നിലവിലെ ബിസിസിഐ പ്രസിഡന്റിന്റായ സൗരവ് ഗാംഗുലിയുടെ കഠിനാധ്വാനമാണ് ധോണിയുടെ ഐസിസി ലോകകപ്പും ചാംപ്യൻസ് ട്രോഫിയും നേടാനും ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാമതും ഉൾപ്പടെയുള്ള നേട്ടങ്ങളിലേക്ക് നയിച്ചതെന്ന മുൻതാരം ഗംഭീറിന്റെ വാദത്തിന് മറുപടിയുമായി ആകാശ് ചോപ്ര. സൗരവ് ഗാംഗുലി സ്ഥാനമൊഴിയുന്ന സമയത്ത് മികച്ച താരങ്ങൾ ഉൾപ്പെടുന്ന ശക്തമായ ടീമിനെയാണ് പിന്നാലെ എത്തിയ ധോണിക്ക് കൈമാറിയതെങ്കിലും, ധോണിക്ക് അത്തരത്തിലൊരു ടീമിനെ നിലവിലെ നായകൻ കോഹ്‌ലിക്ക് നൽകാൻ സാധിച്ചില്ലെന്നും ഗംഭീർ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ ധോണിക്കു കീഴിൽ കളിച്ചു തെളിഞ്ഞവരാണ് ഇപ്പോൾ കോഹ്‌ലിക്കൊപ്പമുള്ളതെന്ന് ആകാശ് ചോപ്ര വ്യക്തമാക്കി.

സുരേഷ് റെയ്ന, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി, രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ, ഇഷാന്ത് ശർമ, ശിഖർ ധവാൻ, അജിൻക്യ രഹാനെ, ഹാർദിക് പാണ്ഡ്യ, യുസ്‌വേന്ദ്ര ചെഹൽ, ജസ്പ്രീത് ബുമ്ര എന്നീ താരങ്ങളുടെ പേര് എടുത്ത് പറഞ്ഞാണ് ഗംഭീറിന്റെ വാദങ്ങളെ ആകാശ് തള്ളി കളയുന്നത്. ധോണിയുടെ കീഴിൽനിന്ന് ഇപ്പോഴത്തെ ടീമിലേക്ക് എത്തിയ താരങ്ങളുടെ കൂട്ടത്തിൽ സാക്ഷാൽ കോഹ്‌ലിയുമുണ്ടെന്ന് ആകാശ് പറയുന്നു. ഇംഗ്ലണ്ട് പര്യടനത്തിൽ തീർത്തും പരാജയപ്പെട്ടുപോയ കോഹ്‌ലിയെ മറ്റേതെങ്കിലും നായകനായിരുന്നെങ്കിൽ തഴയുമായിരുന്നു. പക്ഷേ, ധോണി അദ്ദേഹത്തിനൊപ്പം ഉറച്ചുനിന്നെന്നും ആകാശ് കൂട്ടിച്ചേർത്തു.

Also Read: വീരുവിനെ പോലെയൊരു ഓപ്പണറെ ഇന്ത്യയ്ക്ക് ലഭിക്കാൻ കാരണം സച്ചിന്റെ ആ തീരുമാനം; വെളിപ്പെടുത്തലുമായി മുൻതാരം

‘ധോണി ഇതിഹാസ തുല്യനായ ക്യാപ്റ്റനാണെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. ഇന്ത്യൻ ക്രിക്കറ്റിലെ ഒരു തലമുറ മാറ്റത്തിന്റെ സമയത്താണ് ധോണി ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കുന്നത്. എത്ര പ്രയാസം നിറഞ്ഞ ഘട്ടമാണതെന്ന് നോക്കൂ. ഇതിഹാസതുല്യരായ താരങ്ങള്‍ നിറഞ്ഞ ഒരു ടീമിൽനിന്ന് സാധാരണക്കാരായ താരങ്ങൾ നിറഞ്ഞ ഒരു ടീമിലേക്കുള്ള മാറ്റത്തിന്റെ വഴിയിൽ. അന്നത്തെ സൂപ്പർതാരങ്ങളെല്ലാം പടിയിറങ്ങുമ്പോൾ ടീമിൽ യുവതാരങ്ങളെ ഉൾക്കൊള്ളിക്കുകയും വേണം, മുതിർന്ന താരങ്ങളുടെ വികാരം വ്രണപ്പെടാനും പാടില്ല എന്ന പ്രത്യേക അവസ്ഥയെ ധോണി വിദഗ്ധമായി കൈകാര്യം ചെയ്തില്ലേ?’ ചോപ്ര ചോദിക്കുന്നു.

Also Read: നോൺ സ്ട്രൈക്കിൽ നിന്ന് അദ്ദേഹം ആസൂത്രണം ചെയ്യുന്നത് നമ്മൾ പിന്തുടർന്നാൽ മതി; ധോണിയെക്കുറിച്ച് പന്ത്

കളി ജയിപ്പിക്കാൻ ശേഷിയില്ലാത്ത താരങ്ങളെയാണ് ധോണി കോലിക്ക് കൊടുത്തതെന്ന് പറഞ്ഞാൽ യോജിക്കാൻ പ്രയാസമാണെന്ന് പറഞ്ഞ ചോപ്ര ഏറ്റവും ഒടുവിൽ ബുമ്ര പോലും ടീമിൽ സ്ഥാനമുറപ്പിക്കുന്നത് ധോണി പടിയിറങ്ങുന്ന സമയത്താണെന്നും വ്യക്തമാക്കി. വെടിക്കെട്ട് താരം രോഹിത് ശർമയ്ക്ക് ബാറ്റിങ് ഓർഡറിൽ ഓപ്പണറാകാനും മികച്ച രീതിയിൽ തിളങ്ങാനും വഴിയൊരുക്കിയത് ധോണിയാണെന്നും ആകാശ് ചോപ്ര കൂട്ടിച്ചേർത്തു.

Also Read: ധോണിയുമായി ഒത്തുപോകാൻ സാധിക്കാത്ത ഒരാൾ ലോക ക്രിക്കറ്റിൽ ഉണ്ടാകുമെന്ന് തോന്നുന്നില്ല: സ്മിത്ത്

സച്ചിൻ (സച്ചിൻ), (വീരേന്ദർ) സെവാഗ്, ഞാൻ, യുവരാജ് (സിംഗ്), യൂസഫ് (പത്താൻ), വിരാട് (കോഹ്‌ലി) തുടങ്ങിയ കളിക്കാർ ഉണ്ടായിരുന്നതിനാൽ 2011 ലോകകപ്പ് ടീമിനെ ക്യാപ്റ്റൻ‌ ചെയ്യുന്നത് ധോണിക്ക് വളരെ എളുപ്പമായിരുന്നു. ഗാംഗുലിക്ക് അതിനായി വളരെയധികം പരിശ്രമിക്കേണ്ടിവന്നു, അതിന്റെ ഫലമായി ധോണി നിരവധി ട്രോഫികൾ നേടിയതെന്നായിരുന്നു ഗംഭീർ പറഞ്ഞത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook