തിരിച്ചുവരവ് ശരിക്കും ആഘോഷിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. കളിച്ച പത്തു കളികളില്‍ ഏഴെണ്ണത്തിലും ജയിച്ചു പ്ലേ -ഓഫ് സാധ്യതകള്‍ ഉറപ്പിച്ചിരിക്കുകയാണ് പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ചെന്നൈ.ധോണിയുടെ നേതൃത്യത്തില്‍ ടീമംഗങ്ങള്‍ എല്ലാം ഓരോ കളിയും ആസ്വദിച്ചുതന്നെയാണ് കളിക്കുന്നത്.

ഇതിനിടെ ധോണി ഡ്രസ്സിംഗ് റൂമില്‍ ഒരു സുന്ദരന്‍ പട്ടിക്കുട്ടിയുമായി എത്തിയത് ടീമംഗങ്ങളെ ആകെ ആശ്ചര്യത്തിലാക്കിയിരിക്കുകയാണ്. ബെംഗളൂരുവിനെതിരെ കളി ജയിച്ചതിനു ശേഷമാണ് സംഭവം.പൂനെയില്‍ വെച്ച് മൂന്നു സിക്‌സോടെ ടീമിനെ കളി ജയിപ്പിച്ച ധോണി അതിനു ശേഷം ഡ്രസ്സിംഗ് റൂമിലേക്ക് വന്നപ്പോഴാണ് കൂടെ ഒരു പട്ടിയേയും കൊണ്ടു വന്നത്.

സുരക്ഷ ഉദ്യോഗസ്ഥരുടെ പട്ടിയെ കണ്ടു മറ്റുള്ള ടീമംഗങ്ങള്‍ക്കും കൗതുകമായി.ഷെയിന്‍ വാട്‌സണും പട്ടിയെ കളിപ്പിച്ചു കൊണ്ട് കുറച്ചു സമയം കൂടെ ചിലവഴിച്ചു.ചെന്നൈയുടെ ഔദ്യോകിക ട്വിറ്ററിലാണ് വീഡിയോയോട് കൂടി സംഭവം പോസ്റ്റ് ചെയ്തിരിക്കുന്നത്.

‘ തല ഒരു കുഞ്ഞു വാലിനോപ്പം ,എം.എസ് ധോണിക്ക് വിസില്‍ അടിക്കൂ’ എന്നാണ് പോസ്റ്റില്‍ പറയുന്നത്. രണ്ടു തവണ ചെന്നൈയെ ഐ.പി.എല്‍ ചാമ്പ്യന്മാരാക്കിയ ധോണിയോടുള്ള സ്‌നേഹം കാരണം ആരാധകര്‍ ഇതിനോടകം തന്നെ വീഡിയോ ഏറ്റെടുത്തു കഴിഞ്ഞു.

രണ്ടു വര്‍ഷത്തെ വിലക്കിനു ശേഷം തിരിച്ചെത്തിയ ചെന്നൈയ്ക്കു വളരെ വലിയ ആരാധക പിന്തുണയാണുള്ളത്. ചെന്നൈയുടെ സീസണിലെ കഴിഞ്ഞ കളികളും ആരാധകരെ വളരെയധികം സന്തോഷിപ്പിക്കുന്നവയായിരുന്നു. ടീമിനു വേണ്ടി സമൂഹമാധ്യമങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ ഏതായാലും ചെന്നൈയെപ്പറ്റിയുള്ള എല്ലാ വാര്‍ത്തകളും ആരാധകരിലെത്തിക്കാന്‍ ശ്രമിക്കുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook