ക്രിക്കറ്റ് ആരാധകർക്ക് മഹേന്ദ്ര സിങ് ധോണി ‘മാഹി’യാണ്. ആരാധകർ ധോണിയെ സ്നേഹത്തോടെ വിളിക്കുന്നത് അങ്ങനെയാണ്. മാഹി അവർക്കൊരു വികാരമാണ്. 23 വർഷങ്ങൾക്കു മുൻപ് ഹൃദയത്തിലേറ്റിയ വികാരം. അതെ ഏകദിന ക്രിക്കറ്റിൽ ധോണി അരങ്ങേറ്റം നടത്തിയിട്ട് ഇന്നേക്ക് 23 വർഷങ്ങൾ തികയുന്നു. 2004 ഡിസംബർ 23 നായിരുന്നു ഇന്ത്യൻ ടീമിലേക്കുളള ധോണിയുടെ വരവ്.

ഏകദിന ക്രിക്കറ്റിൽ മികച്ച ബാറ്റ്സ്മാനാണെന്ന പേരിന് ഉടമയാണെങ്കിലും അവിടേക്കുളള ധോണിയുടെ യാത്ര കയ്പേറിയ അനുഭവങ്ങൾ നിറഞ്ഞതായിരുന്നു. 2004 ഡിസംബർ 23 ന് ബംഗ്ലാദേശിനെതിരെ നടന്ന ഏകദിന മൽസരത്തിലാണ് ധോണിയുടെ അരങ്ങേറ്റം. നീട്ടി വളർത്തിയ മുടിയുമായി എത്തിയ ബാറ്റ്സ്മാനെ കണ്ട് കാണികൾ ആദ്യമൊന്ന് അമ്പരന്നു. അന്നാദ്യമായിട്ടാണ് അവർ മഹേന്ദ്ര സിങ് ധോണിയെന്ന പേര് കേൾക്കുന്നത്. വർഷങ്ങൾ കൊണ്ടുനടന്ന സ്‌പ്വനം സഫലമായതിന്റെ സന്തോഷമൊന്നും പക്ഷേ ആ ബാറ്റ്സ്മാന്റെ മുഖത്ത് ഉണ്ടായിരുന്നില്ല. എന്നാൽ വിധി ധോണിയോട് ക്രൂരത കാട്ടി.

ഒരുപാട് സ്വപ്നങ്ങളുമായി ക്രീസിലെത്തിയ ധോണി ആദ്യ ബോളിൽതന്നെ റൺഔട്ടായി. തന്റെ സ്‌പ്വനങ്ങളെല്ലാം എരിഞ്ഞടങ്ങിയെന്നു കരുതി തല കുനിച്ച് ധോണി ഗ്യാലറിയിലേക്ക് പോയി. ഇനി ഒരിക്കലും തനിക്ക് ക്രീസിലേക്ക് തിരികെ എത്താനാകുമോയെന്ന് ധോണി സംശയിച്ചുപോയ ആ ദിനം ഇന്നാണ്. അതെ അരങ്ങേറ്റ മൽസരത്തിൽ ആദ്യ ബോളിൽ തന്നെ ധോണി പുറത്തായ ദിവസമാണ് ഡിസംബർ 23.

അന്ന് പുറത്തായെങ്കിലും തന്റെ 5-ാമത് ഏകദിന മൽസരത്തിൽ ധോണി ശക്തമായ തിരിച്ചു വരവ് നടത്തി. വിശാഖപട്ടണത്ത് നടന്ന മൽസരത്തിൽ ധോണി സെഞ്ചുറി (148) നേടി. പിന്നെ അങ്ങോട്ട് ധോണി യുഗമായിരുന്നു. അധികം വൈകാതെ ഇന്ത്യൻ നായക സ്ഥാനത്തേക്ക് ധോണിയെത്തി. ഇന്ത്യൻ നായക സ്ഥാനം ധോണിയുടെ കൈകളിൽ ഭദ്രമായിരുന്നു. ധോണിയുടെ കീഴിൽ ‍ഇന്ത്യൻ ടീം ട്വന്റി 20 ലോകകപ്പ് (2007) കിരീടം നേടി. 28 വർഷത്തിനുശേഷം ഇന്ത്യ 2011 ൽ ലോകകപ്പ് കിരീടം ചൂടിയതും ധോണിയുടെ നായകത്വത്തിൽ. ഇതോടെ ഏകദിന ലോകകപ്പും ട്വന്റി 20 ലോകകപ്പും ഏറ്റുവാങ്ങിയ ഒരേയൊരു ക്യാപ്റ്റൻ എന്ന പദവി ധോണി സ്വന്തമാക്കി.

ഇന്ത്യൻ ക്യാപ്റ്റനല്ലെങ്കിലും നിർണായകമായ പല സാഹചര്യത്തിലും ടീമിന് രക്ഷകനായി മാഹി ഒപ്പം തന്നെയുണ്ട്. ധോണിയുടെ ഫോമിനെ പലരും ചോദ്യം ചെയ്യുമ്പോഴും 2019 ൽ ഇന്ത്യ ലോകകപ്പ് ഉയർത്താൻ മാഹി ഒപ്പമുണ്ടാകണമെന്നാണ് ആരാധകർ ആഗ്രഹിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ