സംഭവ ബഹുലമായിരുന്നു ഇക്കൊല്ലം കായിക രംഗം. അട്ടിമറികളുടെ ഫുട്ബോള്‍ ലോകകപ്പും സ്പോർട്സിന്റെ രാഷ്ട്രീയവുമെല്ലാമായി ഓര്‍ത്തുവെക്കാന്‍ ഒരുപാടുണ്ട്. അതേസമയം തന്നെ ആരാധകര്‍ മറക്കാനാഗ്രഹിക്കുന്ന സംഭവങ്ങളും കായിക ലോകത്ത് അരങ്ങേറി. ക്രിക്കറ്റ് ലോകത്തെ പിടിച്ചുലച്ച പന്തു ചുരണ്ടല്‍ വിവാദം മുതല്‍ നാപ്പോളിയുടെ കലിദു കോലിബാലിക്കെതിരായ വംശീയ അധിക്ഷേപം വരെ. ഇക്കൊല്ലം കായിക ലോകത്തെ ഉലച്ചു കളഞ്ഞ പ്രധാന വിവാദങ്ങള്‍ കാണാം
പന്തു ചുരണ്ടല്‍ വിവാദം
2018 തുടങ്ങിയതും അവസാനിച്ചതും പന്തു ചുരണ്ടല്‍ വിവാദത്തിലായിരുന്നു എന്നു പറയാം. ക്രിക്കറ്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിവാദങ്ങളിലൊന്ന്. പ്രതി സ്ഥാനത്തുള്ളത് ക്രിക്കറ്റിന്റെ രാജാക്കന്മാരായ ഓസ്ട്രേലിയയും ആധുനിക ക്രിക്കറ്റിന്റെ മുഖമായ രണ്ട് താരങ്ങളും.
മാര്‍ച്ചിലായിരുന്നു ക്രിക്കറ്റിനെ പിടിച്ചുലച്ച പന്തു ചുരണ്ടല്‍ വിവാദം അരങ്ങേറുന്നത്. ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മില്‍ കേപ്പ് ടൗണില്‍ വച്ച് നടന്ന മത്സരത്തിനിടെയായിരുന്നു സംഭവം. യുവതാരം കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് സാന്റ് പേപ്പര്‍ ഉപയോഗിച്ച് പന്ത് ചുരണ്ടുന്നതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും പുറത്ത് വരികയായിരുന്നു.
പിന്നാലെ നടന്ന അന്വേഷണത്തില്‍ ഓസീസ് നായകന് സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍ എന്നിവരാണ് ബാന്‍ക്രോഫ്റ്റിനോട് പന്ത് ചുരണ്ടാന്‍ ആവശ്യപ്പെട്ടതെന്ന് തെളിഞ്ഞു. സ്മിത്തിനും വാര്‍ണര്‍ക്കും ഒരു വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തി. ബാന്‍ക്രോഫ്റ്റിന് ഒമ്പത് മാസത്തേക്കായിരുന്നു വിലക്ക്. ഡാരന്‍ ലേമാന് പരിശീലക സ്ഥാനം രാജിവെച്ചു. പിന്നാലെ വന്ന ഐപിഎല്ലിലും സ്മിത്തിനും വാര്‍ണര്‍ക്കും കളിക്കാന്‍ അനുമതി ലഭിച്ചില്ല.
2018 അവസാനിക്കുമ്പോള്‍ പന്തു ചുരണ്ടല്‍ സംഭവത്തെ കുറിച്ച് ബാന്‍ക്രോഫ്റ്റ് വീണ്ടും വെളിപ്പെടുത്തല്‍ നടത്തിയതോടെ വിവാദം വീണ്ടും വാര്‍ത്തകളിലിടം പിടിച്ചു. വാര്‍ണറായിരുന്നു പന്ത് ചുരണ്ടാന്‍ തന്നോട് ആവശ്യപ്പെട്ടതെന്നായിരുന്നു ബാന്‍ക്രോഫ്റ്റിന്റെ വെളിപ്പെടുത്തല്‍.
ക്രിസ്റ്റ്യാനോയ്ക്കെതിരായ പീഡന ആരോപണം
താന്‍ കുറിക്കുന്ന റെക്കോര്‍ഡുകളുടേയും നേടുന്ന നേട്ടങ്ങളുടേയും പേരില്‍ എന്നും വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിരുന്ന ക്രിസ്റ്റ്യാനോയ്ക്കെതിരായ പീഡന ആരോപണ വാര്‍ത്ത ഫുട്ബോള്‍ പ്രേമികളെ ഞെട്ടിക്കുന്നതായിരുന്നു.
ഈ വര്‍ഷം തന്നെയായിരുന്നു ക്രിസ്റ്റ്യാനോ ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം റയല്‍ മാഡ്രിഡിനോട് വിട പറഞ്ഞ് ഇറ്റാലിയന്‍ ടീമായ യുവന്റസിലേക്ക് ചേക്കേറിയത്.
2009 ല്‍ ലാസ് വേഗസിലെ ഹോട്ടല്‍ മുറിയില്‍ വച്ച് ക്രിസ്റ്റിയാനോ തന്നെ പീഡിപ്പിച്ചെന്നായിരുന്നു മോഡലായ കാതറിന് മായോര്‍ഗയുടെ വെളിപ്പെടുത്തല്‍. എന്നാല്‍ ആരോപണത്തെ ക്രിസ്റ്റ്യാനോ എതിര്‍ത്തു. ഉഭയസമ്മത്തോടെയായിരുന്നു ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതെന്ന് ക്രിസ്റ്റ്യാനോ പറഞ്ഞു. ക്ലബ്ബില്‍ വച്ച് ഇരുവരും ഒരുമിച്ച് നൃത്തം ചെയ്യുന്നതിന്റെ വീഡിയോയും പുറത്ത് വന്നിരുന്നു. സംഭവം ലാസ് വേഗസ് പൊലീസ് അന്വേഷിച്ച് വരികയാണ്.
സെറീനയുടെ വികാര പ്രകടനം
ഒരു ഫെയറി ടേലിന്റെ എല്ലാ ഭംഗിയും നിറഞ്ഞതായിരുന്നു യുഎസ് ഓപ്പണന്‍ വനിതാ സിംഗിള്‍സിന്റെ ഫൈനല്‍. അമ്മയായതിന് ശേഷം ടെന്നീസ് കോര്‍ട്ടിലേക്ക് തിരികെ വരുന്ന, ഏക്കാലത്തേയും മികച്ച താരങ്ങളിലൊരാളുമായ സെറീനയും പുത്തന്‍ താരോദമായ ജപ്പാന്റെ നവോമി ഒസാക്കയുമായിരുന്നു എതിരാളികള്‍. ടെന്നീസ് ലോകം സമീപകാലത്തെങ്ങും ഇല്ലാത്ത ആകാംഷയോടെയായിരുന്നു ഫൈനലിന് കാത്തിരുന്നത്. പക്ഷെ ഒരു നിമിഷം കൊണ്ട് ഏല്ലാവരും മറക്കാനാഗ്രഹിക്കുന്ന ഒരോര്‍മ്മ മാത്രമായി മാറി.
ടെന്നീസ് നിയമം ലംഘിച്ച് പുറത്ത് നിന്നും തന്റെ കോച്ചിന്റെ നിര്‍ദ്ദേശങ്ങള്‍ സെറീനയ്ക്ക് ലഭിച്ചെന്ന് കാണിച്ച് അമ്പയര്‍ കാര്‍ലോസ് റാമോസ് താരത്തിന് ഗെയിം പെനാല്‍റ്റി വിധിക്കുകയായിരുന്നു. പ്രകോപിതയായ സെറീന മത്സരത്തിലുടനീളം അമ്പയറുമായി കലഹിച്ചു. ഫൈനലില്‍ പരാജയപ്പെടുകയും ചെയ്തു. അമ്പയര്‍ തന്നോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് പൊട്ടിത്തെറിക്കുകയും കരയുകയും ചെയ്ത സെറീന ടെന്നീസ് റാക്കറ്റ് വലിച്ചെറിഞ്ഞു.
പക്ഷെ അതിലും വേദനിപ്പിക്കുന്നതായിരുന്നു മറുവശത്ത് എന്താണ് സംഭവിക്കുന്നത് എന്നു പോലും മനസിലാകാതെ ഒസാക്ക നിന്ന കാഴ്ച്ച. കിരീടം ഏറ്റുവാങ്ങുമ്പോള്‍ തന്റെ റോള്‍ മോഡലായ സെറീനയ്ക്ക് അരികില്‍ നിന്നു വിതുമ്പുന്ന ഒസാക്ക നൊമ്പരക്കാഴ്ച്ചയായി മാറി. ഒസാക്കയുടെ പേരില്‍ അറിയപ്പെടേണ്ടിയിരുന്ന ഒരു രാത്രി വിവാദത്തിന്റെ പേരില്‍ ശോഭയറ്റ് പോവുകയായിരുന്നു.
ഷമിയ്ക്കെതിരെ ആരോപണങ്ങളുമായി ഹസിന് ജഹാന്
സമീപ കാലത്ത് ഇന്ത്യന്‍ ടീം കണ്ട മികച്ച പേസര്‍മാരിലൊരാളാണ് മുഹമ്മദ് ഷമി. താരത്തിന്റെ കരിയറിന് തന്നെ വെല്ലുവിളി ഉയര്‍ത്തുന്നതായിരുന്നു ഭാര്യ ഹസിന് ജഹാന് ഉയര്‍ത്തിയ ആരോപണങ്ങള്‍. ഷമിക്കെതിരെ വിവാഹേതര ബന്ധം, പീഡനം, ഗാര്‍ഹിക പീഡനം തുടങ്ങിയ ആരോപണങ്ങളുമായാണ് ഹസിന് രംഗത്തെത്തിയത്. ഹസിന്റെ പരാതിയില്‍ പൊലീസ് ഷമിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
പിന്നാലെ ബിസിസിഐ താരത്തിന്റെ കരാര്‍ നീട്ടുന്നത് മാറ്റിവെച്ചു. താരത്തിനെതിരെ ഹസിന് വാതുവെപ്പ് ആരോപണവുമയര്ത്തിയതിനെ തുടര്‍ന്നായിരുന്നു ബിസിസിഐയുടെ നടപടി. താരവുമായി ബി ഗ്രേഡ് കരാറിലാണ് ബിസിസിഐ ഒപ്പുവെച്ചത്. ഷമിയുടെ കുടുംബത്തിനെതിരേയും ഹസിന് ആരോപണങ്ങളുയര്‍ത്തി. ആരോപണങ്ങളെല്ലാം ഷമി നിരസിച്ചു.
മിതാലി-പവാര്‍ പോരില്‍ ഉലഞ്ഞ് ഇന്ത്യന്‍ ക്രിക്കറ്റ്
ട്വന്റി-20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും ഇതിഹാസ താരം മിതാലി രാജിനെ ഒഴിവാക്കിയത് ക്രിക്കറ്റ് ലോകത്തെ ഒന്നാകെ ഞെട്ടിച്ച സംഭവമായിരുന്നു. അതിലും ഞെട്ടിക്കുന്നതായിരുന്നു പിന്നാലെ നടന്നത്. തന്നെ പരിശീലകന് രമേശ് പവാര്‍ അപമാനിക്കുകയാണെന്നും ടീമില്‍ നിന്നും മനപ്പൂര്‍വ്വം ഒഴിവാക്കുകയായിരുന്നുവെന്നും മിതാലി തുറന്നടിച്ചു. ബിസിസിഐയുടെ സിഒഎ അംഗവും മുന്‍ താരവുമായ ഡയാന എഡല്ജിക്കെതിരെയും മിതാലി ആരോപണമുന്നയിച്ചു.
പവാറിനെതിരെ ട്വിറ്ററിലൂടെ മിതാലി പരസ്യമായി രംഗത്തെത്തി. തന്നോട് പവാര്‍ മോശമായി പെരുമാറുകയാണെന്നും കുറ്റക്കാരിയായി ചിത്രീകരിക്കുകയാണെന്നും മിതാലി ആരോപിച്ചു. തന്റെ ജീവിതത്തിലെ കറുത്ത ദിനമെന്നായിരുന്നു ഈ ദിനത്തെ മിതാലി വിശേഷിപ്പിച്ചത്.
മിതാലിയുടെ ആരോപണങ്ങള്‍ പവാര്‍ നിഷേധിച്ചു. മിതാലിയെ കൈകാര്യം ചെയ്യാന്‍ സാധിക്കില്ലെന്നും സ്വാര്‍ത്ഥയാണെന്നും പവാര്‍ ആരോപിച്ചു. പിന്നാലെ പവാറിന് പിന്തുണയുമായി ഇന്ത്യന്‍ ട്വന്റി-20 നായിക ഹര്‍മന്‍പ്രീതും ഉപനായിക സ്മൃതി മന്ദാനയും രംഗത്തെത്തി. പവാറിനെ പരിശീലക സ്ഥാനത്ത് നിലനിര്‍ത്തണമെന്ന് ഇരുവരും ആവശ്യപ്പെട്ടു. എന്നാല്‍ കാലാവധി തീര്‍ന്നതോടെ പവാറിനെ പരിശീലക സ്ഥാനത്ത് നിന്നും മാറ്റി. വീണ്ടും അദ്ദേഹം അപേക്ഷ നല്‍കിയെങ്കിലും ബിസിസിഐ പരിഗണിച്ചില്ല. ഡബ്ല്യുവി രാമനെയായിരുന്നു പുതിയ കോച്ചായി നിയമിച്ചത്.
അപമാനിതയായി അഡ ഹെഗ്ഗര്ബെര്ഗ്
നവോമി ഒസാക്കയെ പോലെ ചരിത്രത്തില്‍ തന്റെ പേര് എഴുതി ചേര്‍ത്ത അതേ രാവില്‍ അതേ വേദിയില്‍ വച്ച് അപമാനിതയായി അഡ ഹെഗ്ഗര്‍ബെര്‍ഗ്ഗ്. ലോകത്തെ ഏറ്റവും മികച്ച വനിത ഫുട്ബോള്‍ താരത്തിനുള്ള ബാലന് ദി ഓര് നേടുന്ന താരമായി മാറിയ അഡയ്ക്ക് അതേ വേദിയില്‍ വച്ചു തന്നെ അപമാനവും നേരിടേണ്ടി വന്നു. പുരസ്കാരം നേടിയതിന് പിന്നാലെ താരത്തോട് അവതാരകനായ ഡിജെ മാര്ട്ടിന് സോള്‍വെയ്ഗ് ലൈംഗിക ചുവയുള്ള നൃത്തം ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു.
പറ്റില്ലെന്ന് പറഞ്ഞ് അഡ സ്റ്റേജ് വിട്ടെങ്കിലും വിവാദത്തിന് അന്ത്യമായില്ല. പിന്നാലെ സോഷ്യല്‍ മീഡിയയില്‍ മാര്‍ട്ടിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. പ്രതിഷേധം ശക്തമായതോടെ മാര്ട്ടിന് തന്നെ മാപ്പ് ചോദിച്ച് രംഗത്തെത്തി.
ആരാധകനോട് രാജ്യം വിടാന്‍ പറഞ്ഞ് വിരാട് കോഹ്ലി
കരിയറിലെ ഏറ്റവും മികച്ച വര്‍ഷങ്ങളിലൊന്നായിരുന്നു വിരാട് കോഹ്ലിയ്ക്ക് 2018. എന്നാല്‍ വിവാദത്തിലും ഇക്കൊല്ലം കോഹ്ലിയുടെ പേര് ഉയര്‍ന്നു വന്നു. ഇന്ത്യന്‍ താരങ്ങളേക്കാള്‍ ഇഷ്ടം ഓസീസ് താരങ്ങളോടും ഇംഗ്ലണ്ട് താരങ്ങളോടുമാണെന്ന് പറഞ്ഞ ആരാധകനോട് ഇന്ത്യ വിടാന്‍ പറഞ്ഞായിരുന്നു വിരാട് വിവാദത്തിലായത്.
ആരാധകരുമായി സംവദിക്കുന്നതിനിടെയായിരുന്നു വിരാടിന്റെ പ്രതികരണം. ഇതിന്റെ വീഡിയോയും ഷെയര്‍ ചെയ്തിരുന്നു. താരത്തിനെതിരെ പല കോണില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നു. വിരാടിന്റെ സ്വഭാവം അളക്കുന്നതിലേക്ക് വരെ എത്തി വിവാദം. എന്നാല്‍ താന്‍ എങ്ങനെയാണോ അതുപോലെ തന്നെ ഇനിയും തുടരുമെന്നു പറഞ്ഞായിരുന്നു വിരാട് വിവാദം അവസാനിപ്പിച്ചത്.
ഓസിലിന്റെ പടിയിറക്കം
കായിക ലോകത്തിന് തന്നെ നാണക്കേടുണ്ടാക്കികൊണ്ടായിരുന്നു ജര്‍മ്മന്‍ മിഡ്ഫീല്‍ഡര്‍ മെസ്യൂത് ഓസില്‍ രാജ്യാന്തര ഫുട്ബോളില്‍നിന്ന് വിരമിച്ചത്. വംശീയാധിക്ഷേപം ഉള്‍പ്പെടെയുള്ള ഗുരുതര ആരോപണങ്ങള്‍ക്കും ആക്ഷേപങ്ങള്‍ക്കും ഒടുവിലാണ് ഓസില്‍ രാജ്യന്തര ഫുട്ബോളില്‍ നിന്ന് വിരമിക്കുന്നത്. റഷ്യന്‍ ലോകകപ്പിന്റെ കിക്കോഫിന് മുമ്പേ തുടങ്ങിയ വംശീയാധിക്ഷേപത്തെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം.
2014ല്‍ ജര്‍മ്മനിക്ക് ലോകകപ്പ് നേടികൊടുത്തതില്‍ നിര്‍ണായക പങ്ക് വഹിച്ച താരമാണ് മെസ്യൂത് ഓസില്‍. തുര്‍ക്കി വംശജനായ ഓസില്‍ തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാനെ മാസങ്ങള്‍ക്ക് മുമ്പ് സന്ദര്‍ശിച്ചത് ജര്‍മനിയില്‍ വലിയ വിവാദമുണ്ടാക്കിയിരുന്നു. പിന്നാലെ ജര്‍മ്മനി ലോകകപ്പില്‍ നിന്ന് ആദ്യ റൗണ്ടില്‍ പുറത്തായതോടെ കൂടുതല്‍ പഴി കേട്ടതും ഓസിലായിരുന്നു. ഇതോടെ, ഇരട്ട പൗരത്വമുള്ള താരങ്ങളെ ദേശീയ ടീമില്‍ ഉള്‍പ്പെടുത്തരുതെന്ന ആവശ്യം ജര്‍മനിയില്‍ ഉയര്‍ന്നു. എന്നാല്‍, ക്ലബ് ഫുട്ബോളില്‍ താരം ഇപ്പോഴും സജീവമാണ്.
കോലിബാലിക്കെതിരായ ഇന്റര്‍ ആരാധകരുടെ വംശീയാധിക്ഷേപം
വംശീയാധിക്ഷേപത്തിന്റെ നാണക്കേടില്‍ ഒരിക്കല്‍ കൂടി തല താഴ്ത്തി നിന്നു ഫുട്ബോള്‍ ലോകം. ഈ വര്‍ഷം ഏറ്റവും ഒടുവിലത്തെ വിവാദമാണ് കോലിബാലിക്കെതിരായ വംശീയ അധിക്ഷേപം. ഇറ്റാലിയന്‍ സീരി എയില്‍ നടന്ന മത്സരത്തിനിടെ നാപ്പോളി താരം കലിദു കോലിബാലിയ്ക്കെതിരായിരുന്നു വര്ണവെറിയന്മാര് അധിക്ഷേപ വാക്കുകള്‍ ചൊരിഞ്ഞത്. നാപ്പോളിയും ഇന്റര്‍മിലാനും തമ്മിലുള്ള കളിക്കിടെയായിരുന്നു സംഭവം. സെനഗല്‍ താരമാണ് കലിദു.
താരത്തെ കുരങ്ങനെന്നു വിളിച്ചും കുരങ്ങിന്റെ ശബ്ദമുണ്ടാക്കിയുമാണ് ഇന്റര്‍ ആരാധകര്‍ അധിക്ഷേപിച്ചത്. ആരാധകരുടെ മോശം പെരുമാറ്റം അതിരു കടന്നപ്പോള്‍ നാപ്പോളിയുടെ പരിശീലകനായ ആഞ്ചലോട്ടിക്ക് കളി നിര്‍ത്തി വെക്കാന്‍ വരെ പറയേണ്ടി വന്നു. എന്നാല്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ കേള്‍ക്കാതെ റഫറി കളി തുടരാന്‍ ആവശ്യപ്പെടുകയായിരുന്നു. മിലാന്റെ ഹോം ഗ്രൗണ്ടായ സാന്‍ സിറോ സ്റ്റേഡിയത്തിലായിരുന്നു മത്സരം നടന്നത്.
കോലിബാലിക്ക് പിന്തുണയുമായി സൂപ്പര്‍ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും മുഹമ്മദ് സലാഹും പോള്‍ പോഗ്ബയും വരെയുള്ളവര്‍ രംഗത്തെത്തി. കോലിബാലിയുടെ മുഖം മൂടി അണിഞ്ഞെത്തിയാണ് നാപ്പോളി ആരാധകര്‍ പിന്തുണ അറിയിച്ചത്.
ലോകകപ്പ് വേദിയില്‍ രാഷ്ട്രീയം പറഞ്ഞ ഷാക്കിരിയും ഷാക്കയും
റഷ്യന്‍ ലോകകപ്പിലേക്ക് തങ്ങളുടെ അതിജീവനത്തിന്റെ രാഷ്ട്രീയം കൊണ്ടു വന്ന സ്വിറ്റ്സര്‍ലന്‍ഡ് താരങ്ങളായ ഷെര്‍ദന്‍ ഷാക്കിരിയും ഷാക്കയും. ഗോള്‍ അടിച്ച ശേഷം അല്‍ബേനിയന്‍ പതാകയിലെ ഇരുതലയുള്ള പരുന്തിനെ അനുകരിച്ച് കൈ കൊണ്ട് ആംഗ്യം കാണിച്ചതാണ് രണ്ട് താരങ്ങളേയും വിവാദത്തിലേക്ക് കൊണ്ടു ചെന്നെത്തിച്ചത്.
സെര്‍ബിയയില്‍ നിന്നും സ്വിറ്റ്സര്‍ലന്‍ഡിലേക്ക് കുടിയേറ്റക്കാരായി എത്തിയ താരങ്ങള്‍ക്ക് സെര്‍ബിയയോടുള്ള രാഷ്ട്രീയം കൂടിയായിരുന്നു മല്‍സരം. അതുകൊണ്ട് തന്നെയാണ് ഇവര്‍ ഗോളാഘോഷം ഈ രീതിയിലാക്കിയത്. മല്‍സരത്തില്‍ ഷാക്കിരി വിജയഗോള്‍ നേടിയതിന് പിന്നാലെ ഇരട്ടത്തലയുളള പരുന്തിന്റെ ചിഹ്നം കൈകൊണ്ട് കാണിച്ച്, നാവ് പുറത്തേക്ക് നീട്ടിയാണ് ഷാക്കിരിയും ഷാക്കയും വിജയം ആഘോഷിച്ചത്.
മുമ്പ് സെര്‍ബിയയുടെ അധീനതയിലായിരുന്ന കൊസോവയിലാണ് ഷാക്കിരി ജനിച്ചത്. 2008ല്‍ കൊസോവ സ്വതന്ത്ര പ്രദേശമായി പ്രഖ്യാപിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ സെര്‍ബിയ തയ്യാറാകാത്തത് ഇരു രാജ്യങ്ങളും തമ്മിലുളള ബന്ധം വഷളാക്കി. അല്‍ബേനിയന്‍ പാരമ്പര്യമുളള ഷാക്കയുടെ മാതാപിതാക്കള്‍ കൊസോവയിലാണ് ജനിച്ചത്. കൊസോവയുടെ സ്വാതന്ത്രത്തിനായി ശബ്ദം ഉയര്‍ത്തിയ ഇദ്ദേഹത്തിന്റെ പിതാവിനെ അന്നത്തെ യൂഗോസ്ലാവിയയില്‍ ജയിലില്‍ അടച്ചിരുന്നു.
നെെക്കിന്റെ വിവാദ പരസ്യം
എന്‍എഫ്എല്‍ താരമായിരുന്ന കോളിന് കാപ്പര്നിക്കിനെ തങ്ങളുടെ ബ്രാന്റ് അംബാസിഡറായി പ്രഖ്യാപിച്ചു കൊണ്ടുള്ള നൈക്കിന്റെ പരസ്യം അമേരിക്കയിലും കായിക ലോകത്തും വന്‍ വിവാദമാണ് സൃഷ്ടിച്ചത്.
അമേരിക്കയില്‍ നടക്കുന്ന കറുത്ത വര്‍ഗ്ഗക്കാര്‍ക്കെതിരായ അക്രമങ്ങളില്‍ പ്രതിഷേധിച്ചു കൊണ്ട് 2016 ലെ എന്‍എഫ്എല്‍ മത്സരത്തിനിടെ യുഎസ് ദേശീയാലാപന സമയത്ത് മുട്ടു കുത്തി നിന്ന താരമാണ് കോളിന്. താരത്തിന് ചുവടു പിടിച്ച് നിരവധി പേരാണ് പ്രതിഷേധം ഏറ്റെടുത്ത് രംഗത്തെത്തിയത്. അങ്ങനയിരിക്കെയാണ് നൈക്ക് കോളിനെ തങ്ങളുടെ പരസ്യത്തില്‍ അവതരിപ്പിക്കുന്നത്.
‘എല്ലാം ത്യജിക്കേണ്ടി വന്നാലും എന്തിലെങ്കിലും വിശ്വസിക്കൂ’ എന്ന വാചകത്തോടെയായിരുന്നു നൈക്കിന്റെ പരസ്യം. ഇതിനെതിരെ അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് അടക്കമുള്ളവര്‍ രംഗത്തെത്തുകയുണ്ടായി. നൈക്കിന്റെ ഉത്പന്നങ്ങള്‍ ട്രംപ് അനുകൂലികള്‍ തെരുവില്‍ കത്തിച്ചു.