scorecardresearch

ഈ വര്‍ഷം ഇവരുടേതാണ്; 2018 ന്റെ താരങ്ങള്‍

കളി മികവു കൊണ്ട് പോയ വർഷത്തെ തങ്ങളുടെതായി ചരിത്രത്തില്‍ അടയാളപ്പെടുത്തിയ 11 താരങ്ങള്‍

ഈ വര്‍ഷം ഇവരുടേതാണ്; 2018 ന്റെ താരങ്ങള്‍

ലോകം ഒരു പന്തിന്റെ താളത്തിനൊത്ത് ഉയരുകയും താഴുകയും ചെയ്യുന്ന ഫുട്‌ബോള്‍ ലോകകപ്പ് അടക്കം ഓര്‍ത്തു വെക്കാന്‍ ഒരുപാട് ഓര്‍മ്മകള്‍ സമ്മാനിച്ചാണ് കായിക ലോകം 2018 നോട് വിട പറയുന്നത്. ഈ വര്‍ഷം പിന്നിടുമ്പോള്‍ വാണവരും വീണവരും ഒരുപാടാണ്. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി തന്റെ കുതിപ്പ് തുടര്‍ന്നപ്പോള്‍ ഫുട്‌ബോള്‍ രാജാക്കന്മാരായ മെസിയും ക്രിസ്റ്റിയാനോയും ഇല്ലാത്ത ബാലന്‍ ദി ഓറിനും 2018 സാക്ഷ്യം വഹിച്ചു. 2017 ലെ ഗോളടി മുഹമ്മദ് സലാഹ് ഇക്കൊല്ലവും തുടര്‍ന്നപ്പോള്‍ നാളെയുടെ താരമായ കിലിയന്‍ എംബാപ്പെയുടെ വളര്‍ച്ചയും ഈ വര്‍ഷം കണ്ടു.

തങ്ങളുടെ പ്രകടന മികവു കൊണ്ട് 2018 നെ തങ്ങളുടെ വര്‍ഷമാക്കി മാറ്റിയ താരങ്ങള്‍ ആരൊക്കെയെന്ന് കാണാം

ലൂക്കാ മോഡ്രിച്ച്

ലൂക്ക മോഡ്രിച്ച്

ചാമ്പ്യന്‍സ് ലീഗ് മുതല്‍ ലോകകപ്പ് റണ്ണര്‍ അപ്പ് വരെ, ഫിഫ ബെസ്റ്റ് മുതല്‍ ബാലന്‍ ദി ഓര്‍ വരെ, ഇക്കൊല്ലം ഫുട്‌ബോള്‍ ലോകം കണ്ടത് ലൂക്കാ മോഡ്രിച്ച് എന്ന മാന്ത്രികന്റെ കുതിപ്പാണ്. ലൂക്കയുടെ തന്ത്രങ്ങളും കളി മികവുമാണ് ചരിത്രത്തിലാദ്യമായി ക്രൊയേഷ്യയെ ലോകകപ്പിന്റെ ഫൈനലിലെത്തിച്ചത്. ഫൈനലില്‍ ഫ്രാന്‍സിനോട് പൊരുതി വീണെങ്കിലും 2018 ലോകകപ്പിന്റെ താരം ലൂക്ക തന്നെയായിരുന്നു.

നീണ്ട പത്ത് വര്‍ഷക്കാലം മെസ്സിയും റൊണാള്‍ഡോയും മാറി മാറി കൈവശം വച്ചുപോന്ന ബാലന്‍ ദി ഓര്‍ പുരസ്‌കാരം ഇക്കുറി ലൂക്കാ മോഡ്രിച്ചിന് ലഭിച്ചു. ലോകമെമ്പാടുമുളള സ്പോര്‍ട്സ് ജേണലിസ്റ്റുകള്‍, അവസാന മുപ്പതംഗ പട്ടികയില്‍ നിന്ന് വോട്ടെടുപ്പിലൂടെയാണ് മികച്ച ഫുട്ബോള്‍ താരത്തെ തിരഞ്ഞെടുത്തത്. ഫിഫയുടെ ലോക ഫുട്ബോളര്‍ പുരസ്‌കാരത്തിനു പിന്നാലെയാണ് ലൂക്ക മോഡ്രിച്ച് ബാലന്‍ ദി ഓര്‍ പുരസ്‌കാരവും സ്വന്തമാക്കിയത്.

Read ALso: ‘LM 10’ ; ബോംബ്‌ വീണ തെരുവുകളില്‍ പന്ത് തട്ടി വളര്‍ന്ന മാന്ത്രികന്‍

ലോകകപ്പില്‍ ക്രൊയേഷ്യയ്ക്ക് വേണ്ടിയും ചാംപ്യന്‍സ് ലീഗില്‍ റയല്‍ മഡ്രിഡിന് വേണ്ടിയും മികച്ച പ്രകടനം പുറത്തെടുത്തതാണ് മോഡ്രിച്ചിനെ പുരസ്‌കാരത്തിന് പ്രാപ്തനാക്കിയത്. ലോകകപ്പിന്റെ പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റിനുള്ള ഗോള്‍ഡന്‍ ബോളും യുറോപ്പിലെ മികച്ച താരത്തിനുള്ള പുരസ്‌കാരവും ഫിഫയുടെ ബെസ്റ്റും ഇക്കൊല്ലം ലൂക്ക നേടി.

കിലിയന്‍ എംബാപ്പെ

ഇക്കൊല്ലം ഫുട്‌ബോള്‍ ലോകം കണ്ട താരോദമാണ് കിലിയന്‍ എംബാപ്പെ. ഫ്രാന്‍സിന്റെ ലോകകപ്പ് ജയം ഈ 19 കാരന്റെ ചുമലിലേറിയായിരുന്നു. ഫൈനലില്‍ ഗോള്‍ നേടിയ എംബാപ്പെ ലോകകപ്പ് ഫൈനലില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമെന്ന റെക്കോര്‍ഡും സ്വന്തമാക്കി. സാക്ഷാല്‍ പെലെയ്ക്ക് പിന്നിലാണ് എംബാപ്പെയുടെ നേട്ടം. എംബാപ്പയുടെ വേഗത്തിനൊപ്പമെത്താതെ കുഴയുന്ന എതിര്‍ ടീം പ്രതിരോധ നിര 2018 ലോകകപ്പിന്റെ സുന്ദരകാഴ്ച്ചകളിലൊന്നായിരുന്നു. ലോകകപ്പിലെ പ്രകടനത്തിന് എംബാപ്പെയ്ക്ക് മികച്ച യുവതാരത്തിനുള്ള പുരസ്‌കാരം ലഭിച്ചു.

ഇക്കൊല്ലത്തെ ബാലന്‍ ദി ഓര്‍ പുര്‌സാകത്തിനും എംബാപ്പെയുടെ പേര്‍ ഉയര്‍ന്നു വന്നിരുന്നു. ആ വേദിയില്‍ വച്ച് മികച്ച യുവതാരത്തിനുള്ള ആദ്യ കോപ്പാ അവാര്‍ഡും എംബാപ്പെയ്ക്ക് ലഭിച്ചു. പിന്നാലെ ഫ്രാന്‍സിന്റെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്‌കാരവും എംബാപ്പെയെ തേടിയെത്തി. എംബാപ്പെ തുടങ്ങിയതേയുള്ളൂ, കാല്‍പ്പന്തില്‍ ഇനി വരാനിരിക്കുന്നത് കിലിയന്‍ എംബാപ്പെയുടെ നാളുകളാണ്.

അഡ ഹെഗ്ഗര്‍ബെര്‍ഗ്ഗ്

Ada Hegenberg

വനിതാ ഫുട്ബോള്‍ താരത്തിനുള്ള പ്രഥമ ബാലന്‍ ദി ഓര്‍ പുരസ്‌കാരം നേടിയ അഡ ഹെഗ്ഗര്‍ബെര്‍ഗ്ഗ്. അതേ പുരസ്‌കാര വേദിയില്‍ തന്നെ അപമാനം ഏറ്റുവാങ്ങേണ്ടി വന്നെങ്കിലും അഡയുടെ നേട്ടത്തിന്റെ മാറ്റ് ഒട്ടും കുറയുന്നില്ല.

ചരിത്രത്തില്‍ ഇതാദ്യമായാണ് വനിത ഫുട്ബോള്‍ താരത്തിനും പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. ഒളിംപിക് ലിയോണൈസ് ഫുട്ബോള്‍ ക്ലബിന്റെ മുന്നേറ്റ താരമായ അഡ, നോര്‍വേയുടെ ദേശീയ ടീമിന്റെ സ്ട്രൈക്കറാണ്. ഫ്രാന്‍സ് ഡിവിഷന്‍ വണ്ണില്‍ പത്ത് കളികളില്‍ നിന്ന് പത്ത് ഗോള്‍ നേടിയ ഇവര്‍ വനിതകളുടെ യുവേഫ ചാംപ്യന്‍സ് ലീഗില്‍ നാല് മത്സരങ്ങളില്‍ നിന്ന് നാല് ഗോളാണ് കഴിഞ്ഞ സീസണില്‍ നേടിയത്.

നവോമി ഒസാക്ക

ഒരേ സമയം ചരിത്രത്തിന്റെ പടവുകളും അപമാനത്തിന്റെ വീഴ്ച്ചയും കണ്ട മറ്റൊരു വനിതാ താരമാണ് നവോമി ഒസാക്ക. സാക്ഷാല്‍ സെറീന വില്യംസിനെ പരാജയപ്പെടുത്തി യുഎസ് ഓപ്പണില്‍ ഒസാക്ക ചരിത്രം കുറിച്ചു. റഫറിയുടെ ഇടപെടലും സെറീനയുടെ പൊട്ടിത്തെറിയും കണ്ട ഫൈനലിന് ശേഷം സെറീനയ്ക്ക് അരികില്‍ നിന്നു വിതുമ്പുന്ന ഒസാക്ക ടെന്നീസ് ചരിത്രത്തിലെ ഏറ്റവും നൊമ്പരപ്പെടുത്തുന്ന കാഴ്ച്ചകളിലൊന്നായിരുന്നു.

Read ALso:’ഇത് നിന്റെ ദിവസമാണ്’; കൂവി വിളിച്ച ആരാധകര്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് നവോമി, ചേര്‍ത്തു പിടിച്ച് ആശ്വസിപ്പിച്ച് സെറീന

ചരിത്രത്തിലാദ്യമായി സിംഗിള്‍സ് ഗ്രാന്റ് സ്ലാം കിരീടം നേടുന്ന ജപ്പാന്‍ താരമാണ് ഒസാക്ക. ചരിത്രത്തില്‍ ഇത്രയും ഉയര്‍ന്ന റാങ്കിലെത്തുന്ന രണ്ടാമത്തെ ജപ്പാന്‍ താരമാണ് ഒസാക്ക. കിമികോ ഡാറ്റയുടെ റെക്കോര്‍ഡിന് ഒപ്പമാണ് ഒസാക്ക എത്തിയത്. രണ്ട് കിരീടങ്ങളാണ് ഇക്കൊല്ലം ഒസാക്ക നേടിയത്.

മേരി കോം

കായികലോകം കണ്ട ഏറ്റവും മഹത്തായ തിരിച്ചു വരവുകളിലൊന്നായിരുന്നു മേരി കോമിന്റേത്. തന്റെ കരിയറിലെ ആറാം ലോക ചാമ്പ്യന്‍ഷിപ്പ് നേടി മേരി കോം ഇടിക്കൂട്ടില്‍ ഇന്ത്യയുടെ റാണി താന്‍ തന്നെയാണെന്ന് ഒരിക്കല്‍ കൂടി അടിവരയിട്ടു. 2001 ല്‍ തന്റെ ആദ്യ ലോക കിരീടം നേടിയതിന് 16 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മേരി തന്റെ ഏഴാമത്തെ മെഡലും ആറാമത്തെ സ്വര്‍ണവും നേടുന്നത്. ഈ 16 വര്‍ഷങ്ങള്‍ക്കുള്ളില്‍ പലരും വന്നും പോയി. പക്ഷെ അന്നും ഇന്നും ആര്‍ക്കു മുന്നിലും തല കുനിക്കാതെ മേരി കോം ഇവിടെ തന്നെയുണ്ട്.

Read Also:‘നിങ്ങള്‍ക്ക് തിരികെ നല്‍കാന്‍ എന്റെ കൈയ്യില്‍ ഒന്നുമില്ല, സ്വര്‍ണമല്ലാതെ’; വികാരഭരിതയായി മേരി കോം

2010 ലായിരുന്നു മേരി അവസാനമായി ലോക ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലെത്തുന്നത്. അന്നും വിജയം മേരിക്കൊപ്പമായിരുന്നു. ഈ വര്‍ഷം, 35-ാമത്തെ വയസില്‍, തന്നേക്കാള്‍ 13 വയസ് കുറവുള്ള യുവത്വത്തിന്റെ ചുറുചുറുക്കുള്ള ഹന്ന ഒക്കോട്ടയെയാണ് മേരി കോം ഇടിച്ചിട്ടത്.

ജസ്പ്രീത് ബുംറ

ഇക്കൊല്ലം ഇന്ത്യയുടെ ഏറ്റവും മികച്ച ബൗളര്‍ ആരെന്ന ചോദ്യത്തിന് ജസ്പ്രീത് ബുംറ എന്നല്ലാതെ മറ്റൊരു ഉത്തരമില്ല. ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ ബൗളര്‍, ഏറ്റവും മികച്ച സ്‌ട്രൈക്ക് റേറ്റും ആവറേജുമുള്ള ബൗളര്‍, ഏറ്റവും കുറവ് റണ്‍സ് വിട്ടുകൊടുത്തവന്‍, മുഹമ്മദ് ഷമിയ്ക്ക് മാത്രം പിന്നിലായി, ഏറ്റവും കൂടുതല്‍ പന്തുകള്‍ എറിഞ്ഞവന്‍. അങ്ങനെ ബുംറയുടെ സര്‍വ്വാധിപത്യം കണ്ട വര്‍ഷമാണ് 2018.

വിദേശത്ത് 45 വിക്കറ്റുകളാണ് ബുംറ ഇക്കൊല്ലം ഇതുവരെ നേടിയത്. അരങ്ങേറ്റ വര്‍ഷം ഇത്രയും വിക്കറ്റുകള്‍ വിദേശത്ത് നേടുന്ന ആദ്യ ബൗളറാണ് ബുംറ. 39 വര്‍ഷത്തെ റെക്കോര്‍ഡാണ് ബുംറ തിരുത്തിയത്. ഏറ്റവും ഒടുവിലായി ബുംറ കുറിച്ച റെക്കോര്‍ഡാണിത്. ഈ വര്‍ഷം വേറേയും റെക്കോര്‍ഡുകള്‍ ബുംറ തിരുത്തിയെഴുതുന്നത് കണ്ടു.

ഹിമാ ദാസ്

ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ട്രാക്കില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യാക്കാരി എന്ന ബഹുമതി സ്വന്തമാക്കിയ ഹിമാ ദാസ്. പെണ്‍കുട്ടികളുടെ 400 മീറ്റര്‍ ഫൈനലില്‍ 51.46 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് അസം താരം ചരിത്രനേട്ടം സ്വന്തമാക്കിയത്. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ താരം യൂത്ത് മീറ്റ് ട്രാക്ക് ഇനത്തില്‍ സ്വര്‍ണം നേടുന്നത്.

ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ 4X400 മീറ്റര്‍ റിലേ ടീമില്‍ ഹിമയുമുണ്ടായിരുന്നു. ഏഷ്യന്‍ ഗെയിംസില്‍ 400 മീറ്ററില്‍ വെളളി മെഡലും നേടി ഹിമ. പിന്നാലെ ഏഷ്യന്‍ ഗെയിംസിലെ പ്രഥമ മിക്‌സഡ് റിലേയിലും ഹിമയുടെ ടീം വെള്ളി നേടി. രാജ്യം അര്‍ജുന അവാര്‍ഡ് നല്‍കിയാണ് ഹിമയെ ആദരിച്ചത്.

Read Also:അസമിലെ ചെളികണ്ടത്തില്‍ നിന്നും സ്വര്‍ണ്ണ തിളക്കത്തിലേക്ക്; ഹിമ പിന്നിട്ട ദൂരങ്ങള്‍

അസമിലെ നെല്‍പ്പാടങ്ങളില്‍ ആണ്‍കുട്ടികള്‍ക്കൊപ്പം ഫുട്‌ബോള്‍ കളിച്ച് വളര്‍ന്ന ഹിമയുടെ വിജയഗാഥ കായിക പ്രേമികള്‍ക്ക് പ്രചോദനമാണ്. ഇക്കൊല്ലം ഇന്ത്യന്‍ അത്‌ലറ്റിക്‌സ് കണ്ട താരോദയമാണ് ഹിമാ ദാസ്.

സ്വപ്‌നാ ബര്‍മന്‍

ഏഷ്യന്‍ ഗെയിംസ് ഹെപ്റ്റാത്തലണില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ഖ്യാതിയാണ് ഇരുപത്തൊന്നുകാരിയായ സ്വപ്ന ബര്‍മന്‍ സ്വന്തമാക്കിയത്. 6026 പോയിന്റോടെയായിരുന്നു സ്വപ്ന സ്വര്‍ണം നേടിയത്. ഹൈജംപില്‍ 1003 പോയിന്റ്, ജാവലിന്‍ ത്രോയില്‍ 872 പോയിന്റ്, ഷോട്ട്പുട്ടില്‍ 707, ലോങ് ജംപില്‍ 865 എന്നിങ്ങനെയാണ് സ്വപ്നയുടെ നേട്ടം. 100 മീറ്ററില്‍ 981 പോയിന്റും 200 മീറ്ററില്‍ 790 പോയിന്റുമാണ് സ്വപ്ന നേടിയത്.

Read Also:‘ഈ വിരലുകള്‍ ഇനി വേദന കൊണ്ട് വീര്‍പ്പു മുട്ടില്ല’; സ്വപ്‌നയ്‌ക്ക് നൈക്കിന്റെ പ്രത്യേക ഷൂ ഒരുങ്ങുന്നു

നിരവധി വെല്ലുവിളികളെ അതിജീവിച്ചായിരുന്നു സ്വപ്നയുടെ സ്വര്‍ണനേട്ടം. പന്ത്രണ്ട് വിരലുകളുള്ള സ്വപ്ന കടുത്ത വേദന സഹിച്ചാണ് പരിശീലനം നടത്തിയിരുന്നത്. പിന്നാലെ സ്വപ്‌നയ്ക്ക് പ്രത്യേകം തയ്യാറാക്കിയ ഷൂസുകള്‍ സ്‌പോണ്‍സര്‍ ചെയ്യാമെന്ന് അറിയിച്ച് നൈക്ക് രംഗത്തെത്തിയതും അത്‌ലറ്റിക്‌സിലെ മറക്കാനാവാത്ത നിമിഷങ്ങളായിരുന്നു.

പിവി സിന്ധു
pv sindhu, Korea Open Superseries Final
ഫൈനലില്‍ തോല്‍ക്കുന്ന ശീലത്തിന് പിവി സിന്ധു അന്ത്യം കുറിച്ച വര്‍ഷമാണ് 2018. ബിഡബ്ല്യുഎഫ് വേള്‍ഡ് ടൂര്‍ണമെന്റില്‍ പി.വി.സിന്ധുവിന് കിരീടം. ഇത് ആദ്യമായാണ് ബിഡബ്ല്യുഎഫ് വേള്‍ഡ് ടൂര്‍ണമെന്റില്‍ ഒരു ഇന്ത്യന്‍ താരം കിരീടം നേടുന്നത്. കലാശപ്പോരില്‍ ജപ്പാന്റെ നൊസോമി ഒകുഹാരയെ തോല്‍പ്പിച്ചാണ് സിന്ധു കിരീടം നേടിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സിന്ധുവിന്റെ വിജയം.

നിര്‍ണായക മത്സരങ്ങളില്‍ ഫൈനലില്‍ വീണ് പോകുന്ന പതിവിന് ഇതോടെ സിന്ധു അവസാനം നല്‍കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ലോക ചാമ്പ്യന്‍ഷിപ്പിലെ ഫൈനലില്‍ ജപ്പാന്‍ താരത്തോട് സിന്ധു തോറ്റിരുന്നു. റിയോ ഒളിമ്പിക്‌സിലും സിന്ധു ഫൈനലില്‍ അടിയറവ് പറഞ്ഞിരുന്നു. രണ്ട് ലോക ചാമ്പ്യന്‍ഷിപ്പുകള്‍, ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസ് എന്നീ മത്സരങ്ങളിലും സിന്ധുവിന് വെളളി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നിരുന്നു.

രോഹിത് ശര്‍മ്മ

19 മത്സരങ്ങള്‍ 19 ഇന്നിങ്‌സുകള്‍, 1030 റണ്‍സുമായി ഇക്കൊല്ലം ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഏകദിന ബാറ്റ്‌സ്മാന്മാരില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിക്ക് പിന്നിലായി രണ്ടാമത്. അഞ്ച് സെഞ്ച്വറിയും മൂന്ന് ഫിഫ്റ്റിയും അടങ്ങുന്നതാണ് രോഹിത്തിന്റെ ഈ കൊല്ലത്തെ സമ്പാദ്യം.

ട്വന്റിയില്‍ വിന്‍ഡീസിനും ഇംഗ്ലണ്ടിനും എതിരെ സെഞ്ച്വറി നേടിയ രോഹിത് നേട്ടം നാലാക്കി. ഏറ്റവും കൂടുതല്‍ ട്വന്റി-20 സെഞ്ച്വറികളുള്ള താരമെന്ന റെക്കോര്‍ഡ് ഇന്ത്യയുടെ ഹിറ്റ്മാന് സ്വന്തം. ക്യാപ്റ്റനെന്ന നിലയിലും രോഹിത് ഇക്കൊല്ലം തന്റെ മികവ് തെളിയിച്ചു. കോഹ്ലിയില്ലാതെ ഇറങ്ങിയ ഇന്ത്യയ്ക്ക് രോഹിത് ഏഷ്യാ കപ്പ് നേടി കൊടുത്തു. ആധികാരികമായിരുന്നു ഇന്ത്യയുടെ വിജയം. രോഹിത്തിന്റെ ക്യാപ്റ്റന്‍സിയും ഇക്കൊല്ലം കൈയ്യടി നേടി.

സിക്‌സുകള്‍ അടിക്കുന്നതില്‍ തന്റെ റെക്കോര്‍ഡ് തന്നെ തിരുത്തി ഹിറ്റ്മാന്‍ എന്ന പേര് രോഹിത് ഒന്നുകൂടെ ഉറപ്പിച്ചു. 74 സിക്‌സുകളാണ് രോഹിത് ഇക്കൊല്ലം മാത്രം അടിച്ചത്. കഴിഞ്ഞകൊല്ലം 65 സിക്‌സുകളായിരുന്നു രോഹിത് അടിച്ചിരുന്നത്.

വിരാട് കോഹ്ലി

2018 എന്നല്ല, ഇന്ത്യന്‍ കുപ്പായത്തില്‍ കളി തുടങ്ങിയ നാള്‍ മുതല്‍ വിരാട് കോഹ്ലിയുടെ യാത്ര മുന്നോട്ട് മാത്രമാണ്. ബാറ്റെടുക്കുന്നത് തന്നെ റെക്കോര്‍ഡ് തിരുത്താനാണെന്ന തരത്തില്‍ കളിക്കുന്ന വിരാട് ഇക്കൊല്ലം റെക്കോര്‍ഡുകള്‍ തിരുത്തുന്നതില്‍ തന്നെ റെക്കോര്‍ഡ് ഇടുകയാണ്.

13 ടെസ്റ്റുകളില്‍ നിന്നുമായി 1322 റണ്‍സാണ് കോഹ്ലി ഇക്കൊല്ലം ഇതുവരെ നേടിയിട്ടുള്ളത്. 14 ഏകദിന മത്സരങ്ങള്‍ കളിച്ച കോഹ്ലി 1202 റണ്‍സ് നേടി. 10 ട്വന്റി-20 കളിച്ച കോഹ്ലിയുടെ സമ്പാദ്യം 211 റണ്‍സാണ്. ആകെ റണ്‍സ് 2700 ല്‍ അധികം വരും. ഇതില്‍ തന്നെ 11 സെഞ്ചറികളും എട്ട് അര്‍ധസെഞ്ച്വറികളും ഉള്‍പ്പെടുന്നതാണ്. ഒരു കലണ്ടര്‍ വര്‍ഷം അതിവേഗം 1000 റണ്‍സ് നേടുന്ന താരമായി മാറി ഇക്കൊല്ലം കോഹ്ലി, 11 മത്സരങ്ങളില്‍ നിന്നുമായിരുന്നു ഈ നേട്ടം.

ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ വിജയം 2018 ല്‍ സ്വന്തമാക്കിയ ടീമായി ഇന്ത്യയെ മാറ്റിയത് കോഹ്ലി എന്ന നായകനാണ്. 20 മത്സരങ്ങളില്‍ 14 എണ്ണത്തിലും ഇന്ത്യ ജയിച്ചിരുന്നു. ടെസ്റ്റിലും ഏകദിനത്തിലും 1000 ല്‍ അധികം റണ്‍സ് ഒരു കലണ്ടര്‍ വര്‍ഷം നേടുന്ന ഏകതാരം, ആറ് ഏകദിന സെഞ്ചറികള്‍ ഒരു വര്‍ഷം നേടുന്ന ഏകതാരം, ഒരു വർഷം 11 അന്താരാഷ്ട്ര സെഞ്ച്വറികള്‍ നേടുന്ന ഏകതാരം, ഇംഗ്ലണ്ടിലും ദക്ഷിണാഫ്രിക്കയിലും ഓസ്‌ട്രേലിയയിലും സെഞ്ച്വറി നേടുന്ന ആദ്യ ഏഷ്യന്‍ താരം അങ്ങനെ എണ്ണിലായൊടുങ്ങാത്ത അത്രയും റെക്കോര്‍ഡുകള്‍ ഈ വര്‍ഷം കോഹ്ലി തിരുത്തിയിട്ടുണ്ട്.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: 2018 round up stars of the year