ക്രിക്കറ്റിലെന്നല്ല എല്ലാ സ്‌പോര്‍ട്‌സിലും ആരാധകര്‍ പ്രിയപ്പെട്ട താരങ്ങളെ സ്‌നേഹത്തോടെ ചെല്ലപ്പേരിട്ട് വിളിക്കാറുണ്ട്. രാജ്യാന്തര മത്സരങ്ങളില്‍ നിന്നും വിരമിച്ച എബി ഡിവില്ലിയേഴ്‌സിനെ മിസ്റ്റര്‍ 360 എന്നാണ് വിളിക്കാറുണ്ട്. മറ്റ് താരങ്ങള്‍ക്ക് പലപ്പോഴും ചെല്ലപ്പേര് അതിശയോക്തി നിറഞ്ഞതാകുമ്പോള്‍ ഡിവില്ലിയേഴ്‌സിന് ഇതിലും മികച്ചൊരു പേരിടാനാകില്ലെന്നതാണ് വാസ്തവം. തന്റെ പേര് അന്വര്‍ത്ഥമാക്കും വിധം ഗ്രൗണ്ടിലെ ഏത് ദിശയിലേക്കും ഏത് കോണിലേക്കും അനായാസം ഷോട്ടുകള്‍ പായിക്കാന്‍ എബി ഡിവില്ലിയേഴ്‌സിന് സാധിക്കും.
സംശയമുള്ളവര്‍ ഇന്നലെ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ നടന്ന മത്സരത്തിന്റെ വീഡിയോ കണ്ടാല്‍ മതി. വിരമിച്ചെങ്കിലും താനിപ്പോഴും അതേ എബി ഡിവില്ലിയേഴ്‌സ് തന്നെയാണെന്ന് വിളിച്ചു പറയുന്നതായിരുന്നു ആ ഷോട്ട്. പിഎസ്എല്ലില്‍ ലാഹോര്‍ ടീമിന്റെ താരമാണ് എബി. മുള്‍ട്ടാന്‍ സുല്‍ത്താന്‍സിന്റെ ജുനൈദ് ഖാന്‍ എറിഞ്ഞ 18-ാം ഓവറിലാണ് ഡിവില്ലിയേഴ്‌സ് വ്യത്യസ്തമായൊരു സ്‌കൂപ്പിലൂടെ സിക്‌സ് നേടിയത്. വീഡിയോ കണ്ടവരെല്ലാം ചോദിക്കുന്നത് ഒരേ ചോദ്യമാണ്. ‘നിങ്ങളെന്തിനാ വിരമിച്ചത്?’.
#ABdeVilliers
Great and best Six in #PSL2019 History pic.twitter.com/gE0XM8ZgzD— Atif Mehboob (@AtifMeh11838876) February 22, 2019
മത്സരത്തില്‍ 29 പന്തുകളില്‍ നിന്നും 52 റണ്‍സുമായി വെടിക്കെട്ട് പ്രകടനം നടത്തിയാണ് ഡിവില്ലിയേഴ്‌സ് ലാഹോറിനെ വിജയത്തിലേക്ക് നയിച്ചത്. അവസാന പന്തുവരെ നീണ്ട കളിയില്‍ ആറ് വിക്കറ്റിനായിരുന്നു ലാഹോറിന്റെ വിജയം. 20 പന്തുകളില്‍ 45 റണ്‍സുമായി മറ്റൊരു ദക്ഷിണാഫ്രിക്കന്‍ താരമായ ഡേവിഡ് വീസും മികച്ച പിന്തുണ നല്‍കി. അഞ്ചാം വിക്കറ്റില്‍ 96 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. നേരത്തെ ബാറ്റ് ചെയ്ത മുള്‍ട്ടാന്‍ ടീം 200 റണ്‍സ നേടിയിരുന്നു.