scorecardresearch

വല്യമ്മച്ചിയുടെ സ്നേഹവും ത്യാഗവും; എല്‍ദോസിന്റെ സ്വപ്നസാക്ഷാത്കാരത്തിന്റെ ഇന്ധനം

17.03 മീറ്റര്‍ ചാടിയാണ് മലയാളി താരം എല്‍ദോസ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ട്രിപ്പിള്‍ ജമ്പില്‍ ചരിത്രം സ്വര്‍ണം സ്വന്തമാക്കിയത്

വല്യമ്മച്ചിയുടെ സ്നേഹവും ത്യാഗവും; എല്‍ദോസിന്റെ സ്വപ്നസാക്ഷാത്കാരത്തിന്റെ ഇന്ധനം

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ട്രിപ്പിള്‍ ജമ്പില്‍ ചരിത്ര സ്വര്‍ണം നേടിയ എല്‍ദോസ് പോളിന്റെ ഏറ്റവും വലിയ ആരാധിക ആണ് വല്യമ്മയായ സാറാമ്മ. അമ്മയുടെ മരണത്തിന് ശേഷം എല്‍ദോസിനെ വളര്‍ന്നത് സാറാമ്മയുടെ തണലിലായിരുന്നു. എല്‍ദോസിന് എത്ര തിരക്കുണ്ടേലും ഒഴിവാക്കാത്ത ഒരു കാര്യമാണ് വല്യമ്മച്ചിയോടുള്ള സംസാരം, അതിപ്പോള്‍ ലോക ചാമ്പ്യന്‍ഷിപ്പിലും കോമണ്‍വെല്‍ത്തിലും പങ്കെടുക്കുകയാണെങ്കിലും.

മെഡല്‍ നേടിയോ എന്നല്ല സാറാമ്മ ആദ്യം അന്വേഷിക്കുക. എല്‍ദോസ് നന്നായി ഉറങ്ങിയോ, ഭക്ഷണം കഴിച്ചോ എന്നാണ്. കൊച്ചിക്കാരിയായ വെല്യമ്മച്ചി ഇല്ലായിരുന്നെങ്കില്‍ എല്‍ദോസിന്റെ യാത്ര ഇവിടെ വരെ എത്തില്ലായിരുന്നു.

“ഒരു അമ്മ ചെയ്യുന്നതെല്ലാം അവര്‍ എനിക്ക് വേണ്ടി ചെയ്തു. ഞങ്ങള്‍ വളരെ അടുപ്പത്തിലാണ്. അവരാണ് എന്നെ വളര്‍ത്തിയതും ജീവിതത്തിലെ മൂല്യങ്ങള്‍ പഠിപ്പിച്ചതും. അവരില്ലായിരുന്നെങ്കില്‍ ഇന്നു കാണുന്ന ഞാന്‍ ഉണ്ടാകുമായിരുന്നില്ല,” എല്‍ദോസ് ഫൈനലിന് മുന്നോടിയായി പറഞ്ഞു.

രണ്ടാം റൗണ്ട് കഴിയുമ്പോള്‍ നാലാം സ്ഥാനത്തായിരുന്നു എല്‍ദോസ്. 17.03 മീറ്റര്‍ ചാടിയാണ് ചരിത്ര മെഡല്‍ സ്വന്തമാക്കിയത്.

എല്‍ദോസിനെ മറ്റ് താരങ്ങളില്‍ നിന്ന് വ്യത്യസ്തനാക്കുന്നത് അതിവേഗം നിര്‍ദേശങ്ങള്‍ മനസിലാക്കാനും പ്രതീക്ഷ കൈവിടാതെ മികച്ച പ്രകടനം പുറത്തെടുക്കാനുമുള്ള കഴിവാണ്. നല്ല തുടക്കം ലഭിച്ചില്ലെങ്കിലും എല്‍ദോസ് തിരിച്ചുവരവ് നടത്തു. അതായിരുന്നു ഇന്ന് കളത്തില്‍ കണ്ടത്.

“മാനസിക സ്ഥിരത ഒരു വലിയ ശക്തിയാണ്. പിഴവ് സംഭവിച്ചാലും, അവൻ പരിഭ്രാന്തനാകില്ല. പെട്ടെന്ന് തന്നെ തിരുത്താനും തിരിച്ചുവരാനുള്ള കഴിവുണ്ട്,” എല്‍ദോസിന്റെ പരിശീലകൻ എം ഹരികൃഷ്ണൻ പറഞ്ഞു.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയാണ് എല്‍ദോസിന്റെ വളര്‍ച്ച. തുടക്ക കാലഘട്ടത്തില്‍ മതിയായ പരിശീലനം പോലുമില്ലായിരുന്നു. ട്രിപ്പിള്‍ ചമ്പിനായുള്ള ശാരീരിക ക്ഷമതയുടെ അഭാവവും താരത്തിനുണ്ടായിരുന്നു. പഠന കാലഘട്ടത്തിലും സര്‍വകലാശാല മത്സരങ്ങളില്‍ കോളജിന്റെ ആദ്യ പരിഗണന എല്‍ദോസിനായിരുന്നില്ല.

“കോളേജിലെ ആദ്യ വർഷത്തിൽ എനിക്ക് പോൾവോൾട്ടിലും യൂണിവേഴ്സിറ്റി തലത്തിൽ ക്രോസ് കൺട്രിയിലും പങ്കെടുക്കേണ്ടി വന്നു. കോതമംഗലത്തെ എം എ കോളേജിൽ എന്നെക്കാൾ മികച്ച രണ്ട് താരങ്ങളുണ്ടായിരുന്നു ട്രിപ്പിള്‍ ചമ്പില്‍. അതിനാൽ മറ്റ് ഇവന്റുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് നല്ലതെന്ന് ഞാൻ തീരുമാനിച്ചു. രണ്ടാം വർഷം, കോളേജ് ട്രയൽസിൽ ഞാൻ ട്രിപ്പിൾ ജമ്പിൽ ഒന്നാമതെത്തി, തുടർന്ന് സർവകലാശാല മത്സരത്തിലും അത് ആവര്‍ത്തിച്ചു,” എൽദോസ് പറഞ്ഞു.

എല്‍ദോസിന്റെ പിതാവ് കള്ള് ഷാപ്പ് ജീവനക്കാരനായിരുന്നു. എന്നാല്‍ ഇപ്പോള്‍ വിരമിച്ചു. അത്ലറ്റിക്സാണ് താരത്തിന്റെ കുടുംബത്തിന് ഉത്തേജകമായത്. നേവിയില്‍ ജോലി ലഭിച്ചതിന് ശേഷം ട്രിപ്പിള്‍ ജമ്പിലും മികച്ച കുതിപ്പ് നടത്താന്‍ താരത്തിനായി.

എല്‍ദോസിന്റെ ഏറ്റവും മികച്ച പ്രകടനം 16.58 മീറ്ററായിരുന്നു. ഈ വര്‍ഷം ആദ്യം നടന്ന ഫെ‍ഡറേഷന്‍ കപ്പില്‍ ഇത് 16.99 മീറ്ററായി ഉയര്‍ത്താന്‍ താരത്തിന് സാധിച്ചു. ലോക ചാമ്പ്യന്‍ഷിപ്പില്‍ 16.79 മീറ്റര്‍ ചാടി ഒന്‍പതാം സ്ഥാനമായിരുന്നു താരം നേടിയത്.

ഒരു ട്രിപ്പിള്‍ ചമ്പ് താരത്തിന് ആവശ്യമായ ഉയരമില്ലാതിരുന്നിട്ടും എല്‍ദോസിന്റെ പ്രകടനം വളരെ ശ്രദ്ധേയമാണെന്നാണ് പരിശീലകന്‍ പറയുന്നത്. ശാരീരിക ക്ഷമതയും ഓട്ടത്തിലെ വേഗതയും കൊണ്ടാണ് എല്‍ദോസ് പരിമിതിയെ മറികടക്കുന്നത്.

ലോക ചാമ്പ്യൻഷിപ്പ് ഫൈനലിൽ എത്തിയതിന് ശേഷമുള്ള എൽദോസിന് ലഭിച്ച മനോഭാവമാണ് ഇതിന് കാരണം. ഇന്ത്യൻ അത്‌ലറ്റുകൾക്ക് മികച്ച പ്രകടനം പുറത്തെടുത്താല്‍ മെഡൽ നേടാനാകുമെന്ന വിശ്വാസം എല്‍ദോസിനുണ്ടായി.

“ലോക വേദികളില്‍ മെഡലുകൾ നേടാനാവില്ല എന്നോരു ചിന്ത നമുക്കുണ്ടായിരുന്നു. എന്നാൽ അത് സത്യമല്ല. നമുക്ക് കഴിയുമെന്ന് ഞാൻ കരുതുന്നു. വിശ്വാസവും ശരിയായ മാർഗനിർദേശവും ആവശ്യമാണ്. തനിക്ക് ആ വിശ്വാസവും കഴിവും ഉണ്ടെന്ന് അദ്ദേഹം തെളിയിച്ചു,” ഹരികൃഷ്ണന്‍ വ്യക്തമാക്കി.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: A grandmothers love and sacrifice reasons behind triple jump gold medalist edlhose pauls success