മുംബൈ: ഇന്ത്യന്‍ ടീമിന്റെ നായക സ്ഥാനം ഒഴിഞ്ഞതിന് ശേഷം ധോണി വീണ്ടും നായകന്റെ കുപ്പായം അണിഞ്ഞത് കഴിഞ്ഞ ഏഷ്യാ കപ്പിനിടെയായിരുന്നു. ഏഷ്യാ കപ്പ് പ്ലേ ഓഫിന് മുന്നോടിയായി നടന്ന അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിലായിരുന്നു ധോണി വീണ്ടും ക്യാപ്റ്റന്‍സി ഏറ്റെടുത്തത്. ഇന്ത്യന്‍ ആരാധകരെയെല്ലാം ഒരുപോലെ ആവേശഭരിതരാക്കിയ നിമിഷമായിരുന്നു ക്യാപ്റ്റന്റെ റോളില്‍ ധോണി മടങ്ങിയെത്തിയത്. എന്നാല്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ധോണിയെ വീണ്ടും ക്യാപ്റ്റനാക്കുന്നതിനോട് ബിസിസിഐയിലെ എല്ലാവര്‍ക്കും താല്‍പര്യമില്ലായിരുന്നു.

കോഹ്‌ലി വിശ്രമത്തിലായിരുന്നതിനാല്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയെ നയിച്ചത് രോഹിത് ശര്‍മ്മയായിരുന്നു. രോഹിത്തിന് പ്ലേ ഓഫിന് മുമ്പായി വിശ്രമം നല്‍കിയതോടെയായിരുന്നു ധോണി ക്യാപ്റ്റനാകുന്നത്. മറ്റൊരു മുതിര്‍ന്ന താരമായിരുന്ന ശിഖര്‍ ധവാനും വിശ്രമം നല്‍കിയിരുന്നു. ഇതോടെ ടീമിലെ മുതിര്‍ന്ന താരവും ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച നായകന്മാരിലൊരാളുമായ ധോണിയിലേക്ക് നായക പദവി സ്വാഭാവികമായി തന്നെ വന്നു ചേരുകയായിരുന്നു. പക്ഷെ ഈ തീരുമാനത്തെ ബിസിസിഐയിലെ ഒരു മുതിര്‍ന്ന അംഗം എതിര്‍ത്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ധോണിയെ നായകനാക്കുന്നത് ശരിയല്ലെന്നും 2017 ജനുവരിയില്‍ ക്യാപ്റ്റന്‍സി ഒഴിഞ്ഞ ധോണിയെ വീണ്ടും പദവി ഏല്‍പ്പിക്കേണ്ടതില്ലെന്നും പകരം ടീമിലെ അടുത്ത മുതിര്‍ന്ന താരത്തെ നായകനാക്കിയാല്‍ മതിയാകുമെന്നുമായിരുന്നു ബിസിസിഐയിലെ ഒരു മുതിര്‍ന്ന അംഗം പറഞ്ഞത്. ധോണിയുടെ റെക്കോര്‍ഡ് പരിഗണിച്ച് അദ്ദേഹത്തെ ക്യാപ്റ്റനാക്കേണ്ട എന്ന തീരുമാനം മറ്റുള്ളവര്‍ എതിര്‍ക്കുകയായിരുന്നുവെന്നും ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ ദിവസം, മുന്‍ നായിക മിതാലി രാജിനെ ടീമില്‍ നിന്നും ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് ഡയാന എഡല്‍ജി നടത്തിയ പരാമര്‍ശത്തിന് പിന്നാലെയാണ് ഏഷ്യാ കപ്പിനിടെയുണ്ടായ സംഭവത്തിന്റെ വെളിപ്പെടുത്തല്‍ പുറത്ത് വരുന്നത്. താരങ്ങളും ടീമുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പുറത്ത് നിന്നുമുള്ളവര്‍ ഇടപെടില്ലെന്നായിരുന്നു എഡല്‍ജി പറഞ്ഞത്. എന്നാല്‍ ക്യാപ്റ്റന്‍സിയിലടക്കം ബിസിസിഐയുടെ ഇടപെടലുണ്ടാവുമെന്ന് ധോണിയുമായി ബന്ധപ്പെട്ട സംഭവം വ്യക്തമാക്കുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ