ഹരാരെ: ഇംഗ്ലണ്ടില്‍ നിന്നും ഏറ്റുവാങ്ങിയത് ദുര്‍ബലരായ സിംബാബ്വെയ്ക്ക് തിരിച്ചു നല്കി ഓസ്ട്രേലിയ. നായകന് ആരോണ്‍ ഫിഞ്ചിന്റെ റെക്കോര്‍ഡ് സെഞ്ചുറിയുടെ മികവില്‍ സിംബാബ്വെയെ ഓസ്ട്രേലിയ പഞ്ഞിക്കിടുകയായിരുന്നു. ട്വന്റി-20യിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറിന്റെ സ്വന്തം റെക്കോര്‍ഡ് തന്നെ തിരുത്തിക്കുറിച്ചാണ് ഫിഞ്ച് ഇന്നിങ്സ് അവസാനിപ്പിച്ചത്.
2013 ല്‍ ഇംഗ്ലണ്ടിനെതിരെ നേടിയ 156 റണ്‍സിന്റെ റെക്കോര്‍ഡ് മറികടന്ന ഫിഞ്ച് 76 പന്തില്‍ നിന്നും 172 റണ്‍സാണ് സിംബാബ്വെയ്ക്കെതിരെ നേടിയത്. 16 ഫോറും 10 സിക്സുമുള്‍പ്പെടുന്നതായിരുന്നു ഫിഞ്ചിന്റെ ഇന്നിങ്സ്. 226.32 സ്ട്രൈക്ക് റേറ്റിലായിരുന്നു ഓസീസ് നായകന് കത്തിക്കയറിയത്. ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയതിന്റെ റെക്കോർഡ് ഇപ്പോഴും ക്രിസ് ഗെയിലിന്റെ പേരിലാണ്. ഗെയില്‍ 175 റണ്‍സാണ് നേടിയത്.
സഹതാരം ഡാര്‍സി ഷോട്ടുമൊത്ത് റെക്കോര്‍ഡ് ഓപ്പണിങ് കൂട്ടുകെട്ടും ഫിഞ്ച് കുറിച്ചു. ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ നേടിയത് 223 റണ്‍സാണ്. ഓസീസ് താരങ്ങളായ മാര്ട്ടിന് ഗുപ്റ്റിലിന്റേയും കെയ്ന്‍ വില്യംസണിന്റേയും 171 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പാണ് ഇരുവരും തകര്‍ത്തത്. 2016 ല്‍ പാക്കിസ്ഥാനെതിരെയായിരുന്നു കിവിസ് താരങ്ങളുടെ റെക്കോര്‍ഡ് പ്രകടനം.
ഫിഞ്ചിന്റെ വെടിക്കെട്ട് പ്രകടനം സിംബാബ്വെയ്ക്കെതിരെ ഓസ്ട്രേലിയയ്ക്ക് നേടിക്കൊടുത്തത് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 229 റണ്‍സാണ്. പന്തുകളുടെ എണ്ണത്തില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ പാര്‍ട്ണര്‍ഷിപ്പെന്ന റെക്കോര്‍ഡും ഇനി ഓസീസ് ഓപ്പണര്‍മാര്‍ക്ക് സ്വന്തമാണ്. അതേസമയം, ഒരു ട്വന്റി-20 ഇന്നിങ്സില്‍ ടീം സ്കോറിന്റെ ഏറ്റവും കൂടുതല്‍ ശതമാനം റണ്‍സു നേടുന്ന താരമെന്ന റെക്കോര്‍ഡും ഫിഞ്ച് നേടിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം പാകിസ്ഥാനെതിരായ മൽസരത്തിലും ഫിഞ്ച് തിളങ്ങിയിരുന്നു.33 പന്തില്‍ നിന്നും 68 റണ്‍സാണ് ഫിഞ്ച് എടുത്തത്. മൽസരത്തില്‍ ഒമ്പത് വിക്കറ്റിനായിരുന്നു ഓസ്ട്രേലിയയുടെ ജയം. ഇന്നും ജയിച്ചാല്‍ ത്രിരാഷ്ട്ര പരമ്പരയില്‍ ഓസ്ട്രേലിയ മേല്‍ക്കൈ നേടും.