മുംബൈ: ക്രിക്കറ്റ് ലോകത്തു നിന്നും എബി ഡിവില്യേഴ്‌സ് വിട പറഞ്ഞത് അപ്രതീക്ഷതമായിരുന്നു. ആരും പ്രതീക്ഷിക്കാതിരുന്നൊരു നേരത്ത്, തന്റെ കരിയറിന്റെ പീക്കില്‍ നില്‍ക്കെയാണ് ലോകത്തെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്മാരിലൊരാളായ ഡിവില്യേഴ്‌സ് പാഡഴിക്കാനുള്ള തീരുമാനം പ്രഖ്യാപിക്കുന്നത്. ആരാധകരെ നിരാശരാക്കിയ പ്രഖ്യാപനമായിരുന്നു അത്. എന്നാല്‍ അന്താരാഷ്ട്ര മത്സരങ്ങളില്‍ കളിക്കുന്നില്ലെങ്കിലും ഐപിഎല്‍ അടക്കമുള്ള ടി20 ലീഗുകളിലൂടെ എബിഡി തിരികെ വന്നു. അപ്പോഴും ദക്ഷിണാഫ്രിക്കയുടെ പച്ചയും മഞ്ഞയും ജഴ്‌സിയില്‍ മിസ്റ്റര്‍ 360 യെ കാണാന്‍ സാധിക്കില്ലെന്നത് ആരാധക ഹൃദയങ്ങളിലൊരു നോവായി ബാക്കി നില്‍ക്കുകയാണ്.

വീണ്ടും എബി ഡിവില്യേഴ്‌സിനെ ദക്ഷിണാഫ്രിക്കയുടെ ജഴ്‌സിയില്‍ കാണാന്‍ ആഗ്രഹിക്കാത്തവരുണ്ടാകില്ല. ഡിവില്യേഴ്‌സ് ഒരു ലോകകപ്പ് ഉയര്‍ത്തുന്നതോ? മൂന്ന് ലോകകപ്പുകളില്‍ കളിച്ചിട്ടുണ്ട് ഡിവില്യേഴ്‌സ്. കപ്പുയര്‍ത്താന്‍ സാധിച്ചില്ലെങ്കിലും ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയുടേയും ഡിവില്യേഴ്‌സിന്റെ പ്രകടനം എന്നും ഓര്‍ക്കപ്പെടുന്നതാണ്. കഴിഞ്ഞ ലോകകപ്പില്‍ വിന്‍ഡീസിനെതിരെ 66 പന്തില്‍ നേടിയ 162 റണ്‍സ് ക്രിക്കറ്റ് പ്രേമികള്‍ മറക്കാനിടയില്ല. മെയ് 30 ന് ലോകം വീണ്ടും ഒരു കപ്പിന് പിന്നാലെ ഇറങ്ങുമ്പോള്‍ ഡിവില്യേഴ്‌സ് എന്ന താരത്തെ മറക്കാനാകില്ല.

എന്നാല്‍ ഡിവില്യേഴ്‌സിനെ 2023 ല്‍ കാണാന്‍ ചിലപ്പോള്‍ സാധിച്ചേക്കും. പ്രശസ്ത സ്‌പോര്‍ട്‌സ് അവതാരകനായ ഗൗരവ്വ് കപൂറിന്റെ ബ്രേക്ക് ഫാസ്റ്റ് വിത്ത് ചാമ്പ്യന്‍സ് പരുപാടിയിലാണ് താരം രസകരമായ തുറന്നു പറച്ചില്‍ നടത്തിയത്. 2023 ല്‍ പറ്റുമെങ്കില്‍ ഒരു കൈ നോക്കുമെന്നാണ് ഡിവില്യേഴ്‌സ് പറയുന്നത്. പക്ഷെ അതിന് എബിഡി ഒരു നിബന്ധന മുന്നോട്ട് വയ്ക്കുന്നുണ്ട്.

അഭിമുഖത്തിനിടെ തമാശയ്‌ക്കെന്നോണമാണ് ഗൗരവ്വ് ഡിവില്യേഴ്‌സിനോട് 2023 ലോകകപ്പ് കളിക്കാന്‍ ഉണ്ടാകുമോ എന്ന് ചോദിച്ചത്. കളിക്കാന്‍ തയ്യാറാണെന്ന് പറഞ്ഞ ഡിവില്യേഴ്‌സ് പക്ഷെ ധോണി കളിക്കാനുണ്ടെങ്കില്‍ മാത്രമെന്നും പറഞ്ഞു.

”2023 ആകുമ്പോള്‍ എനിക്കെത്ര വയസാകും? 39. ഞാന്‍ തിരികെ വരും, പക്ഷെ അന്നും ധോണി കളിക്കുന്നുണ്ടാകണം. നല്ല രീതിയിലാണെങ്കില്‍ ഒന്നും പറയാനാകില്ല. 2019 ലോകകപ്പ് കളിക്കണമെന്ന് നല്ല ആഗ്രഹമുണ്ടായിരുന്നു. പക്ഷെ ഞാന്‍ വിരമിച്ചു” താരം പറഞ്ഞു. താനെന്നും ടീമിനാണ് പ്രാധാന്യം നല്‍കിയതെന്നും അതുകൊണ്ട് വിരമിച്ചതെന്നും താരം പറഞ്ഞു. 15 വര്‍ഷം കളിച്ചതിന്റെ സമ്മര്‍ദ്ദവും വിരമിക്കലിന് കാരണമായതായി അദ്ദേഹം പറഞ്ഞു.

”ഞാനെന്നും ടീമിനെ കുറിച്ചാണ് ചിന്തിച്ചത്. എന്നെ കുറിച്ചായിരുന്നില്ല. പക്ഷെ എന്നെ കുറിച്ച് മാത്രം ആലോചിച്ച് തീരുമാനം എടുക്കേണ്ടിയിരുന്നു. അതിന് ഒരുപാട് കാരണങ്ങളുണ്ട്. കുടുംബം ഒരു പ്രധാന കാരണമായിരുന്നു. 15 കൊല്ലം ദീര്‍ഘമായി കളിച്ചതിന്റെ സമ്മര്‍ദ്ദം. ഞാന്‍ മടുത്തിരുന്നു. തിരക്കും സമ്മര്‍ദ്ദവുമായിരുന്നു” താരം വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook