ന്യൂഡൽഹി: 2023 ൽ ഇന്ത്യയിൽ നടക്കാനിരിക്കുന്ന ക്രിക്കറ്റ് ലോകകപ്പ് വെെകും. കോവിഡ് മഹാമാരിയെ തുടർന്ന് അടുത്ത മൂന്ന് വർഷത്തെ ക്രിക്കറ്റ് ടൂർണമെന്റുകളുടെ ഷെഡ്യൂൾ താളംതെറ്റിയിരിക്കുകയാണ്. ഇങ്ങനെയൊരു സാഹചര്യത്തിലാണ് ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ നടക്കേണ്ട 50 ഓവർ ക്രിക്കറ്റ് ലോകകപ്പ് ആറ് മാസം വെെകി നടത്താൻ തീരുമാനിച്ചിരിക്കുന്നത്.
2023 ഒക്‌ടോബർ-നവംബർ മാസങ്ങളിലായിരിക്കും ലോകകപ്പ് നടക്കുകയെന്ന് ഐസിസി അറിയിച്ചു. അടുത്ത മൂന്ന് വർഷവും ഐസിസി ക്രിക്കറ്റ് ടൂർണമെന്റുകൾ നടക്കും. ഈ വർഷത്തെ ടി20 ടൂർണമെന്റ് കോവിഡ് മഹാമാരിയെ തുടർന്ന് 2021 ലേക്ക് മാറ്റിയിട്ടുണ്ട്. 2022 ലും ടി20 ടൂർണമെന്റ് നടക്കണം. അതിനാൽ 2023 ലെ 50 ഓവർ ക്രിക്കറ്റ് ലോകകപ്പിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കാൻ കൂടുതൽ സമയം വേണ്ടിവരും.
Read Also: മരിക്കും വരെ ഓർക്കാനുള്ളത് നീ നൽകി സുശാന്ത്; മറക്കാനാകാതെ സഞ്ജന
ഓസ്ട്രേലിയയിൽ ഈ വർഷം ഒക്ടോബറിൽ ആരംഭിക്കേണ്ടിയിരുന്ന ട്വന്റി20 ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങൾ മാറ്റിവച്ചതായി ഇന്നലെയാണ് അറിയിച്ചത്. ഓസ്ട്രേലിയയിൽ വീണ്ടും കോവിഡ് വ്യാപനമുണ്ടായ സാഹചര്യത്തിലാണ് നടപടി. ഒക്ടോബർ 18 മുതൽ നവംബർ 15 വരെ ഓസ്‌ട്രേലിയയിൽ നടക്കേണ്ടതായിരുന്നു മത്സരങ്ങൾ. എന്നാൽ വിക്ടോറിയ സംസ്ഥാനത്ത് കോവിഡ് കേസുകളുടെ രണ്ടാം കുതിച്ചുചാട്ടമുണ്ടായപ്പോൾ മേയ് മാസത്തിൽ തന്നെ ആതിഥേയത്വം വഹിക്കാനുള്ള ബുദ്ധിമുട്ട് ഓസ്ട്രേലിയ ക്രിക്കറ്റ് ബോർഡ് പ്രകടിപ്പിച്ചിരുന്നു.
ഐസിസി പുരുഷ വിഭാഗം ടി 20 ലോകകപ്പ് 2021 ഒക്ടോബർ-നവംബർ മാസങ്ങളിലായിനടക്കുമെന്നും 2021 നവംബർ 14ന് ഫൈനൽ നടക്കുമെന്നും ഐസിസി വ്യക്തമാക്കി. 2022ലെ ടി 20 ലോകകപ്പ് ഒക്ടോബർ-നവംബർ മാസങ്ങളിലാണ്. നവംബർ 13 നാവും ഫൈനൽ. ഐസിസി മെൻസ് ക്രിക്കറ്റ് ലോകകപ്പ് 2023 ഒക്ടോബർ-നവംബർ മാസങ്ങളിൽ ഇന്ത്യയിൽ നടക്കും. 2023 നവംബർ 26 നാവും ഫൈനൽ. ട്വൻറി20 ലോകകപ്പ് മാറ്റിയതോടെ ബിസിസിഐക്ക് ഈ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ഒക്ടോബർ-നവംബർ മാസങ്ങളിൽ യുഎഇയിൽ സംഘടിപ്പിക്കാൻ വഴിയൊരുങ്ങും.