ചൂടേറിയ ചർച്ചകൾക്ക് തുടക്കമിട്ട് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും കിങ്സ് ഇലവൻ പഞ്ചാബും തമ്മിൽ നടക്കുന്ന ഐപിഎൽ മത്സരം. ആർസിബിയുടെ സൂപ്പർ താരം എബി ഡി വില്ലിയേഴ്സിനെ ബാറ്റിങ് ഓർഡറിൽ താഴേക്ക് ഇറക്കിയതാണ് ക്രിക്കറ്റ് ലോകം ചർച്ച ചെയ്യുന്നത്. ആർസിബി നായകൻ വിരാട് കോഹ്ലിക്ക് സോഷ്യൽ മീഡിയയിൽ നിരവധി വിമർശനങ്ങൾ കേൾക്കേണ്ടിവന്നു.
ഇന്നത്തെ മത്സരത്തിൽ ആറാമനായാണ് ഡി വില്ലിയേഴ്സ് കളത്തിലിറങ്ങിയത്. കഴിഞ്ഞ കളിയിൽ 33 പന്തിൽ നിന്ന് 73 റൺസ് നേടിയ താരമാണ് ഡി വില്ലിയേഴ്സ്. ഡി വില്ലിയേഴ്സിനെ ഹോൾഡ് ചെയ്തത് എന്തിനെന്ന് വ്യക്തമല്ല. ആർസിബിയിൽ സാധാരണ നാലാമനായാണ് താരം ക്രീസിലെത്തുന്നത്. ഇത്തവണ കോഹ്ലി മൂന്നാമനായി ഇറങ്ങിയപ്പോൾ നാലാമനായി ക്രീസിലെത്തിയത് വാഷിങ്ടൺ സുന്ദർ. അഞ്ചാമനായെങ്കിലും ഡി വില്ലിയേഴ്സ് ക്രീസിലെത്തുമെന്ന് വിശ്വസിച്ച ആരാധകർ വീണ്ടും ഞെട്ടി സുന്ദർ പുറത്തായശേഷം അഞ്ചാമനായി ക്രീസിലെത്തിയത് ശിവം ദുബെയായിരുന്നു.
Read Also: കോഹ്ലിയെയും ഡി വില്ലിയേഴ്സിനെയും ഐപിഎല്ലിൽ നിന്നു ‘വിലക്കണം’; കാരണം വ്യക്തമാക്കി കെ.എൽ.രാഹുൽ
നാല്, അഞ്ച് ബാറ്റിങ് പൊസിഷനിൽ എത്തിയ സുന്ദറിനും ദുബെയ്ക്കും കാര്യമായ നേട്ടങ്ങൾ ഉണ്ടാക്കാൻ സാധിച്ചില്ല എന്നതും ആരാധകരെ നിരാശപ്പെടുത്തു. ഇരുവരും ചേർന്ന് ആകെ നേടിയത് 33 പന്തിൽ 36 റൺസാണ്. ആറാമനായി ഡി വില്ലിയേഴ്സ് ക്രീസിലെത്തുമ്പോൾ ആറ് ഓവറിൽ താഴെ മാത്രമേ അവശേഷിക്കുന്നുണ്ടായിരുന്നുള്ളൂ.
ആറാമനായി ക്രീസിലെത്തിയ ഡി വില്ലിയേഴ്സ് അഞ്ച് പന്തിൽ നിന്ന് രണ്ട് റൺസ് മാത്രം നേടി പുറത്തായി. ലെഗ്-സ്പിന്നിനെതിരെ മോശം റെക്കോർഡ് ഉള്ളതിനാലാണ് ഡി വില്ലിയേഴ്സിനെ ബാറ്റിങ് ഓർഡറിൽ താഴേക്ക് ഇറക്കിയതെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. 2018 മുതലുള്ള കാലയളവിൽ ലെഗ് സ്പിന്നിനെതിരെ കളിക്കുമ്പോൾ ഡി വില്ലിയേഴ്സിന്റെ വിക്കറ്റ് അതിവേഗം നഷ്ടമായിട്ടുണ്ട്. ഇത് പരിഗണിച്ചാണ് അദ്ദേഹത്തെ ബാറ്റിങ് ഓർഡറിൽ താഴേക്ക് ഇറക്കി പരീക്ഷിച്ചതെന്നാണ് ഒരു വിഭാഗം വാദിക്കുന്നത്. നാല്, അഞ്ച് പൊസിഷനിൽ ബാറ്റ് ചെയ്യാൻ എത്തിയ സുന്ദറും ദുബെയും ഇടംകയ്യൻമാരാണ്. ലെഗ് സ്പിന്നിനെ നന്നായി കളിക്കാൻ ഇടംകയ്യൻമാർക്ക് സാധിക്കുമെന്ന കണക്കുകൂട്ടലാണ് ഇതിനു പിന്നില്ലെന്നും സോഷ്യൽ മീഡിയയിൽ പലരും പറയുന്നു.
If it was the match-up of AB vs leg spin that caused him to come down at no 6, then Murugan Ashwin and Ravi Bishnoi must strut around for the rest of their cricket career, tell their relatives we were the reason the great AB didn’t come out to bat!
— Harsha Bhogle (@bhogleharsha) October 15, 2020
ഹർഷ ഭോഗ്ലെ അടക്കമുള്ളവർ ഡി വില്ലിയേഴ്സിനെ ആറാമനായി ഇറക്കിയ നടപടിയെ പരിഹസിച്ച് രംഗത്തെത്തി.