ചെന്നൈ : നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട് മദ്രാസിലെ ക്രിക്കറ്റിന്. അതിന്‍റെ വേരുകള്‍ തേടിപോവുകയാണ് എങ്കില്‍ ഇന്ത്യന്‍ ചരിത്രത്തിലെ ആദ്യ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് ആയി രേഖപ്പെടുത്തിയിട്ടുള്ള 1864ല്‍ മദ്രാസും കല്‍ക്കത്തയും തമ്മില്‍ നടന്ന മത്സരം വരെയെങ്കിലും പോവേണ്ടിവരും. മദ്രാസില്‍ സിനിമയോളമോ സിനിമയെക്കാളുമോ ജനകീയമായ മറ്റെന്തെങ്കിലും ഉണ്ടെങ്കില്‍ അത് ക്രിക്കറ്റ് മാത്രമാണ്. ചെപ്പോക്കിലെ എം എ ചിദംബരം സ്റ്റേഡിയത്തിലെ അന്താരാഷ്‌ട്ര മത്സരങ്ങളില്‍ തുടങ്ങി ഓരോ തെരുവുകളിലും, ഓരോ ചുമരുകളിലും സ്റ്റമ്പുകള്‍ വച്ചുള്ള ഗല്ലി ക്രിക്കറ്റ് വരെ നീളുന്നതാണ് ചെന്നൈയിലെ ദൈനംദിന ക്രിക്കറ്റ് വ്യവഹാരങ്ങള്‍. അതിനാല്‍ തന്നെ ക്രിക്കറ്റിനെകുറിച്ച് തങ്ങളെയാരും പഠിപ്പിക്കേണ്ട എന്ന് ഓരോ ചെന്നൈകാരനും പറയുക തെല്ല് അഹങ്കാരത്തോടെ തന്നെയാണ് !

ഇന്ത്യാ-പാക് ടെസ്റ്റ്‌ പരമ്പര ആസ്പദമാക്കിയുള്ള ഡോക്യുമമെന്‍ററി

അതിനൊരുദാഹരണമാണ് 1999ലെ ഇന്ത്യാപാക് ടെസ്റ്റ്‌ പരമ്പര. ചരിത്രപരമായ ഒട്ടേറെ സവിശേഷതകളുണ്ട് ഈ പരമ്പരയ്ക്ക്. ഇന്ത്യന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ പാക്കിസ്ഥാന്‍ സന്ദര്‍ശനത്തിനു പിന്നാലെയാണ് ഇന്ത്യാ-പാക് ടെസ്റ്റ്‌ ക്രിക്കറ്റ് പരമ്പര നടക്കുന്നത്. ക്രിക്കറ്റിലെ ശക്തികളും ചിരവൈരികളുമായ രണ്ടു രാഷ്ട്രങ്ങള്‍ ഏതു സമയവും യുദ്ധത്തിലേക്ക് പോവുമെന്ന സ്ഥിതിവിശേഷം. ചുട്ടുപൊള്ളുന്ന രാഷ്ട്രീയസാഹചര്യത്തെ ആളികത്തിക്കാന്‍ ഒരു ചെറിയ തീപ്പൊരി മതിയാകുന്ന കാലം.

ടെസ്റ്റ്‌ പരമ്പരക്കായി ഇന്ത്യ സന്ദര്‍ശിക്കുന്ന പാക്കിസ്ഥാന്‍ ടീമിന്‍റെ ആദ്യകളി ചെന്നൈയിലെ ചിദംബരം സ്റ്റേഡിയത്തില്‍. രണ്ടാമത്തേത് ഡല്‍ഹി ഫിറോസ്‌ ഷാ കോട്‌ലായിൽ.മൊയീന്‍ ഖാന്‍, വസീം അക്രം, സയീദ്‌ അന്‍വര്‍,ഇന്‍സമാം ഉല്‍ ഹഖ്,വഖാര്‍ യൂനിസ്, യൂസഫ്‌ യുഹാന എന്നിവരടങ്ങിയ ശക്തമായ പാക് നിര. ഇപ്പുറത്ത്. സച്ചിന്‍, ദ്രാവിഡ്, ഗാംഗുലി,അസറുദ്ദീൻ, കുംബ്ലെ, ശ്രീനാഥ്,ലക്ഷ്മണ്‍. ഇരുരാജ്യങ്ങളുടേയും മികച്ചനിര എന്നും പറയാം.

ആദ്യ ടെസ്റ്റില്‍ ടോസ് നേടിയ പാക്കിസ്ഥാന്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുന്നു. ആദ്യ ഇന്നിങ്‌സിൽ  യൂസഫ്‌ യുഹാനയും മൊയീന്‍ ഖാനും അര്‍ദ്ധശതകങ്ങള്‍ നേടിയപ്പോള്‍ ബാക്കി പാക് താരങ്ങള്‍ ബാറ്റിങ്ങില്‍ പരാജയപ്പെട്ടു. അനില്‍ കുംബ്ലെയെന്ന സ്പിന്‍ മാന്ത്രികന്‍റെ ആറുവിക്കറ്റ് പ്രഭാവത്തില്‍ പാക്കിസ്ഥാനെ ഇന്ത്യ 238ല്‍ തളച്ചു. ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ 254നു എല്ലാവരും പുറത്തായി ! ഗംഗുലി 54ഉം ദ്രാവിഡ് 53റണ്‍സും നേടിയ ഇന്നിങ്‌സിൽ  സച്ചിന്‍ ഡക്ക് !  സഖ്‌ലൈൻ  മുഷ്‌താക്കിന് അഞ്ചുവിക്കറ്റ് നേട്ടവും.

രണ്ടാം ഇന്നിങ്‌സിൽ  ബാറ്റിങ് ആരംഭിച്ച പാക്കിസ്ഥാന്‍ ചെറുപ്പക്കാരന്‍ ഷാഹിദ് അഫ്രീദിയുടെ 141 റണ്‍സിന്‍റെ മികവില്‍ നില ചെറുതായൊന്ന് മെച്ചപ്പെടുത്തി. 286 റൺസിന് എല്ലാവരും പുറത്ത്.  രണ്ടാം ഇന്നിങ്‌സ്  അവസാന ദിവസത്തിലേക്ക് കടന്നപ്പോള്‍ ഇന്ത്യയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് 270 റണ്‍സ്. സഖ്‌ലൈൻ മുഷ്‌താക് എന്ന അപകടകാരിയായ ബോളറുടെ മുന്നില്‍ ഇന്ത്യന്‍ ബാറ്റിങ്ങിനു താളം പിഴച്ചു. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്ന ക്രിക്കറ്റ് ദൈവം അവസരത്തിനൊത്ത് ഉയര്‍ന്നപ്പോള്‍. വിശ്വസ്തനായ രാഹുല്‍ ദ്രാവിഡും ഗാംഗുലിയും വിവിഎസ് ലക്ഷ്മണനും അസറുദ്ദീനുമടങ്ങുന്ന ബാറ്റിങ് നിര അമ്പേ പരാജയപ്പെട്ടു. മധ്യനിരക്കാരനായ വിക്കറ്റ്കീപ്പര്‍ ബാറ്റ്സ്മാന്‍ നയന്‍ മോംഗിയയും സച്ചിനും ചേര്‍ന്നൊരുക്കിയ കൂട്ടുകെട്ട് ഇന്ത്യയ്ക്ക് വീണ്ടും വിജയപ്രതീക്ഷകള്‍ നല്‍കി. ഒടുവില്‍ പാക്‌ ക്യാപ്റ്റന്‍ വസീം അക്രമിന്‍റെ പന്തില്‍ വഖാർ യൂനിസിനു കൈകളിൽ​കുടുങ്ങി മോംഗിയയും, സഖ്‌ലൈൻ മുഷ്‌താക്കിന്റെ പന്തില്‍ വസീം അക്രമിനു ക്യാച്ച് നല്‍കി സച്ചിനും മടങ്ങുന്നത് വരെ ചിദംബരം സ്റ്റേഡിയം ശബ്ദമുഖരിതം. വിജയപ്രതീക്ഷകളോടെ ഗ്യാലറി ഇന്ത്യയ്ക്ക് വേണ്ടിആരവമൊഴുക്കികൊണ്ടിരുന്നു. സച്ചിന്‍ ഔട്ട്‌ ആയതോടെ ഇന്ത്യന്‍ ടീം ചീട്ടുകൊട്ടാരം പോലെതകര്‍ന്നു. മൂന്നു താരങ്ങള്‍ മാത്രം രണ്ടക്കം കണ്ട ബാറ്റിംഗ് നിര. സഖ്‌ലൈൻ മുഷ്‌താക്കിന്റെ പന്ത് അവസാന ബാറ്റ്സ്മാന്‍ ജവഗല്‍ ശ്രീനാഥിന്‍റെ ബാറ്റ് കവച്ചുവെച്ച് സ്റ്റമ്പ് തെറിപ്പിച്ച നിമിഷം ചിദംബരം സ്റ്റേഡിയം ശ്മശാനമൂകമായി.

മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കുന്ന വസീം അക്രം

പക്ഷെ ചരിത്രസമാനമായ നിമിഷങ്ങള്‍ക്കാണ് പിന്നീട് ചിദംബരം സ്റ്റേഡിയം സാക്ഷ്യംവഹിച്ചത്. എന്തുകൊണ്ടാണ് ചെന്നൈ ഇന്ത്യന്‍ ക്രികറ്റിന്‍റെ തട്ടകമാവുന്നത് എന്ന് മനസ്സിലാക്കേണ്ടത് അവിടംമുതലാണ്. സ്വപ്നസമാനമായ വിജയം നേടിയ പാക് ടീം ചിദംബരം സ്റ്റേഡിയത്തെ വലംവെച്ചപ്പോള്‍ ആര്‍പ്പുവിളികളും കരഘോഷങ്ങളുമായി ചെന്നൈയിലെ ക്രിക്കറ്റ് ആരാധകര്‍ പാക്കിസ്ഥാന്‍ ടീമിനോട്‌ ആദരവ് അറിയിച്ചു. സെഞ്ച്വറി നേടിയ സച്ചിന്‍ കളിയിലെ കേമന്‍ ആയിട്ടും അവാര്‍ഡ് നിരസിച്ചു.  ഇന്ത്യന്‍ കായിക ചരിത്രത്തില്‍ സമാനതകളില്ലാത്ത ഒരു സംഭവം. ഇനിയൊരുപക്ഷെ ആവര്‍ത്തിക്കുമോ എന്നുവരെ സംശയിക്കേണ്ട സംഭവം. സ്വന്തം കാണികള്‍ക്ക് മുന്നില്‍ വിജയിച്ച പ്രതീതിയോടെ പാക്  ടീം ചിദംബരം സ്റ്റേഡിയം വലംവെച്ചത്. ഒരു കളിയേയും അതിന്‍റെ ആരാധകരെയും ആ സംസ്കാരത്തേയും ഏറ്റവും ഉന്നതമാക്കുന്ന സംഭവം

 എഴുന്നേറ്റുനിന്ന് പാക്കിസ്ഥാനു കരഘോഷം മുഴക്കുന്ന ചെന്നൈയിലെ ആരാദകര്‍

രണ്ടാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്‌സിൽ പത്തുവിക്കറ്റ് നേടിക്കൊണ്ട് അനില്‍ കുംബ്ലെ പരമ്പരയുടെ ഗതി തിരിച്ചു. 212 റണ്‍സ് വിജയാത്തോടെ പരമ്പര സമാസമം. പിന്നീട് ഏതാനും മാസങ്ങള്‍ക്കപ്പുറം ഇരുരാജ്യങ്ങളും തമ്മില്‍ കാര്‍ഗിലില്‍ ഏറ്റുമുട്ടി.  രാഷ്ട്രീയത്തിന്‍റെ ദൈനംദിനവൃത്തി ഇരുരാജ്യങ്ങളെയും ഏറെകാലം പരസ്പരം കളിക്കാതാക്കി. പിന്നീട് ഒന്നരപതിറ്റാണ്ടുകള്‍ക്കിപ്പുറം അനില്‍ കുംബ്ലെയെന്ന ഇതിഹാസം ഇന്ത്യന്‍ ടീം കോച്ചായ അവസാന ഏകദിനമത്സരതതില്‍, ഇന്ത്യയെ പരാജയപ്പെടുത്തിക്കൊണ്ട് പാക്കിസ്ഥാന്‍ ചാമ്പ്യന്‍സ് കപ്പ്‌ മുത്തമിട്ടു. കളിക്കാര്‍ പതിവുസൗഹൃദത്തോടെ പിരിഞ്ഞു. ക്രിക്കറ്റിന്‍റെ വൈകാരികതയെ രാഷ്ട്രീയലക്ഷ്യപ്രാപ്തിക്കുപയോഗിക്കാം എന്നു കണ്ടവര്‍ അതിനു കപടദേശീയതയുടെ നിറം ചാര്‍ത്തികൊടുത്തു. തക്കംപാര്‍ത്തിരുന്ന അരസികര്‍ ചാനല്‍ മുറികളിലിരുന്ന് ശത്രുതവിളമ്പി. തെരുവുകളില്‍ പാക് വിജയം ആഘോഷിച്ചവര്‍ക്ക് രാജ്യദ്രോഹകുറ്റം ചാര്‍ത്തപ്പെട്ടു. രാജ്യം മുമ്പെങ്ങും കാണാത്തത്രയും ദ്വേഷപ്രവര്‍ത്തനങ്ങളിലൂടെ കടന്നുപോകുമ്പോള്‍ പതിനെട്ടു വര്‍ഷം മുന്നെ പാക്കിസ്ഥാനു ജയ്‌ വിളിച്ച മദ്രാസിലെ  ക്രിക്കറ്റ് ആരാധകര്‍ പറയുന്നുണ്ടാവുമോ “ഞങ്ങള്‍ രാജ്യദ്രോഹികളല്ലെന്ന്” ?

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ