ഡർബൻ: ദക്ഷിണാഫ്രിക്കയുടെ ഏകദിന ടീമിന്റെ നായകസ്ഥാനം എബി ഡിവില്ലിയേഴ്സ് ഒഴിഞ്ഞു. ക്യാപ്റ്റൻ സ്ഥാനം രാജിവെച്ചതായി ഡിവില്ലിയേഴ്സ് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡിനെ അറിയിച്ചു. നായകസ്ഥാനം ഒഴിഞ്ഞെങ്കിലും ക്രിക്കറ്റിൽ തുടരുമെന്നും എല്ലാ ഫോർമാറ്റിലും കളിക്കാൻ തയ്യാറാണെന്നും ഡിവില്ലിയേഴ്സ് വ്യക്തമാക്കിയിട്ടുണ്ട്. 103 മത്സരങ്ങളിലാണ് ആരാധകരുടെ പ്രിയ താരമായ ഡിവില്ലിയേഴ്സസ് ദക്ഷിണാഫ്രിക്കയെ നയിച്ചത്.

പരിക്കിനേ തുടർന്ന് വിശ്രമത്തിലായിരുന്ന ഡിവില്ലിയേഴ്സ് ഉടൻ തിരിച്ചെത്തുമെന്നും മാധ്യമങ്ങളോട് പ്രതികരിച്ചു. കഴിഞ്ഞ കുറേ​ വർഷങ്ങളായി ഒരുപാട് ഉത്തരവാദിത്തങ്ങളാണ് ഏറ്റെടുത്തത് , ശാരീരികമായും,മാനസീകമായും താൻ ക്ഷീണിച്ച് കഴിഞ്ഞെന്നും ഡിവില്ലിയേഴ്സ് പ്രതികരിച്ചു. തന്റെ ക്രിക്കറ്റ് കരിയർ പെട്ടെന്ന് അവസാനിക്കാതിരിക്കനാണ് ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറി നിൽക്കുന്നതെന്നും ഡിവില്ലിയേഴ്സ് വ്യക്തമാക്കി. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കളിക്കാൻ കഴിഞ്ഞതാണ് തന്റെ ഏറ്റവും വലിയ ഭാഗ്യമെന്നും താരം പ്രതികരിച്ചു.

6 വർഷമായി ഡിവില്ലിയേഴ്സാണ് ദക്ഷിണാഫ്രിക്കയുടെ ഏകദിന ടീമിനെ നയിക്കുന്നത്. ട്വന്രി-20 ടീമിനെയും, ടെസ്റ്റ് ടീമിനെയും നയിക്കുന്ന ഫാഫ് ഡുപ്ലീസി മികച്ച നായകനാണെന്നും ഏകദിന ടീമിനെ നയിക്കാൻ അദ്ദേഹം പ്രാപ്തനാണെന്നും ഡിവില്ലിയേഴ്സ് പ്രതികരിച്ചു. പുതിയ നായകനായി തിരഞ്ഞെടുക്കുന്ന താരത്തിന് തന്റെ എല്ലാ വിധ പിന്തുണയും ഉണ്ടാകുമെന്നും ഡിവില്ലിയേഴ്സ് പ്രതികരിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ