ബ്രസീലിയൻ ഫുട്ബോൾ ക്ലബ്ബായ വിറ്റോറിയയുടെ പുതിയ സ്പോൺസറായി ലൈംഗികത്തൊഴിലാളികളുടെ എസ്കോർട്ട് ഏജൻസി. എജൻസിയുടെ വെബ്‌സൈറ്റിൽ 20.5 ദശലക്ഷം പ്രതിമാസ സന്ദർശകരാണുള്ളത്. താരങ്ങളുടെ ജേഴ്‌സി സ്ലീവുകളാണ് ഇവർ സ്പോൺസർ ചെയ്യുന്നത്. സ്പോൺസർഷിപ്പ് ഉറപ്പാക്കുന്നതിലെ പ്രശ്നങ്ങൾ മൂലമാണ് പുതിയ കരാർ ഉണ്ടാക്കാനുള്ള അസാധാരണ തീരുമാനമെടുത്തതെന്നും ഇപ്പോൾ വേതനം നൽകാൻ കഴിയുമെന്നും ക്ലബ് അവകാശപ്പെടുന്നു
ഫേറ്റൽ മോഡൽ എന്ന ഏജൻസിയാണ് സ്പോൺസർഷിപ്പ് നടത്തുന്നത്. സ്ത്രീ ലൈംഗികത്തൊഴിലുമായി സ്പോൺസർഷിപ്പിനെ ബന്ധിപ്പിച്ച്, കരാറിനെ പരിഹസിക്കാൻ ശ്രമിച്ചാൽ ടെലിവിഷൻ ചാനലുകളെ പ്രോസിക്യൂട്ട് ചെയ്യുമെന്ന് ഏജൻസി പ്രതിനിധി നീന സാഗ് പറഞ്ഞു.
“ഫേറ്റൽ മോഡൽ ബ്രാൻഡിനെ ഇത് അഭിമാനപൂർവം അടയാളപ്പെടുത്തുന്നു. ഞങ്ങളുടെ മൂല്യങ്ങൾ മാന്യമായ രീതിയിൽ കൈമാറും. വിലക്കുകളെ തകർക്കുകയും ചെയ്യും. എസ്കോർട്ട് ജോലിക്കുള്ള പരിഗണനയും ശാക്തീകരണവും അന്തസ്സും ശക്തിപ്പെടുത്തുന്നതിൽ വിറ്റോറിയയുമായുള്ള കരാർ സഹായകമാകും,” നീന സാഗ് പറഞ്ഞു
ഏജൻസിയുടെ അഭിപ്രായത്തിന് അനുസൃതമായി ക്ലബ്ബും ഇതേക്കുറിച്ച് പ്രസ്താവന പുറത്തിറക്കി. “എല്ലാ പൗരന്മാരും ബഹുമാനത്തിനും സുരക്ഷയ്ക്കും അന്തസ്സിനും അർഹരാണ്… ഷർട്ടിന്റെ കൈകളിലെ (സ്ലീവ്) സ്പോൺസർഷിപ്പിന്, ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും അർത്ഥവത്തുമാണിത്,” ക്ലബ്ബിന്റെ പ്രസിഡന്റ് ഫാബിയോ മോട്ട പറഞ്ഞു. ”ഞങ്ങൾ സീരീസ് ബിയിലാണ്, ഞങ്ങൾക്ക് ടെലിവിഷൻ റൈറ്റ്സ് ക്വാട്ടയില്ല. സ്പോൺസർമാരെ ആശ്രയിച്ചാണ് ഞങ്ങളുടെ അതിജീവനം,” ഫാബിയോ മോട്ട പറഞ്ഞു
“വിപണിയിലെ പ്രൊഫഷണലുകളെ അഡൾട്ട് മാർക്കറ്റിങ്ങിനായി ശാക്തീകരിക്കുക, തൊഴിലിനെക്കുറിച്ചുള്ള പൊതുവെയുള്ള വിലക്കുകൾ ലംഘിക്കുക, സാങ്കേതികവിദ്യയിലൂടെ ഉപഭോക്താക്കളുമായി സമ്പർക്കം പുലർത്തുന്നതിന് ഫെസിലിറ്റേറ്റർ ആയി പ്രവർത്തിക്കുക” എന്നിവയാണ് ഫേറ്റൽ മോഡലിന്റെ സൈറ്റിൽ അവരുടെ ദൗത്യത്തെക്കുറിച്ച് പറയുന്നത്.