ഇന്ത്യൻ ക്രിക്കറ്റിൽ ടീമിനെ നയിക്കാൻ ഒരു ഫാസ്റ്റ് ബൗളറെ തിരഞ്ഞെടുക്കുന്നത് അപൂർവമാണ്. കപിൽ ദേവാണ് ഇന്ത്യൻ ക്യാപ്റ്റനായ ഒരു ഫാസ്റ്റ് ബൗളർ. 1987 മാർച്ചിൽ കപിൽ ദേവ് നായകസ്ഥാനം ഒഴിഞ്ഞ ശേഷം ഒരു ഫാസ്റ്റ് ബൗളറും ഇന്ത്യയെ നയിച്ചിട്ടില്ല. 35 വർഷങ്ങൾക്ക് ശേഷം, ജൂലൈ ഒന്ന് മുതൽ ഇംഗ്ലണ്ടിനെതിരെ എഡ്ജ്ബാസ്റ്റണിൽ ആരംഭിക്കുന്ന ടെസ്റ്റിൽ ജസ്പ്രീത് ബുംറ ഇന്ത്യൻ ക്യാപ്റ്റൻ ആയേക്കും എന്നാണ് സൂചന.
ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ബുംറ നായകസ്ഥാനത്തേക്ക് വരുന്നത്. നേരത്തെ വൈസ് ക്യാപ്റ്റൻ കെഎൽ രാഹുൽ പരുക്ക് മൂലം പുറത്തായിരുന്നു. എഡ്ജ്ബാസ്റ്റൺ ടെസ്റ്റ് ഇന്ത്യൻ ക്യാപ്റ്റനെന്ന നിലയിൽ ബുംറയുടെ ആദ്യ ടെസ്റ്റായിരിക്കാം.
ഈ വർഷമാദ്യം ദക്ഷിണാഫ്രിക്കയിൽ നടന്ന മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിൽ ബുംറയെ ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റനായി നിയമിച്ചിരുന്നു. അവസരം വന്നാൽ ഇന്ത്യൻ നായകസ്ഥാനം ഏറ്റെടുക്കാൻ തയ്യാറാണെന്ന് ബുംറ അന്ന് പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നു.
“എന്നോട് എന്ത് ചെയ്യാൻ ആവശ്യപ്പെട്ടാലും എനിക്ക് കഴിയുന്ന ഏറ്റവും മികച്ച രീതിയിൽ ഞാൻ അത് ചെയ്യും. മുഴുവൻ രീതിയും മാറ്റാൻ ഞാൻ ആഗ്രഹിക്കുന്നില്ല, ടീമിലെ മുതിർന്ന അംഗമായിരിക്കുമ്പോൾ നിങ്ങൾ എല്ലായ്പ്പോഴും ഒരു നേതാവ് തന്നെയാണ്, അതിനാൽ ഇത് നിങ്ങളുടെ കൂടെ വരുന്ന ഒരു പോസ്റ്റ് മാത്രമാണ്.” ബുംറ അന്ന് പറഞ്ഞു.
വിഹാരിയോ ഭരതോ, രോഹിതിന്റെ അഭാവത്തിൽ ആര് ഓപ്പൺ ചെയ്യും?
കോവിഡ് ബാധിച്ച രോഹിത് ശർമ്മ ഇംഗ്ലണ്ടിനെതിരായ ഏകദിന ടെസ്റ്റ് മത്സരത്തിൽ നിന്ന് പുറത്താകാൻ സാധ്യതയുള്ളതിനാൽ, ബാറ്റിംഗ് ലൈനപ്പിൽ ഒരു സ്ഥാനം കൂടി തുറന്നിരിക്കുകയാണ്.
ഇന്ത്യയുടെ സ്റ്റാൻഡ്-ഇൻ ഓപ്പണർ ഹനുമ വിഹാരി ആകാം ചിലപ്പോൾ ഓപ്പണർ സ്ഥാനാത്തേക്ക് വരുക, അല്ലെങ്കിൽ ശ്രീകർ ഭാരതിന് അവസരം ഉണ്ടായേക്കാം.
ഹനുമ വിഹാരി മുമ്പ് എംസിജിയിൽ ഓപ്പൺ ചെയ്തിട്ടുണ്ട്, അന്ന് 8 ഉം 13 ഉം റൺസ് മാത്രമാണ് നേടാനായത്, ആദ്യ ഇന്നിംഗ്സിൽ 80 മിനിറ്റും രണ്ടാം ഇന്നിംഗ്സിൽ ഏകദേശം ഒരു മണിക്കൂറുമാണ് ക്രീസിൽ ചിലവഴിച്ചത്.
എന്നാൽ ഫോം നോക്കിയാൽ, ലെസ്റ്റർഷെയറിനെതിരായ സന്നാഹ മത്സരത്തിലെ രണ്ട് ഇന്നിങ്സിലും തിളങ്ങിയ കെഎസ് ഭരത്തിന് ആയിരിക്കും കൂടുതൽ സാധ്യത. ഒന്നാം ഇന്നിംഗ്സിൽ ഏഴാം നമ്പറിൽ ബാറ്റ് ചെയ്ത ഭരത് 70 റൺസുമായി പുറത്താകാതെ നിന്നു, രണ്ടാം ഇന്നിംഗ്സിൽ 43 റൺസ് നേടി. രോഹിത് ശർമ്മയുടെ അഭാവത്തിൽ ഇന്ത്യക്ക് വേണ്ടി ഓപ്പൺ ചെയ്ത ഭാരത്, ഓപ്പണിംഗ് വിക്കറ്റിൽ ശുഭ്മാൻ ഗില്ലിനൊപ്പം 62 റൺസ് കൂട്ടുകെട്ട് സ്വന്തമാക്കിയിരുന്നു.
രണ്ട് ഇന്നിംഗ്സുകളിലുമായി ഭരത് 209 പന്തുകൾ (ആദ്യത്തേതിൽ 111, രണ്ടാമത്തേതിൽ 98) ഭരത് നേരിട്ടു, ലെസ്റ്റർ ആക്രമണത്തിനെ അദ്ദേഹം നിസാരമായി നേരിട്ടു. എന്നാൽ ജെയിംസ് ആൻഡേഴ്സൺ, സ്റ്റുവർട്ട് ബ്രോഡ് എന്നിവരെ നേരിടുന്നത് തികച്ചും വ്യത്യസ്തമായിരിക്കും.
അതേസമയം, ശനിയാഴ്ച നടത്തിയ റാപിഡ് ആന്റിജന് ടെസ്റ്റിലാണ് രോഹിത് കോവിഡ് പോസിറ്റീവായത്. ഐസൊലേഷനിലേക്ക് മാറ്റിയ രോഹിത്തിനെ ഇന്ന് ആർടി-പിസിആർ പരിശോധനയ്ക്ക് വിധേയനാക്കും എന്ന് ബിസിസിഐ അറിയിച്ചു.