കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിന് മുന്നോടിയായി 14 ദിവസത്തെ ക്വാറന്റൈൻ നിർബന്ധമാക്കിയതോടെ ഓസ്ട്രേലിയയിലേക്ക് ജംബോ ടീമിനെ അയക്കാൻ ഇന്ത്യ. 26 അംഗ ടീമിനെ അയക്കുന്നതാകും ഉചിതമെന്ന് സെലക്ടർ എംഎസ്കെ പ്രസാദ് പറഞ്ഞു. നിലവിൽ ഇംഗ്ലീഷ് പര്യടനം നടത്തുന്ന വെസ്റ്റ് ഇൻഡീസും ജംബോ ടീമിനെയാണ് അയച്ചത്.
സീനിയർ ടീമിനൊപ്പം ഇന്ത്യൻ എ ടീമിനെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള സംഘമായിരിക്കും ഓസ്ട്രേലിയൻ പര്യടനത്തിന് പോകുക. ഇത് ടീമിനും ഏറെ സഹായകമാകുമെന്ന് പ്രസാദ് അഭപ്രായപ്പെടുന്നു. മുതിർന്ന താരങ്ങൾക്കും മാനേജ്മെന്റിനും യുവതാരങ്ങളെ നിരീക്ഷിക്കാൻ അവസരം ലഭിക്കും.
Also Read: തിരിച്ചുവരവിനുള്ള വാതിൽ ഇനിയും ധോണിയുടെ മുന്നിൽ തുറന്ന് കിടക്കുന്നു
ഓസ്ട്രേലിയൻ പര്യടനത്തിനെത്തുന്ന ഇന്ത്യൻ താരങ്ങൾ അഡ്‌ലെയ്ഡിൽ ക്വാറന്റൈനിൽ കഴിയണമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ ആക്‌ടിങ് ചീഫ് നിക്ക് ഹോക്ക്‌ലി വ്യക്തമാക്കിയിരുന്നു. ക്രിക്കറ്റ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പരമ്പരയ്ക്ക് മുന്നോടിയായി താരങ്ങൾ ക്വാറന്റൈൻ നിർബന്ധമായും പൂർത്തിയാക്കണമെന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയ ആവശ്യപ്പെടുന്നത്.
Also Read: IPL 2020: ഇന്ത്യൻ പ്രീമിയർ ലീഗിന് സെപ്റ്റംബർ 19ന് തുടക്കമാകും, ഫൈനൽ നവംബർ 8ന്
ക്വാറന്റൈൻ കാലവാധി ഒരാഴ്‌ചയായി കുറയ്ക്കണമെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ക്രിക്കറ്റ് ഓസ്ട്രേലിയ ഈ ആവശ്യം തള്ളുകയായിരുന്നു. ഇത്രയും ദിവസം ഹോട്ടലിൽ കഴിയുന്നത് താരങ്ങളുടെ മാനസികാവസ്ഥയേയും കളിയുടെ നിലവാരത്തേയും ബാധിക്കുമെന്നായിരുന്നു ഗാംഗുലിയുടെ വാദം. അതേസമയം ക്വാറന്റൈൻ സമയത്ത് താരങ്ങൾക്ക് പരിശീലനത്തിനുള്ള സൗകര്യമൊരുക്കുമെന്നും ഹോക്ക്‌ലി വ്യക്തമാക്കി. അഡ്ലെയ്‌ഡ് ഓവലിൽ പരിശീലനവും അവിടെ പുതുതായി നിർമിച്ച ഹോട്ടലിൽ താമസ സൗകര്യവും ഒരുക്കാനാണ് ക്രിക്കറ്റ് ഓസ്ട്രേലിയ പദ്ധതിയിടുന്നത്.