സൈജു ടൈറ്റസ് എന്ന പുതുച്ചേരിക്കാരൻ സ്‍പോർട്സ് കട മുതലാളി ഒറ്റ ദിവസംകൊണ്ടാണ് പ്രെഫഷണൽ ക്രിക്കറ്ററായത്. പുതുച്ചേരി ക്രിക്കറ്റ് അസ്സോസിയേഷനാണ് സൈജുവിന് ഇങ്ങനൊരു അവസരം നൽകിയത്. ഇന്ത്യൻ ദേശീയ ടീം മുഖ്യ സെലക്ടറായ എം.എസ്.കെ.പ്രസാദ് ഉൾപ്പെടെയുള്ള കാണികളുടെ മുന്നിലായിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റം. ഡ്രെസിങ് റൂമിലാകട്ടെ ഇന്ത്യൻ താരങ്ങളായ അഭിഷേക് നായരും, പങ്കജ് സിങ്ങും.

പുറത്തുനിന്നുള്ള താരങ്ങളെ ഉൾപ്പെടുത്താൻ ബിസിസിഐ പുതുച്ചേരി ടീമിന് നൽകിയ പ്രത്യേക അലവൻസ് പിൻവലിച്ചതാണ് സൈജുവിനും മറ്റ് അഞ്ച് പേർക്കും തുണയായത്. ഇന്ത്യൻ എക്സ്പ്രസ്സ് വാർത്തയെ തുടർന്നായിരുന്നു ബിസിസിഐ തുക പിൻവലിച്ചത്. സൈജുവിന് പുറമെ വിഘ്നേശർ ശിവശങ്കർ, സാജു ചോത്തൻ, എ.എം.നാരായണൻ, മഹേന്ദിരൻ ചിന്നദുരൈ, രഞ്ചിത് ഭാസ്‍കരൻ എന്നിവർക്കാണ് പുതുച്ചേരി ക്രിക്കറ്റ് അസ്സോസിയേഷന്റെ ലോട്ടറി അടിച്ചത്.

പ്രാദേശിക ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന ഫോർമാറ്റിൽ കളിക്കുന്നത് മാത്രമായിരുന്നില്ല ഇവർ നേരിട്ട പ്രധാന വെല്ലുവിളി. പുതുച്ചേരിയിൽ നിന്നും ബെംഗളൂരു എത്തിയപ്പോഴേക്കും മുംബൈയ്ക്കുള്ള വിമാനം പറക്കാൻ തയ്യാറെടുത്തിരുന്നു, ഭാഗ്യത്തിനാണ് അവർക്ക് മുംബൈയിലെത്താൻ സാധിച്ചത്. ഭാഷയറിയാതെ മുംബൈയിൽനിന്ന് എങ്ങനൊക്കയോ ടാക്സി ബുക്ക് ചെയ്താണ് ഒടുവിൽ ബറോഡയിലെത്തിയത്. 24 മണിക്കൂറിൽ ഈ സാധാരണക്കാർ പിന്നിട്ടത് 2000 കിലോമീറ്ററും എത്തിപ്പെട്ടത് രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ക്രിക്കറ്റ് ടൂർണമെന്റിലുമാണ്.

“കനവ് നിനവാകിറത്” അങ്ങനെ തന്റെ സ്വപ്നം യാഥാർത്ഥ്യമായതിന്റെ സന്തോഷത്തിലാണ് താനെന്ന് സൈജു ഇന്ത്യൻ എക്സ്പ്രസ്സിനേട് പറഞ്ഞു. മത്സരം കഴിഞ്ഞപ്പോൾ ക്ഷീണം തോന്നിയില്ലെന്നും ഒരു വിജയ് ഹസ്സാരെ മത്സരം കളിക്കാനായതിന്റെ ആവേശത്തിലാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗ്രൗണ്ടിലെത്തുന്നത് വരെ താൻ കളിക്കാനാണ് പോകുന്നതെന്ന് അറിയില്ലായിരുന്നെന്നും സൈജു പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook