വിരാട് കോഹ്‌ലിയും താനും വ്യത്യസ്‌ത ശൈലികളുള്ള ബാറ്റ്‌സ്‌മാൻമാർ ആണെന്ന് ദക്ഷിണാഫ്രിക്കൻ താരം എബി ഡിവില്ലിയേഴ്‌സ്. ഇരുവർക്കും വ്യത്യസ്‌ത ശൈലികൾ ആയതിനാൽ തങ്ങൾ ഒരുമിച്ച് ബാറ്റ് ചെയ്യുമ്പോൾ മികച്ച കോമ്പിനേഷൻ ആണെന്നും ഡിവില്ലിയേഴ്‌സ് പറഞ്ഞു. ‘ക്രിക്‌ബസ്’ ഓൺലൈൻ ചാറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“വ്യത്യസ്‌ത ബോളർമാർക്കെതിരെയാണ് ഞങ്ങൾ കളിക്കുന്നത്. വ്യക്തിപരമായി വളരെ നേരത്തെ തന്നെ ബോളർമാരെ ആക്രമിച്ചു കളിക്കാനാണ് ഞാൻ ശ്രമിക്കുക. നമ്മുടെ ബലഹീനത തുടക്കത്തിൽ തന്നെ പ്രകടമാക്കാൻ എനിക്ക് താൽപര്യമില്ല. അതുകൊണ്ട് തന്നെയാണ് തുടക്കം മുതലേ ആക്രമിച്ചു കളിക്കാൻ ശ്രമിക്കുന്നത്. അഞ്ച് ഓവറിലധികം ഞാൻ ബാറ്റ് ചെയ്‌താൽ പ്രശ്‌നം ഗുരുതരമാണെന്ന് ബോളർമാർക്ക് തോന്നണം. അതിനുവേണ്ടിയാണ് ഞാൻ തുടക്കം മുതലേ ആക്രമിച്ചു കളിക്കുന്നത്,” ഡിവില്ലിയേഴ്‌സ് പറഞ്ഞു.

Read Also: സുശാന്തുമായി വീണ്ടും ഒന്നിക്കുമോ? ചിരിച്ചു കൊണ്ട് അങ്കിത നൽകിയ മറുപടി

“എന്നാൽ, കോഹ്‌ലി എന്നെ പോലെ അല്ല. കൂടുതൽ വിശ്വസനീയമായ രീതിയിൽ നന്നായി ശ്രദ്ധിച്ച് ബാറ്റ് ചെയ്യുന്ന താരമാണ് വിരാട്. 15 ഓവർ എങ്കിലും ബാറ്റ് ചെയ്യണമെന്ന് ആഗ്രഹിക്കുന്ന താരമാണ് അദ്ദേഹം. ഞങ്ങൾ രണ്ടുപേരും ചേർന്ന് കളിക്കുമ്പോൾ വളരെ രസകരമാണ്. ഞാൻ ആക്രമിച്ച് കളിക്കുകയും കോഹ്‌ലി കൂടുതൽ ശ്രദ്ധയോടെ ബാറ്റ് വീശുകയും ചെയ്യും. ഇത് കൂടുതൽ ആത്മവിശ്വാസം നൽകുന്നു. ഞങ്ങൾ രണ്ട് പേരും ചേർന്നാൽ അതൊരു മികച്ച കോമ്പിനേഷൻ ആണ്,” ഡിവില്ലിയേഴ്‌സ് പറഞ്ഞു.

ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ടീം താരങ്ങളാണ് ഇരുവരും. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ മറ്റുള്ളവരെ സഹായിക്കാൻ തങ്ങളുടെ ജഴ്‌സിയും ബാറ്റും ലേലത്തിൽ വയ്‌ക്കാൻ തീരുമാനിച്ചിരിക്കുകയാണ് ഇരുവരും. 2016 ലെ ഐപിഎൽ സീസണിൽ ഗുജറാത്ത് ലയൺസിനെതിരായ മത്സരത്തിൽ ഇരുവരും ചേർന്ന് 226 റൺസിന്റെ പാട്‌ണർഷിപ്പ് സ്വന്തമാക്കിയിരുന്നു. ഈ മത്സരത്തിലെ ബാറ്റും ഹെൽമറ്റും പാവപ്പെട്ടവരെ സഹായിക്കുന്നതിനുവേണ്ടി ലേലത്തിൽ വയ്‌ക്കുകയാണ് കോഹ്‌ലിയും ഡിവില്ലിയേഴ്‌സും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook