യൂറോപ്യന്‍ ടീമുകളുടെ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഗോള്‍ മഴ. ബെല്‍ജിയമായിരുന്നു ഗോളടി മേളത്തില്‍ മുന്നില്‍. ബെലാറസിനെ ഏട്ട് ഗോളിനാണ് തകര്‍ത്തത്. തൊട്ടുപിന്നിലായി നെതര്‍ലൻഡ്സ് ജിബ്രാള്‍ട്ടറിനെ ഏഴ് ഗോളിനും കീഴ്പ്പെടുത്തി.
ഗ്രൂപ്പ് എയില്‍ നടന്ന മത്സരത്തില്‍ പോര്‍ച്ചുഗല്‍ ലക്സംബര്‍ഗിനെ ഒന്നിനെതിരെ മൂന്ന് ഗോളിനു പരാജയപ്പെടുത്തി. സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഗോള്‍ നേടി. ജയത്തോടെ പോര്‍ച്ചുഗല്‍ ഗ്രൂപ്പില്‍ ഒന്നാമതെത്തി. ഡിയൊഗോ ജോതയും, ജാവോ പലീനയുമാണ് മറ്റ് സ്കോറര്‍മാര്‍. അസര്‍ബൈജാനെ തോല്‍പ്പിച്ചെങ്കിലും ഗോള്‍ വ്യത്യാസത്തില്‍ സെര്‍ബിയ പോര്‍ച്ചുഗലിന് പിന്നിലായി.
ഗ്രൂപ്പ് ഇയിലെ പോരാട്ടത്തിലാണ് ബെലാറസിനെ ബെല്‍ജിയം ഏട്ട് ഗോളിന് പരാജയപ്പെടുത്തിയത്. 14-ാം മിനിറ്റില്‍ ആരംഭിച്ച ഗോളടി അവസാനിച്ചത് 89-ാം മിനിറ്റിലാണ്. ലീന്ഡ്രൊ ട്രോസാര്‍ഡും ഹാന്‍സ് വനേഗനും ഇരട്ടഗോളുകളുമായി തിളങ്ങി. ഡാനിയല്‍ ജെയിംസിന്റെ ഏക ഗോളിലാണ് വെയില്‍സ് ചെക്ക് റിപ്പബ്ലിക്കിനെ ഗ്രൂപ്പില്‍ അട്ടിമറിച്ചത്. തോല്‍വി വഴങ്ങിയെങ്കിലും ചെക് റിപ്പബ്ലിക് രണ്ടാം സ്ഥാനം നിലനിര്‍ത്തി. ബെല്‍ജിയമാണ് ഗ്രൂപ്പില്‍ ഒന്നാമത്.
Read More: ക്രിസ്റ്റ്യാനോ റൊണാൾഡോ എറിഞ്ഞു കളഞ്ഞ ആം ബാൻഡ് ലേലത്തിന്
ജിബ്രാള്‍ട്ടറിനെതിരെ സമ്പൂര്‍ണ ആധിപത്യത്തോടെയായിരുന്നു നെതര്‍ലൻഡ്സിന്റെ വിജയം. ഏഴ് ഗോള്‍ നേടിയപ്പോള്‍ 80 ശതമാനം പന്തടക്കവും ഒപ്പമുണ്ടായിരുന്നു. നെതര്‍ലൻഡ്സിന്റെ ആറ് ഗോളും പിറന്നത് രണ്ടാം പകുതിയിലായിരുന്നു. മെംഫിസ് ഡിപെ ഇരട്ടഗോള്‍ നേടി.
ഗ്രൂപ്പ് എച്ചില് മാല്‍ട്ടയെ എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തി ക്രോയേഷ്യ ഒന്നാമതെത്തി. ഇവാന് പെരിസിച്ച്. ലൂക്ക മോഡ്രിച്ച്, ജോസിപ് ബ്രെക്കാലോ എന്നിവരാണ് ലക്ഷ്യം കണ്ടത്. ജര്‍മനി, ഇറ്റലി, സ്പെയിന് എന്നീ വമ്പന്‍ ടീമുകള്‍ ഇന്നിറങ്ങും.