കാല്‍പ്പന്തിനെ ജീവവായുവായി കണക്കാക്കുന്നവരാണ് ലാറ്റിനമേരിക്കക്കാര്‍. ഓരോ മത്സരവും അവര്‍ക്ക് ഉത്സവവും യുദ്ധവുമാണ്. ഫുട്ബോള്‍ ലോകത്തെ പകരം വെക്കാനില്ലാത്ത ശക്തികളാണ് ലാറ്റിനമേരിക്കന്‍ കരുത്തരായ അര്‍ജന്റീനയും ബ്രസീലും. അന്നും ഇന്നും ലോക ഫുട്ബോളിന്റെ പതാകവാഹകരാണ് ഈ രണ്ടു രാജ്യങ്ങളും. അതിനുള്ള കാരണം തേടി പോയാല്‍ എത്തി നില്ക്കുക അവരുടെ ഫുട്ബോള്‍ കമ്പത്തിലും അത് നല്കുന്ന ലഹരിയിലും ജീവനിലും ജീവിതത്തിലുമാകും.
അര്‍ജന്റീനയിലെ ഐതിഹാസിക ക്ലബ്ബുകളാണ് ബൊക്കാ ജൂനിയേഴ്സും റിവര്‍ പ്ലേറ്റും. ഇരു ടീമുകളും മുഖാമുഖം എത്തുന്നത് ലാറ്റിനമേരിക്കല്‍ ഭൂഖണ്ഡത്തെ തന്നെ കാല്‍പ്പന്തിലേക്ക് വ്യാപിപ്പിക്കുന്ന സന്ദര്‍ഭമാണ്. എല്‍ ക്ലാസിക്കോയായ ബാഴ്സ-റയല്‍ പോരാട്ടത്തേക്കാളും മുകളിലാണവര്ക്ക് ബൊക്കയും റിവര്‍ പ്ലേറ്റും തമ്മിലുള്ള മത്സരം. കളിയോടും ടീമിനോടും അവര്‍ എന്തുമാത്രം അടുത്തിരിക്കുന്നു എന്നതിനുള്ള ഉത്തമ തെളിവാണ് കഴിഞ്ഞ ദിവസം ബൊക്ക ജൂനിയേഴ്സിന്റെ പരിശീലനം കാണാനായി ബോമ്പോനേറ സ്റ്റേഡിയത്തിലെത്തിയവരുടെ എണ്ണം.
നാളെയാണ് കോപ്പാ ലിബര്‍റ്റഡോര്‍സിന്റെ രണ്ടാം പാദ ഫൈനലില്‍ ബൊക്ക ജൂനിയേഴ്സും റിവര്‍ പ്ലേറ്റും ഏറ്റുമുട്ടുക. ആദ്യ പാദം 2-2ലാണ് അവസാനിച്ചത്. ഇതിന് മുന്നോടായായി ബൊക്ക സ്വന്തം മൈതാനത്ത് പരിശീലനം ആരാധകര്‍ക്ക് കാണാനായി തുറന്നു കൊടുക്കുകയായിരുന്നു. ഫുട്ബോള്‍ ലോകത്തു തന്നെ സമാനതകളില്ലാത്ത അത്രയും പേരായിരുന്നു ബൊക്ക ജൂനിയേഴ്സിന്റെ പരിശീലനം കാണാനായി എത്തിത്. 60000 ത്തോളം പേരെ കൊണ്ട് തിങ്ങി നിറഞ്ഞ ഗ്യാലറി കണ്ടാല്‍ ലോകകപ്പിന്റെ ഫൈനല്‍ വേദിയാണെന്ന് കരുതിപ്പോകും.
ആര്‍പ്പു വിളികളും ആരവും മുഴക്കി ലോകകപ്പ് ഫൈനല്‍ പോരാട്ടത്തിന്റെ പ്രതീതി സൃഷ്ടിച്ച ആരാധകരെ നിയന്ത്രിക്കാന്‍ ചില്ലറ പാടൊന്നുമല്ല ക്ലബ്ബ് അധികൃതരും പൊലീസ് സേനയും പെട്ടത്. നിയന്ത്രണ ഭിത്തി മറി കടന്ന് ചിലര്‍ മൈതാനത്തെത്തി തങ്ങളുടെ പ്രിയ താരങ്ങളെ കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്തു. സംഗതി കൈ വിട്ടു പോകുമെന്ന് തോന്നിയതോടെ പൊലീസ് ആരാധകരുടെ പ്രവേശനം നിയന്ത്രിക്കുകയായിരുന്നു.