മാഞ്ചസ്റ്റര്‍: ഒടുവില്‍ വെളിപ്പെടുത്തലുമായി എബി ഡിവില്യേഴ്‌സ്. താന്‍ ലോകകപ്പില്‍ കളിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നുവെന്ന വാര്‍ത്തകളോട് പ്രതികരിച്ച് ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം. എന്നാല്‍ റിപ്പോര്‍ട്ടുകളില്‍ പറയുന്നത് പോലെയല്ല കാര്യങ്ങളെന്നാണ് താരം പറയുന്നത്.

ഫാഫ് ഡുപ്ലെസിസുമായി നടന്ന സംസാരത്തില്‍ താന്‍ പറഞ്ഞത് ആവശ്യമെങ്കില്‍ താന്‍ കളിക്കാമെന്ന് മാത്രമാണെന്നും അല്ലാതെ കളിക്കണമെന്ന് പറഞ്ഞിട്ടില്ലെന്നുമാണ് നീണ്ട പോസ്റ്റില്‍ ഡിവില്യേഴ്‌സ് പറയുന്നത്.

”ലോകകപ്പിന് തൊട്ട് മുമ്പ് ടീമില്‍ കയറാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല. ടീമില്‍ ഉള്‍പ്പെടുമെന്ന് പ്രതീക്ഷിച്ചിട്ടില്ല. എന്റെ ഭാഗത്തു നിന്നുമൊരു നീക്കവുമുണ്ടായിട്ടില്ല. അനീതിയുണ്ടായിട്ടില്ല” താരം പറയുന്നു. ഇന്ത്യയ്‌ക്കെതിരായ മത്സരം തോറ്റതിന് പിന്നാലെയാണ് തങ്ങളുടെ സ്വകാര്യ ചര്‍ച്ചയിലെ ഭാഗങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തപ്പെട്ടതെന്നും അത് തന്നെ പ്രതിസന്ധിയിലാക്കിയെന്നും താരം പറയുന്നു.

”സംഭവം ഞാനോ ഞാനുമായി ബന്ധപ്പെട്ടവരോ ഡുപ്ലെസിസോ അല്ല ചോര്‍ത്തിയത്. വിമര്‍ശനങ്ങളെ ആര്‍ക്കോ തിരിച്ചു വിടേണ്ടതുണ്ടായിരുന്നു. എനിക്കറിയില്ല. അതിന്റെ ഫലമായി ഞാന്‍ അഹങ്കാരിയും സ്വാര്‍ത്ഥനുമായി. പക്ഷെ എന്റെ നിലപാട് വ്യക്തമായിരുന്നു. ആത്മാര്‍ത്ഥമായ കാരണങ്ങളാലാണ് ഞാന്‍ വിരമിച്ചത്. എന്നോട് ലോകകപ്പിന് ആവശ്യം വന്നാല്‍ ഉണ്ടാകുമോ എന്നു ചോദിച്ചു, വാതില്‍ തുറന്നിടുമെന്ന് പറഞ്ഞു.” താരം വെളിപ്പെടുത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook