Latest News

ഇന്ത്യൻ ക്രിക്കറ്റിൽ പുതുയുഗത്തിന് തുടക്കമിട്ട ആ കിരീട നേട്ടത്തിന് ഇന്ന് ഏഴ് വയസ്

ഒരിക്കൽ കൂടി ധോണിയുടെ ക്യാപ്റ്റൻസി മികവ് ലോകം കണ്ട മത്സരം, മൂന്ന് ഐസിസി കിരീടങ്ങളും നേടുന്ന ആദ്യ നായകൻ കൂടിയാകുകയായിരുന്നു ബെർമിങ്ഹാമിൽ ധോണി

2013 champions trophy. 2013 ചാംപ്യൻസി ട്രോഫി, Dhoni, Virat kohli, ധോണി, IE Malayalam, ഐഇ മലയാളം

ഇന്ത്യൻ ക്രിക്കറ്റിനെ സംബന്ധിച്ചടുത്തോളം 2011 ലോകകപ്പ് മറക്കാനാകാത്ത നേട്ടമാണ്. 28 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ധോണിയുടെ നേതൃത്വത്തിൽ ഒരിക്കൽ കൂടി ലോകകപ്പ് ഇന്ത്യയിലെത്തി. എന്നാൽ ക്രിക്കറ്റ് ആരാധകരെ ആവേശത്തിലെത്തിച്ച മറ്റൊരു കീരീട നേട്ടം അതുകഴിഞ്ഞ് രണ്ട് വർഷത്തിന് ശേഷമാണ് ഉണ്ടായത്. ക്രിക്കറ്റിന്റെ കളിത്തൊട്ടിലായ ഇംഗ്ലണ്ടിൽ ചെന്ന് മിനി ലോകകപ്പ് എന്ന് അറിയപ്പെടുന്ന ചാംപ്യൻസ് ട്രോഫിയും ഇന്ത്യൻപ്പട സ്വന്തമാക്കിയ ദിവസം. 2013 ജൂൺ 23നായിരുന്നു ആതിഥേയരായ ഇംഗ്ലണ്ടിനെ അവസാന പന്ത് വരെ നീണ്ട പോരാട്ടത്തിനൊടുവിൽ കീഴടക്കി ഇന്ത്യ വിജയകിരീടം ചൂടിയത്.

ഇന്ത്യൻ ക്രിക്കറ്റിലെ പുതുയുഗ പിറവി

സച്ചിനും സെവാഗും അടക്കമുള്ള ഇതിഹാസങ്ങൾ പുറത്തേക്ക് പോകുന്ന സമയത്താണ് മറ്റൊരു ഐസിസി കിരീട നേട്ടവുമായി ഇന്ത്യയുടെ യുവനിര കരുത്ത് തെളിയിച്ചത്. രോഹിത് ശർമ ഇന്ത്യൻ ടീമിൽ സ്ഥാനമുറപ്പിക്കുന്നതും ശിഖർ ധവാൻ മുൻനിരയിലെ കരുത്തനായ ബാറ്റ്സ്മാനായി തന്നെ അവതരിപ്പിക്കുന്നതും ഈ ടൂർണമെന്റിൽ. കൈഫും യുവരാജും വിടപറഞ്ഞ ഇന്ത്യയുടെ ചടുല ഫീൽഡിങ്ങിലേക്ക് ജഡേജയും റെയ്നയും ആർ അശ്വിൻ എന്ന മികച്ച സ്ലിപ്പും എത്തുന്നതും ഇതേ ചാംപ്യൻസ് ട്രോഫിയിൽ. കോഹ്‌ലിയുടെ വളർച്ചയിലെയും നിർണായക ടൂർണമെന്റുകളിലൊന്നായി ഇപ്പോഴും ചാംപ്യൻസ് ട്രോഫി നിലനിൽക്കുന്നു.

രണ്ട് സെഞ്ചുറികളുൾപ്പടെ ശിഖർ ധവാൻ 363 റൺസ് നേടിയാണ് ടൂർണമെന്റിലുടനീളം ഇന്ത്യയെ മുന്നോട്ട് നയിച്ചത്. പ്ലെയർ ഓഫ് ദി ടൂർണമെന്റായി തിരഞ്ഞെടുക്കപ്പെട്ടതും ശിഖർ ധവാനായിരുന്നു. രോഹിത് ശർമയെ ഓപ്പണറായി ധോണി പരീക്ഷിക്കുന്നതും ചാംപ്യൻസ് ട്രോഫിയിലാണ്. ഇന്നും മികച്ച ഓപ്പണർമാരുടെ പട്ടികയിൽ മുൻനിരയിൽ തന്നെ രോഹിത് നിലനിൽക്കുന്നു എന്നത് ശ്രദ്ധേയമാണ്.

റോഡ് ടൂ ഫിനാലെ

എട്ട് ടീമുകൾ മത്സരിച്ച ടൂർണമെന്റിൽ ഗ്രൂപ്പ് ബിയിൽ നിന്നും ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ സെമി ഉറപ്പിച്ചത്. കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ച ഇന്ത്യ മികച്ച റൺറേറ്റും നിലനിർത്തിയെന്നത് ആധികാരിക ജയം വ്യക്തമാക്കുന്നു. ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കക്കെതിരെ 331 റൺസ് അടിച്ചെടുത്ത ഇന്ത്യ പ്രൊട്ടിയാസുകളെ 305ന് പുറത്താക്കുകയും ചെയ്തു. ശിഖർ ധവാന്റെ സെഞ്ചുറിയായിരുന്നു ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത്.

രണ്ടാം മത്സരത്തിൽ വെസ്റ്റ് ഇൻഡീസ് 50 ഓവറിലുയർത്തിയ 233 റൺസ് ഇന്ത്യ 40-ാം ഓവറിന്റെ ആദ്യ പന്തിൽ മറികടന്നു. വിജയശിൽപ്പിയായി വീണ്ടും ശിഖർ ധവാൻ. പാക്കിസ്ഥാനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിൽ കൂടെ കളിക്കാൻ മഴകൂടി എത്തിയതോടെ മത്സരം ഇച്ചിരി പ്രയാസമേറിയതായിരുന്നു. രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിന് മഴനിയമത്തിൽ വിജയസാധ്യത കുറവാണെങ്കിലും ശിഖർ ധവാൻ ഒരിക്കൽ കൂടി കളം നിറഞ്ഞപ്പോൾ ഇന്ത്യയ്ക്ക് എട്ട് വിക്കറ്റ് ജയം. സെമിയിൽ ശ്രീലങ്കയെയും അനായാസം കീഴടക്കി ഇന്ത്യ കലാശപോരാട്ടത്തിന് യോഗ്യത നേടി.

തന്ത്രങ്ങളുടെ ക്യാപ്റ്റൻ കൂൾ പിടിച്ചുവാങ്ങിയ ജയം

ഫൈനൽ മത്സരത്തിലും മഴ വില്ലാനായി എത്തിയതോടെ മത്സരം 20 ഓവറാക്കി വെട്ടിച്ചുരുക്കി. എന്നാൽ ഇത് ഇന്ത്യയ്ക്ക് ഒരു കണക്കിന് അനുഗ്രഹമായിരുന്നു എന്നും പറയാം. കാരണം ഇംഗ്ലണ്ട് ടീമിലുള്ള അഞ്ച് പേർ മാത്രമായിരുന്നു അന്ന് ടി20യിൽ അരങ്ങേറ്റം കുറിച്ചിട്ടുള്ളത്. ഇന്ത്യയുടെ യുവനിരയാകട്ടെ കുട്ടിക്രിക്കറ്റിലെ വമ്പന്മാരും.

Also Read: വിരാട് കോഹ്‌ലിയെ വലിയ വളർച്ചയിലേക്ക് നയിച്ചതിന്റെ ക്രെഡിറ്റ് ധോണിക്കുള്ളതാണ്: ഗൗതം ഗംഭീർ

എന്നാൽ ഇന്ത്യയുടെ തുടക്കം പിഴച്ചു. 13 ഓവറിൽ 66 റൺസ് എടുക്കുമ്പോഴേക്കും ഇന്ത്യയുടെ അഞ്ച് മുൻനിര വിക്കറ്റുകൾ പോയിട്ടുണ്ടായിരുന്നു. ക്രീസിൽ നിലയുറപ്പിച്ച വിരാട് കോഹ്‌ലിയും രവീന്ദ്ര ജഡേജയും നടത്തിയ മുന്നേറ്റമാണ് ഇന്ത്യയെ പൊരുതാവുന്ന സ്കോറിലെത്തിച്ചത്.

മറുപടി ബാറ്റിങ്ങിൽ തുടക്കത്തിൽ അലിസ്റ്റർ കുക്കിനെ നഷ്ടമായെങ്കിലും ഭേദപ്പെട്ട തുടക്കമാണ് ഇംഗ്ലണ്ടിന് ലഭിച്ചത്. ഇയാൻ മോർഗനും രവി ബൊപ്പാരയും ചേർന്നുണ്ടാക്കിയ 64 റൺസ് കൂട്ടുകെട്ട് ഇംഗ്ലണ്ടിന് വിജയമുറപ്പിച്ചു.

എന്നാൽ പിന്നീട് കണ്ടത് ധോണിയെന്ന ചാണക്യന്റെ തന്ത്രങ്ങളായിരുന്നു. 18 പന്തിൽ 28 റൺസെന്ന എളുപ്പത്തിൽ മറികടക്കാവുന്ന സമയത്ത് ധോണി പന്ത് ഏൽപ്പിച്ചത് ഇഷാന്ത് ശർമയെ. മൂന്ന് ഓവറിൽ 27 റൺസ് വഴങ്ങിയ ഇഷാന്ത് ആ മത്സരത്തിൽ ഏറ്റവും കൂടുതൽ റൺസ് വിട്ടുനൽകിയ ഇന്ത്യൻ ബോളറായിരുന്നു. ഭുവനേശ്വറും ഉമേഷ് യാദവും ഓപ്ഷനിലുള്ളപ്പോൾ ധോണിയുടെ തീരുമാനം പലരുടെയും ഞെറ്റി ചുളിപ്പിച്ചു.

Also Read: സ്‌തബ്‌ധനായി സച്ചിൻ മടങ്ങിയത് ഓർമയുണ്ടോ? അത് ഔട്ടല്ലായിരുന്നു; വെളിപ്പെടുത്തി മുൻ അംപയർ

ആദ്യ പന്തിൽ റൺസൊന്നും വഴങ്ങിയില്ലെങ്കിലും ഇഷാന്തിന്റെ രണ്ടാം പന്ത് മോർഗൻ സിക്സർ പായിച്ചു. അടുത്ത രണ്ട് പന്തും വൈഡായതോടെ ഗ്യാലറിയിലുണ്ടായിരുന്നവരും ടെലിവിഷനിൽ കളി കണ്ടവരും ധോണിയുടെ തീരുമാനത്തെ പഴിച്ചു, ഇഷാന്തിനെ കുറ്റപ്പെടുത്തി. എന്നാൽ മൂന്നും നാലും പന്തുകളിൽ മോർഗനെയും ബൊപ്പാരെയെയും മടക്കിയ ഇഷാന്ത് ഏവരെയും ഞെട്ടിച്ചു. നിമിഷങ്ങൾക്കുള്ളിൽ ആരാധകരുടെ അഭിപ്രായം മാറി. ഓവറിന്റെ അവസാനം താരം ആകെ വഴങ്ങിയത് ഒമ്പത് റൺസ് ഇംഗ്ലണ്ടിന് നഷ്ടമായത് രണ്ട് വിക്കറ്റും.

പവർപ്ലേയിൽ മാറ്റിവച്ച സ്‌പിന്നർമാരെ ഉപയോഗിച്ച് ധോണി സാവധാനം കളി ഇന്ത്യയുടെ വരുതിയിലെത്തിച്ചു. അടുത്ത ഓവറിൽ ജഡേജ ബട്ട്‌ലറെയും ബ്രെസ്നനെയും പുറത്താക്കിയതോടെ ഇന്ത്യയ്ക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമായി. അശ്വിനെറിഞ്ഞ അവസാന ഓവറിലെ അവസാന പന്തിൽ ഒരു സിക്സറിൽ വിജയപ്രതീക്ഷ ബാക്കിവെച്ച ഇംഗ്ലണ്ടിന് അത് സാധിച്ചില്ല.

ധോണിയെന്ന കംപ്ലീറ്റ് ചാംപ്യൻ

മൂന്ന് ഐസിസി കിരീടങ്ങളും നേടുന്ന ആദ്യ നായകൻ കൂടിയാകുകയായിരുന്നു ബെർമിങ്ഹാമിൽ ധോണി. തന്റെ ജേഴ്സി നമ്പിരിലെ ഏഴ് അടയാളപ്പെടുത്തുന്നത് പോലെ ഏഴ് വർഷത്തിനുള്ളിൽ മൂന്ന് ഐസിസി കിരീടങ്ങൾ. 2007ൽ ദ്രാവിഡും സച്ചിനും മാറി നിന്നപ്പോൾ ഇന്ത്യൻ നായകനായി എത്തിയ ധോണി പ്രഥമ ടി20 ലോകകപ്പും 2011ൽ ഇന്ത്യയിൽ നടന്ന ഏകദിന ലോകകപ്പും ഒടുവിൽ 2013ൽ ചാംപ്യൻസ് ട്രോഫിയും. ഇന്നും ആ ക്ലാസിക്കൽ നേട്ടത്തിൽ ധോണി ഏകനാണ്. മറ്റാർക്കും അതിന് മുമ്പും ശേഷവും അങ്ങനൊരു നേട്ടം സ്വന്തമാക്കാൻ സാധിച്ചട്ടില്ല.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: 2013 champions trophy final dhoni and team defeated england

Next Story
യുണൈറ്റഡ്– ലിവർപൂൾ സമനിലManchester United, Liverpool, football
The moderation of comments is automated and not cleared manually by malayalam.indianexpress.com