കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് നാലാം സീസണിലെത്തിയപ്പോൾ കാഴ്ചക്കാരുടെ എണ്ണത്തിലും വൻ വളർച്ച. കൊച്ചിയിൽ ബ്ലാസ്റ്റേർസും എടികെയും ഏറ്റുമുട്ടിയ ഉദ്ഘാടന മത്സരം 2.5 കോടി പേർ ടിവിയിൽ കണ്ടതായാണ് കണക്ക്. സ്റ്റേഡിയത്തിൽ ഒറ്റ സീറ്റ് പോലും ഉദ്ഘാടന മത്സരത്തിൽ ഒഴിഞ്ഞിരുന്നില്ലെന്നതിന് പുറമേയാണിത്.

59 ശതമാനം വളർച്ച കാണികളുടെ എണ്ണത്തിൽ നാലാം സീസൺ റെക്കോഡിട്ടതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഉദ്ഘാടന മത്സരം ഏറ്റവും കൂടുതൽ പേർ കണ്ടത് കേരളത്തിൽ നിന്നാണ്. ഇന്ത്യൻ സൂപ്പർ ലീഗ് നാലാം സീസണിനോട് ഇതുവരെയുള്ള പ്രതികരണവും റെക്കോഡാണ്. ശരാശരി 74 ലക്ഷം പേർ മത്സരം കാണുന്നുണ്ടെന്നാണ് കണക്ക്. ഫിഫ അണ്ടർ 17 ലോകകപ്പിൽ ഇന്ത്യയും അമേരിക്കയും ഏറ്റുമുട്ടിയ ഉദ്ഘാടന മത്സരത്തിനെ അപേക്ഷിച്ച് ഇരട്ടിയോളം കാണികളുണ്ട് നാലാം സീസൺ ഐഎസ്എല്ലിനെന്ന് വ്യക്തം.

നാല് മാസം നീണ്ടുനിൽക്കുന്ന ഐഎസ്എൽ നാലാം സീസണിൽ ഇത്തവണ ബെംഗലൂരു എഫ്‌സി, ജംഷഡ്‌പൂർ എഫ്‌സി എന്നീ ടീമുകൾ കൂടിയുണ്ട്. 95 മത്സരങ്ങളാണ് ടൂർണ്ണമെന്റിൽ ആകെ അരങ്ങേറുക. എല്ലാ ടീമുകളും എതിരാളികളുമായി സ്വന്തം മൈതാനത്ത് ഒരു തവണ ഏറ്റുമുട്ടും. 2018 മാർച്ചിൽ സെമിഫൈനൽ മത്സരങ്ങൾ നടക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ