16-ാം നൂറ്റാണ്ടില്‍ ആരംഭിച്ച ക്രിക്കറ്റ് 21-ാം നൂറ്റാണ്ടില്‍ എത്തി നില്‍ക്കുമ്പോള്‍ ഏറെ രൂപ, ഭാവ, നിയമ മാറ്റങ്ങള്‍ക്ക് വിധേയമായിക്കഴിഞ്ഞു. ഇപ്പോള്‍ രണ്ട് ടീമുകള്‍ വീതം കളിക്കുന്ന ടെസ്റ്റ്, ഏകദിന, ടി20 മത്സര രൂപങ്ങളാണ് നിലവിലുള്ളത്.

സാധാരണ ഏറ്റവും കൂടുതല്‍ പരീക്ഷണങ്ങള്‍ നടക്കുന്നത് താഴെത്തട്ടില്‍ കുട്ടികളുടെ മൈതാന ക്രിക്കറ്റിലാണ്. എന്നാല്‍ ഇത്തവണ പരീക്ഷണം വരുന്നത് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചവര്‍ക്കുവേണ്ടി ദക്ഷിണാഫ്രിക്കയില്‍ നടത്തുന്ന പ്രദര്‍ശന മത്സരത്തിലാണ്. ഈ ക്രിക്കറ്റ് രൂപത്തില്‍ ഒരു മത്സരത്തില്‍ മൂന്ന് ടീമുകള്‍ പങ്കെടുക്കും. 36 ഓവറുകളാണുള്ളത്.

എബി ഡി വില്ലേഴ്‌സ്, ക്വിന്റണ്‍ ഡി കോക്ക്, കഗീസോ റബാബ എന്നിവരാണ് 3ടിസി (ത്രീ-ടീം ക്രിക്കറ്റ്) എന്ന് പേരിട്ടിരിക്കുന്ന മത്സരത്തിന് ഇറങ്ങുന്ന ടീമുകളെ നയിക്കുന്നത്. ക്രിക്കറ്റിന്റെ ചെറുരൂപത്തിലെ ഏറ്റവും പുതിയ വിപ്ലവം എന്നാണ് വിശേഷിപ്പിക്കുന്നത്. ദക്ഷിണാഫ്രിക്കയുടെ ഏറ്റവും മികച്ച കളിക്കാര്‍ സോളിഡാരിറ്റി കപ്പ് എന്ന് പേരിട്ടിരിക്കുന്ന മത്സരത്തില്‍ കളിക്കും. കോവിഡ്-19 മഹാമാരിയില്‍ ദുരിതം അനുഭവിക്കുന്ന ക്രിക്കറ്റ് രംഗത്തുള്ളവര്‍ക്കാണ് ഈ മത്സരത്തില്‍ നിന്നുള്ള വരുമാനം നല്‍കുക.

കളി നിയമങ്ങള്‍ ഇങ്ങനെയാണ്

ഒരു ടീമില്‍ എട്ട് കളിക്കാര്‍ ഉണ്ടാകും

36 ഓവറുകള്‍ 18 ഓവര്‍ വീതമുള്ള രണ്ട് ഭാഗങ്ങളായി തിരിക്കും. ഒരു ഇടവേളയുണ്ടാകും.

ഒരു ടീമിന് 12 ഓവറുകള്‍ കളിക്കാന്‍ പറ്റും. ആറ് ഓവറുകള്‍ വീതമായി അതും വിഭജിക്കുന്നു. ആദ്യ ആറ് ഓവറില്‍ ഒരു എതിരാളിയേയും രണ്ടാമത്തെ ആറ് ഓവറില്‍ അടുത്ത എതിരാളിയേയും നേരിടും.

Read Also: കോവിഡ് കാലത്ത് അടിമുടി മാറി പ്രീമിയര്‍ ലീഗ്; മാറ്റങ്ങള്‍ അറിയാം

ആദ്യ പകുതിയില്‍ ടീമുകള്‍ ബാറ്റിങ്ങും ബൗളിങ്ങും ഡഗൗട്ടും എല്ലാം റൊട്ടേറ്റ് ചെയ്യും. നറുക്കെടുപ്പിലൂടെയാണ് ആദ്യം ആര് ബാറ്റ് ചെയ്യണമെന്ന് തീരുമാനിക്കുക. രണ്ടാം പകുതിയില്‍ ആദ്യം ബാറ്റ് ചെയ്യുന്നത് ആദ്യ പകുതിയില്‍ ഏറ്റവും കൂടുതല്‍ സ്‌കോര്‍ നേടിയ ടീം ആകും.

ഏഴാം വിക്കറ്റ് വീണാലും എട്ടാമന് തുടര്‍ന്നും ബാറ്റ് ചെയ്യാമെന്നതാണ് മറ്റൊരു സവിശേഷ നിയമം. പക്ഷേ, ഇരട്ട റണ്‍സുകള്‍ മാത്രമേ എടുക്കാന്‍ കഴിയുകയുള്ളൂ.

ഓരോ ടീമിനും 12 ഓവറുകളും എറിയുന്നതിന് ഒരു പുതിയ പന്ത് മാത്രമേ അനുവദിക്കുകയുള്ളൂ. ഒരു ബൗളര്‍ക്ക് പരമാവധി മൂന്ന് ഓവറുകള്‍ എറിയാം.

ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ടീമിന് സ്വര്‍ണം, രണ്ടാമത്തെ ടീമിന് വെള്ളി മൂന്നാമത് എത്തുന്ന ടീമിന് വെങ്കലവും ലഭിക്കും. രണ്ട് ടീമുകള്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയാല്‍ സൂപ്പര്‍ ഓവറാകും സ്വര്‍ണം ലഭിക്കേണ്ട ടീമിനെ തീരുമാനിക്കുക. എന്നാല്‍ മൂന്ന് ടീമിനും ഒരേ സ്‌കോര്‍ ലഭിച്ചാല്‍ എല്ലാവര്‍ക്കും സ്വര്‍ണം നല്‍കും. രണ്ടാം സ്ഥാനത്ത് രണ്ട് ടീമുകള്‍ എത്തിയാല്‍ വെള്ളി മെഡല്‍ പങ്കുവയ്ക്കും.

ജൂണ്‍ 27-നാണ് മത്സരം നടക്കുക.

Read in English: 1 match, 3 teams, 2 halves, 36 overs: Cricket returns in South Africa in new avatar

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook