മഞ്ഞിലൂടെയുള്ള കായിക മൽസരങ്ങളിൽ ഇന്ത്യൻ താരങ്ങളുടെ പ്രകടനം വെറും കടലാസിൽ മാത്രം ഒതുങ്ങിയിരുന്ന കാലം കഴിഞ്ഞു. വിന്റർ ഒളിമ്പിക്സ് ഇനമായ സ്ക്കൈയിങ്ങിൽ ഒരു അന്താരാഷ്ട്ര മെഡൽ സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യൻ വനിത താരം. തുർക്കിയിൽ നടന്ന ലോക സ്ക്കൈയിങ് ചാമ്പ്യൻഷിപ്പിൽ വെങ്കലമെഡൽ നേടിക്കൊണ്ടാണ് ഇന്ത്യൻ വനിതാ താരം ചരിത്രം എഴുതിയത്. മണാലി സ്വദേശിനി അഞ്ചൽ താക്കൂറാണ് ഇന്ത്യൻ പ്രശസ്തി വാനോളം ഉയർത്തിയത്.

ഇത് ആദ്യമായാണ് ഒരു ഇന്ത്യൻ താരം വിന്റർ ഒളിമ്പിക്സ് ഇനത്തിൽ അന്താരാഷ്ട്ര മെഡൽ സ്വന്തമാക്കുന്നത്. സ്ക്കൈയിങ്ങിലെ സ്ലാലോം ഇനത്തിലാണ് ഇന്ത്യൻ താരത്തിന്റെ നേട്ടം. മണാലിയിലാണ് അഞ്ചൽ പരിശീലനം നടത്തിയിരുന്നത്. വിന്റർ ഗെയിംസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സെക്രട്ടറിയായ റോഷൻ താക്കൂറിന്റെ മകളാണ് അഞ്ചൽ താക്കൂർ.

ഇന്ത്യൻ കായിക രംഗത്തിന് വിപ്ലവകരമായൊരു സംഭാവനയാണ് അഞ്ചൽ നൽകിയതെന്ന് പിതാവ് റോഷൻ താക്കൂർ പറഞ്ഞു. 2018ൽ കൊറിയയിൽവച്ച് നടക്കുന്ന വിന്റർ ഒളിമ്പിക്സിൽ ഇന്ത്യക്കായി അഞ്ചൽ മെഡൽ നേടുമെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ