2022 ഫിഫ ലോകകപ്പ് യൂറോപ്യന്‍ ടീമുകളുടെ യോഗ്യതാ റൗണ്ടില്‍ വമ്പന്‍ ടീമുകള്‍ക്ക് ഞെട്ടല്‍. നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സിനെ ഉക്രൈന് സമനിലയില്‍ തളച്ചപ്പോള്‍ ക്രൊയേഷ്യയെ സ്ലോവെനിയ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി. അതേസമയം, അസര്‍ബൈജാനെ പോര്‍ച്ചുഗല്‍ ഒരു ഗോളിന് പരാജയപ്പെടുത്തിയപ്പോള്‍ ബെല്‍ജിയം വെയ്ല്‍സിനെ 3-1ന് തകര്‍ത്തു.
ഗ്രൂപ്പ് എ പോരാട്ടത്തിലാണ് പോര്‍ച്ചുഗല്‍ അസര്‍ബൈജാനെ നേരിട്ടത്. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ബൂട്ടുകള്‍ ലക്ഷ്യം കാണാതെ പോയ മത്സരത്തില്‍ അസര്‍ബൈജാന്റെ മാക്സിം മദ്വദേവിന്റെ സെല്‍ഫ് ഗോളിലാണ് പറങ്കിപ്പട ആദ്യ ജയം സ്വന്തമാക്കിയത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ അയര്‍ലൻഡിനെ സെര്‍ബിയ ആവേശപ്പോരാട്ടത്തില്‍ 3-2ന് തോല്‍പ്പിച്ചു.
ഗ്രൂപ്പ് ഡിയില്‍ ഉള്‍പ്പെട്ട കരുത്തരായ ഫ്രാന്‍സിനെ ഉക്രൈന് 1-1ന് തളച്ചു. ഫ്രാന്‍സിനായി 19-ാം മിനിറ്റില്‍ അന്റോണിയൊ ഗ്രീസ്മാനാണ് ഗോള്‍ നേടിയത്. കളിയുടെ 57-ാം മിനുറ്റില്‍ ഫ്രഞ്ച് താരം കിംബാപ്പയുടെ സെല്‍ഫ് ഗെളിലാണ് ഉക്രൈന് ഒപ്പമെത്തിയത്.
Read More: ഇന്ത്യയ്ക്ക് തിരിച്ചടി; ശ്രേയസ് അയ്യർ ഇംഗ്ലണ്ട് പരമ്പരയിൽ നിന്ന് പുറത്ത്, ഐപിഎല്ലും നഷ്ടമായേക്കും
എസ്റ്റോണിയയെ രണ്ടിനെതിരെ ആറ് ഗോളുകള്‍ക്ക് തകര്‍ത്താണ് ചെക്ക് റിപ്പബ്ലിക്ക് ആദ്യ ജയം സ്വന്തമാക്കിയത്. ചെക്ക് റിപ്പബ്ലിക്കിനായി തോമസ് സുചെക് ഹാട്രിക്ക് നേടി. 32, 43, 48 മിനുറ്റുകളിലായിരുന്നു ഗോളുകള്‍ പിറന്നത്. പാട്രിക്ക് ഷിക്ക്, അന്റോണിന് ബരാക്ക്, ജേക്കുബ് ജാങ്തൊ എന്നിവരാണ് മറ്റ് സ്കോറര്‍മാര്‍. വെയില്‍സിന് മുകളില്‍ സമ്പൂര്‍ണ ആധിപത്യത്തോടെയായിരുന്നു ബെല്‍ജിയത്തിന്റെ ജയം. കെവിന് ഡിബ്രൂയിന്, തോര്‍ഗന്‍ ഹസാര്‍ഡ്, റൊമേലു ലൂക്കാക്കു എന്നിവര്‍ ലക്ഷ്യം കണ്ടു. ഹാരി വില്‍സണാണ് വെയില്‍സിനായി ഒരു ഗോള്‍ മടക്കിയത്. ഗ്രൂപ്പ് ഇയില്‍ ചെക്ക് റിപ്പബ്ലിക്ക് ഒന്നാമതും, ബെല്‍ജിയം രണ്ടാം സ്ഥാനത്തുമാണ്.
ഗ്രൂപ്പ് ജിയില്‍ അട്ടിമറിയോടെയാണ് തുര്‍ക്കി യോഗ്യത റൗണ്ടിന് തുടക്കമിട്ടത്. കരുത്തരായ നെതര്‍ലൻഡ്സിനെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. ബുരക്ക് യില്‍മാസിന്റെ ഹാട്രിക്കാണ് തുര്‍ക്കിയുടെ ജയം ഉറപ്പിച്ചത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ നോര്‍വെ ഗിബ്രാള്‍ട്ടറിനെ എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തി.
ഗ്രൂപ്പ് എച്ചില് നിലവിലെ റണ്ണേഴ്സ് അപ്പായ ക്രൊയേഷ്യയെ സ്ലോവെനിയ ഒരു ഗോളിന് കീഴടക്കി. 15-ാം മിനുറ്റില്‍ സാന്റി ലോവറിക്കാണ് വിജയഗോള്‍ നേടിയത്. അതേസമയം, മാല്റ്റക്കെതിരെ റഷ്യ 3-1ന്റെ വിജയം സ്വന്തമാക്കി.