വിന്‍ഡീസിന് എതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിനിടെ മൈതാനത്ത് ഓടിക്കയറി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയെ കെട്ടിപ്പിടിച്ച ആരാധകനെതിരെ പൊലീസ് കേസെടുത്തു. ആന്ധ്രപ്രദേശിലെ കടപ്പ ജില്ലയില്‍ നിന്നുളള 19കാരനെതിരെയാണ് പൊലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസമാണ് ഉപ്പല്‍ സ്റ്റേഡിയത്തില്‍ മത്സരം നടക്കുന്നതിനിടെ കൗമാരക്കാരന്‍ ഓടിക്കയറിയത്. മുഹമ്മദ് ഖാനെതിരെ അതിക്രമിച്ച് കയറിയതിനാണ് പൊലീസ് കേസെടുത്തത്. സുരക്ഷാ ഉദ്യോഗസ്ഥരെ വെട്ടിച്ച് കടന്ന മുഹമ്മദ് കോഹ്ലിയെ കെട്ടിപ്പിടിച്ച് ചുംബിക്കാന്‍ ശ്രമം നടത്തി.

ബാരിക്കേഡിന് മുകളില്‍ കയറിയതിന് ശേഷമാണ് മുഹമ്മദ് മൈതാനത്തേക്ക് ചാടിയത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ അടുത്തെത്തും മുമ്പേ ഇയാള്‍ ഓടി കോഹ്ലിക്ക് അടുത്തെത്തി. തുടര്‍ന്ന് കോഹ്ലിയെ കെട്ടിപ്പിടിച്ച് കവിളില്! ചുംബിക്കാന്‍ ശ്രമിച്ചെങ്കിലും കോഹ്ലി ചെറുത്തുനിന്നു. തുടര്‍ന്ന് തന്റെ പോക്കറ്റില്‍ നിന്നും മുഹമ്മദ് ഫോണ്‍ പുറത്തെടുത്ത് സെല്‍ഫി എടുക്കാനും ശ്രമം നടത്തി. ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥരെത്തി 19കാരനെ പുറത്തേക്ക് കൊണ്ടുപോയി.

സംഭവത്തെ തുടര്‍ന്ന് മത്സരം വൈകിയതോടെ അംപയര്‍ ഇടവേള പ്രഖ്യാപിക്കുകയായിരുന്നു. ഇടവേളയ്ക്ക് ശേഷം അംപയര്‍ ഇയാന്‍ ഗൗള്‍ഡ് കോഹ്ലിയോട് സംസാരിക്കുന്നുണ്ടായിരുന്നു. ആദ്യ ടെസ്റ്റിലും സമാനമായ സംഭവങ്ങള്‍ അരങ്ങേറിയിരുന്നു. ആരാധകന്‍ മൈതാനത്തേക്ക് ഓടിയെത്തി കോഹ്ലിക്കൊപ്പെ സെല്‍ഫി എടുക്കാന്‍ ശ്രമം നടത്തുകയായിരുന്നു. രണ്ടാം ടെസ്റ്റില്‍ ഇന്ത്യ മികച്ച പ്രകടനമാണ് കാഴ്ച്ച വെക്കുന്നത്.

ടിട്വന്റി ശൈലിയില്‍ ബാറ്റുവീശിയ പൃഥ്വി ഷായുടെ മികവില്‍ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ 16 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 80 റണ്‍സെടുത്തു. 42 പന്തില്‍ 52 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്ന പൃഥ്വി ഷായുടെ ബാറ്റില്‍ നിന്ന് എട്ടു ഫോറും ഒരു സിക്‌സും പിറന്നു. 32 പന്തില്‍ ഒമ്പതു റണ്‍സുമായി പൂജാരയാണ് പൃഥ്വിയ്‌ക്കൊപ്പം ക്രീസില്‍. ഓപ്പണര്‍ കെ.എല്‍ രാഹുലിന്റെ വിക്കറ്റാണ് ഇന്ത്യക്ക്‌ നഷ്ടമായത്. നേരത്തെ സെഞ്ചുറി നേടിയ ചേസിന്റെ മികവില്‍ വിന്‍ഡീസ് ഒന്നാമിന്നിങ്‌സില്‍ 311 റണ്‍സ് നേടിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook