍ക്കാതെ അദ്ദേഹം അവസാനിപ്പിച്ചത് പലരും ഞെട്ടലോടെയാണ് കേട്ടത്.
എന്തായാലും മുൻ പ്രോട്ടിയാസ് നായകന്റെ ക്രീസിലേക്കുള്ള മടങ്ങിവരവുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾ എല്ലാ ക്രിക്കറ്റ് പ്രേമികളിലും ആവേശം നിറക്കുകയാണ്. വിക്കറ്റിന് മുന്നിൽ ഇനിയും എ.ബി.ഡി യുടെ മാസ്മരിക പ്രകടനങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.