മൈക്കള്‍ ഷൂമാക്കര്‍ , ഫെരാരി എന്നീ പേരുകളില്ലാതെ ഫോര്‍മുലാ വണ്‍ എന്ന കാറോട്ട മത്സരംപൂര്‍ത്തിയാകില്ല. ഫോര്‍മുലാ വണ്‍ കണ്ട ഏറ്റവും കഴിവുറ്റ ഡ്രൈവറാണ് ഷൂമാക്കര്‍ എന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. 1999 മുതല്‍ 2004 വരെ തുടര്‍ച്ചയായി 6 തവണ ഫെരാരി കാര്‍ നിര്‍മ്മാതാക്കള്‍ക്കുള്ള ചാമ്പ്യന്‍ഷിപ്പില്‍ മുത്തമിട്ടപ്പോള്‍ അതില്‍ 5 തവണയും ഷൂമാക്കര്‍ തന്നെയായിരുന്നു ഡ്രൈവര്‍മാര്‍ക്കുള്ള ചാമ്പ്യന്‍ഷിപ്പില്‍ കിരീടം ചൂടിയത്.
വിവിധ ശൈലികളിലും കാലാവസ്ഥകളിലും ഭൂപ്രകൃതികളിലുമുള്ള സര്‍ക്യൂട്ടുകളില്‍ ഒരേ പോലെ മികവ് നിലനിര്‍ത്തി ചാമ്പ്യന്‍ഷിപ്പ് നേടുക എന്നത് ശ്രമകരമായ ദൗത്യമാണ്. അതുകൊണ്ട് തന്നെയാണ് കരിയറില്‍ 7 ചാമ്പ്യന്‍ഷിപ്പുകള്‍ നേടിയ ഷൂമാക്കറിന് ഇതിഹാസ പരിവേഷം കൈവരുന്നത്.
എങ്കിലും ഷൂമാക്കറുടെ കരിയറിലെ ഏറ്റവും അവിശ്വസിനീയമായ മുഹൂര്‍ത്തങ്ങളില്‍ ഒന്ന് 1998ലെ ബെല്‍ജിയന്‍ ഗ്രാന്റ് പ്രീയിലാണ് ഉണ്ടായത്. ശക്തമായ മഴയുണ്ടായിട്ടും സേഫ്റ്റി കാറിന്റെ അകമ്പടിയില്ലാതെയാണ് മത്സരം ആരംഭിച്ചത്. ആദ്യ വളവില്‍ തന്നെ ഡേവിഡ് കൂൾത്താഡ് ഓടിച്ചിരുന്ന മക് ലാരൻ നിയന്ത്രണം വിട്ട് സുരക്ഷാ വേലിയില്‍ ഇടിച്ച് ട്രാക്കിലേക്ക് തന്നെ തിരിച്ച് വീണു. ഇതോടെ പിന്നാലെ വന്ന കാറുകള്‍ കൂള്‍താഡിന്റെ കാറിലേക്ക് ഇടിച്ച് കയറി. എട്ടോളം കാറുകള്‍ അപകടത്തില്‍പ്പെട്ടതോടെ മത്സരം ആദ്യം മുതല്‍ ആരംഭിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ മുന്ന് ടീമുകള്‍ക്ക് തങ്ങളുടെ രണ്ട് കാറുകളും തകര്‍ന്നതിനാല്‍ ഒരു ഡ്രൈവറെ മാത്രമെ രണ്ടാമുഴത്തില്‍ പങ്കെടുപ്പിക്കാന്‍ സാധിച്ചുള്ളു.
രണ്ടാം തവണയും രണ്ട് കാറുകള്‍ അപകടത്തില്‍ പെട്ടതോടെ കാറുകളുടെ വേഗത നിയന്ത്രിക്കാന്‍ സേഫ്റ്റികാര്‍ നിയോഗിക്കേണ്ടി വന്നു. സേഫ്റ്റി കാര്‍ പിന്‍വലിച്ച ശേഷം ഒന്നാം സ്ഥാനത്തുണ്ടായിരുന്ന മക് ലാരൻ ടീമിന്റെ ഹെക്കിനന്‍ അപകടത്തില്‍പ്പെട്ടതോടെ ഷൂമാക്കര്‍ ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഹെക്കിനനുമായുള്ള ചാമ്പ്യന്‍ഷിപ്പ് പോരാട്ടത്തില്‍ മുന്നിലെത്താനുള്ള ഷൂമാക്കറുടെ സ്വപ്‌നങ്ങള്‍ തട്ടിത്തെറിപ്പിച്ചാണ് ഡേവിഡ് കൂൾത്താഡ് വീണ്ടുമെത്തിയത്.
ഇരുപത്തിയഞ്ചാം ലാപ്പില്‍ തന്നെക്കാള്‍ ഒരു ലാപ്പിന് പിന്നിലുള്ള കൂള്‍താഡിനെ മറികടക്കാന്‍ ശ്രമിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഒന്നാം സ്ഥാനത്തുള്ള ഷൂമാക്കറെ കടത്തിവിടാന്‍ കൂൾത്താഡിന് ടീം റേഡിയോയിലൂടെ നിര്‍ദേശവും ലഭിച്ചിരുന്നു. തൊട്ടു പിന്നിലുള്ള ഷൂമാക്കറെ കടത്തിവിടാന്‍ കൂള്‍താഡ് വേഗം കുറച്ചെങ്കിലും ഇരു കാറുകള്‍ക്കും ഇടയിലെ ദൂരം കുറവായതിനാലും കനത്ത മഴയില്‍ ട്രാക്ക് പൂര്‍ണ്ണമായും നനഞ്ഞിരുന്നതിനാലും ഷൂമാക്കറിന് തന്റെ വേഗം നിയന്ത്രിക്കാനായില്ല. കൂള്‍താഡിന്റെ കാറിന്റെ പിന്നിലേക്ക് ഇടിച്ച് കയറിയ ഷൂമാക്കറുടെ ഫെരാരിക്ക് മുന്‍ ചക്രം നഷ്ടമായി. ഒരു വീല്‍ നഷ്ടമായിട്ടും അവിശ്വനീയമാം വിധം തന്റെ കാര്‍ നിയന്ത്രിച്ച് പിറ്റ് സ്‌റ്റോപ്പില്‍ എത്തിച്ചു. സര്‍ക്ക്യൂട്ടിന്റെ പകുതി ദൂരത്തോളമാണ് ഷൂമി മൂന്ന് വീലുകള്‍ മാത്രമുള്ള കാര്‍ പായിച്ചത്.
https://www.youtube.com/watch?v=AjTGXC5zXjY&t=3s
അപകടത്തില്‍ കാറിന്റെ പിന്‍ഭാഗം നഷ്ടമായ കൂൾത്താഡ് ഇതേസമയം പിറ്റ് ലൈനില്‍ എത്തിയിരുന്നു. റേസ് പൂര്‍ത്തിയാക്കാന്‍ ആകിലെന്ന് വ്യക്തമായതോടെ ക്ഷുഭിതനായ ഷൂമാക്കര്‍ തന്റെ കാറില്‍ നിന്ന് ചാടിയിറങ്ങി നേരെ പോയത് മക് ലാറന്റെ പിറ്റ് ലൈനിലേക്കാണ്. പിറ്റ്‌ലൈനിന് ഉള്ളില്‍ കടന്ന് കൂൾത്താഡിനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചെങ്കിലും ഇരു ടീമുകളുടേയും അധികൃതര്‍ ഇടപെട്ടാണ് സംഘര്‍ഷം ഒഴിവാക്കിയത്.
മക് ലാരന്റെ സഹതാരവും ചാമ്പ്യന്‍ഷിപ്പില്‍ മുന്നിലുള്ള മിക്കാ ഹാക്കിനെൻ സഹായിക്കാന്‍ വേണ്ടി കൂൾത്താഡ് മനപ്പൂര്‍വ്വം അപകടമുണ്ടാക്കിയതാണെന്നും ഷൂമാക്കര്‍ ആരോപിച്ചു. കൂൾത്താഡ് തന്നെ കൊല്ലാനാണ് ശ്രമിച്ചത്. എന്നിട്ടും അരിശം മാറാത്ത ഷൂമാക്കര്‍ കൂള്‍താഡിനെ കൊല്ലുമെന്നും ഭീഷണി മുഴക്കി.
വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കിയ ഫോര്‍മുലാ വണ്‍ അധികൃതര്‍ ഇരുവരും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ ഇടപെട്ടു. മത്സരത്തിന് ഒരാഴ്ച്ച ശേഷം ഷൂമാക്കറും കൂൾത്താഡും തമ്മില്‍ ചര്‍ച്ചക്ക് വഴിയൊരുങ്ങി. അടച്ചിട്ട മുറിയില്‍ നടന്ന ഒന്നരമണിക്കൂറോളം നീണ്ട സംഭാഷണത്തിന് ഒടുവിലാണ് ഇരുവര്‍ക്കും ഇടയിലുള്ള മഞ്ഞുരുകിയത്. ചര്‍ച്ചക്ക് ശേഷം അപകടമുണ്ടായതിൽ കൂൾത്താഡിന്റെ ഭാഗത്ത് തെറ്റുണ്ടായിരുന്നില്ലെന്ന് ഷൂമാക്കര്‍ തന്നെ വ്യക്തമാക്കി.
സംഭവം നടന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം 2003 ല്‍ ഒരു പൊതു ചടങ്ങില്‍ വെച്ചാണ് കൂൾത്താഡ് ഈ വിഷയത്തെപ്പറ്റി പ്രതികരിക്കുന്നത്. സംഭവത്തില്‍ തന്റെ ഭാഗത്ത് നിന്ന് വീഴ്ച്ചയുണ്ടായതായി കൂൾത്താഡ് തുറന്ന് സമ്മതിച്ചു. ഷൂമിയെ കടത്തി വിടാന്‍ വേണ്ടിയാണ് താന്‍ വേഗം കുറച്ചത്. എന്നാല്‍ വേഗം കുറച്ചത് മൂലം പിന്നിലേക്ക് കൂടുതല്‍ വെള്ളം തെറിക്കുന്നുണ്ടായിരുന്നു. താന്‍ അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു. ഇനി ഒരിക്കലും താന്‍ ഇത്തരത്തില്‍ ഒരു തെറ്റ് ആവര്‍ത്തിക്കില്ലെന്നും കൂൾത്താഡ് പറഞ്ഞു.
വര്‍ഷങ്ങള്‍ക്ക് ശേഷം 2013 ല്‍ ആല്‍പ്‌സില്‍ സ്‌കീയിങ്ങിനിടെ അപകടത്തില്‍പ്പെട്ട ഷൂമാക്കര്‍ക്ക് ആശ്വാസ വാക്കുകകളുമായി ആദ്യം എത്തിയതും കൂള്‍ത്താഡ് തന്നെയായിരുന്നു.