ഈ വര്‍ഷം യുഎഇയില്‍ നത്താന്‍ നിശ്ചയിച്ചിരുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് റദ്ദാക്കി. സെപ്തംബറില്‍ നടക്കേണ്ടിയിരുന്ന ടൂര്‍ണമെന്റ് കോവിഡ് വ്യാപനം നിയന്ത്രണവിധേയമാകാത്തതിനെ തുടര്‍ന്നാണ് റദ്ദാക്കിയത്.
വ്യാഴാഴ്ച്ച ചേര്‍ന്ന ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ ഭരണസമിതി യോഗത്തിലാണ് തീരുമാനം എടുത്തത്. 2021 ജൂണില്‍ ടൂര്‍ണമെന്റ് നടത്താനും തീരുമാനിച്ചു.
Read More: ഏഷ്യ കപ്പ് റദ്ദാക്കിയതായി ഗാംഗുലി; തീരുമാനത്തെക്കുറിച്ച് അറിയില്ലെന്ന് പാക്കിസ്ഥാനും ബംഗ്ലാദേശും
ഈ വർഷം പാകിസ്താനായിരുന്നു മത്സരത്തിന് ആതിഥേയത്വം വഹിക്കാനുള്ള അവകാശം. എന്നാൽ പാകിസ്താനിൽ മത്സരം നടത്തിയാൽ പങ്കെടുക്കില്ലെന്ന് ഇന്ത്യ അറിയിച്ചതോടെയാണ് മത്സരങ്ങൾ യുഎഇയിൽ സംഘടിപ്പിക്കാൻ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് തീരുമാനിച്ചത്.
അടുത്ത വർഷം മത്സരം നടത്തുന്നതിനുള്ള അവകാശം പാകിസ്താൻ ശ്രീലങ്കയ്ക്ക് കൈമാറി. 2022ൽ ടൂർണമെന്റിന് ആതിഥേയത്വം വഹിക്കാൻ പാകിസ്താൻ ക്രിക്കറ്റ് ബോർഡിനും അവകാശം ലഭിക്കും.
Read More: ‘സ്റ്റംപിനു പിറകിൽ മഹിഭായ് ഉണ്ടെങ്കിൽ എനിക്ക് ആത്മവിശ്വാസത്തോടെ ബൌൾ ചെയ്യാം’: കുൽദീപ് യാദവ്
ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക എന്നിവയുൾപ്പെടെ ആറ് രാജ്യങ്ങൾ പങ്കെടുക്കുന്ന ട്വന്റി -20 ടൂർണമെന്റ് അടുത്ത വർഷം ജൂണിൽ അരങ്ങേറുമെന്ന് പ്രതീക്ഷിക്കുന്നതായി എസിസി പ്രസ്താവനയിൽ പറഞ്ഞു.
“ടൂർണമെന്റ് സമയക്രമം അനുസരിച്ച് സംഘടിപ്പിക്കാൻ ബോർഡ് തുടക്കം മുതൽ ശ്രദ്ധിച്ചിരുന്നു. എന്നിരുന്നാലും യാത്രാ നിയന്ത്രണങ്ങൾ, രാജ്യങ്ങളിലെ ക്വാറന്റൈൻ ചട്ടങ്ങൾ, അടിസ്ഥാന ആരോഗ്യ അപകടസാധ്യതകൾ, സാമൂഹിക അകലം പാലിക്കൽ എന്നിവ ഏഷ്യാ കപ്പ് നടത്തുന്നതിന് കാര്യമായ വെല്ലുവിളികളാണ് സൃഷ്ടിച്ചിരിക്കുന്നത്,” എസിസി പ്രസ്താവനയിൽ പറയുന്നു.
നേരത്തേ ഏഷ്യാകപ്പ് റദ്ദാക്കിതായി ബിസിസിഐ അദ്ധ്യക്ഷൻ സൗരവ് ഗാംഗുലി പറഞ്ഞിരുന്നു. ‘സ്പോർട്സ് ടോക്ക്’ എന്ന ഇൻസ്റ്റഗ്രാം ലൈവിലായിരുന്നു ഗാംഗുലി ഇക്കാര്യം പറഞ്ഞത്.
ഏഷ്യ കപ്പ് റദ്ദാക്കിയിരിക്കുന്നുവെന്നും ഇതാണ് എസിസിയുടെ തീരുമാനമെന്നായിരുന്നു ഗാംഗുലി പറഞ്ഞത്. ഇത് സംബന്ധിച്ച കൂടുതൽ കാര്യങ്ങളൊന്നും വ്യക്തമാക്കാതെയായിരുന്നു ഗാംഗുലിയുടെ പ്രസ്താവന.
അതേസമയം ഇങ്ങനെ ഒരു തീരുമാനത്തെക്കുറിച്ച് അറിയില്ലെന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡും ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡും പ്രതികരിച്ചതായി ക്രിക്ബസ് റിപ്പോർട്ട് ചെയ്തിരുന്നു. ഇക്കാര്യത്തിൽ എസിസിയാണ് അന്തിമ തീരുമാനം അറിയിക്കേണ്ടതെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് അഭിപ്രായപ്പെട്ടിരുന്നു.
Read More: 2020 Asia Cup cancelled, Sri Lanka to host event next year