/indian-express-malayalam/media/media_files/uploads/2018/05/dhoni.jpg)
ജയ്പൂര്‍: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മല്‍സരത്തില്‍ തോല്‍വി ഏറ്റുവാങ്ങിയ സംഭവത്തില്‍ ബോളര്‍മാരെ കുറ്റപ്പെടുത്തി മഹേന്ദ്ര സിങ് ധോണി. ബോളര്‍മാരുടെ പിഴവാണ് തോല്‍വിക്ക് കാരണമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഇന്നലെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പര്‍ കിങ്‌സ് നിശ്ചിത 20 ഓവറില്‍ 176 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ ഒരു പന്ത് ശേഷിക്കെ വിജയം കണ്ടു. ജോസ് ബട്‌ലറുടെ (60 പന്തില്‍ 95) ബാറ്റിങ് മികവിലാണ് രാജസ്ഥാന്‍ വിജയം നേടിയത്.
ഈ മല്‍സരത്തോടെ രാജസ്ഥാന്‍ പ്ലേ ഓഫിലേക്കുളള സാധ്യതകള്‍ നിലനിര്‍ത്തി. പക്ഷെ മറുവശത്ത് ചെന്നൈ സൂപ്പര്‍ കിങ്‌സിന് പ്ലേ ഓഫിലെത്താന്‍ ഇനിയും കാത്തിരിക്കണമെന്ന സ്ഥിതിയായി. അവശേഷിക്കുന്ന മൂന്ന് മല്‍സരങ്ങളും രാജസ്ഥാന് വിജയിക്കേണ്ടതുണ്ട്. എന്നാല്‍ ഒരു മല്‍സരം മാത്രം ജയിച്ചാല്‍ ചെന്നൈക്ക് പ്ലേ ഓഫിലെത്താം.
അതേസമയം, ഇന്നലത്തെ മല്‍സരത്തില്‍ പ്ലാന്‍ ചെയ്തത് പോലെയല്ല ബോളര്‍മാര്‍ പന്തെറിഞ്ഞതെന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി കുറ്റപ്പെടുത്തി. മല്‍സരത്തിന് ശേഷം നടന്ന പ്രസന്റേഷന്‍ സെഷനിലാണ് ധോണി തന്റെ ബോളര്‍മാരെ കുറ്റപ്പെടുത്തിയത്.
'നിശ്ചിത ലെങ്തില്‍ പന്തെറിയാനാണ് ഞങ്ങള്‍ ഉദ്ദേശിച്ചത്. ബോളര്‍മാരോട് ഇക്കാര്യം നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ഉദ്ദേശിച്ച രീതിയില്‍ ബാക്ക് ഓഫ് എ ലെങ്തില്‍ പന്തെറിയാന്‍ അവര്‍ക്ക് സാധിച്ചില്ല. നിരവധി ബൗണ്ടറികളാണ് ഞങ്ങള്‍ വഴങ്ങിയത്. 176 മികച്ച സ്‌കോറായിരുന്നു. എന്നാല്‍ ബോളര്‍മാര്‍ തോല്‍പ്പിച്ച് കളഞ്ഞു. പതിനൊന്നംഗ ടീം മികച്ച കളിക്കാരുടെ സംഘമായിരുന്നു. ഇതാണ് ഏറ്റവും മികച്ച അന്തിമ ഇലവന്‍. ഞങ്ങള്‍ പ്ലേ ഓഫിലേക്ക് യോഗ്യത നേടാനല്ല കളിച്ചത്, ജയിക്കാന്‍ വേണ്ടി മാത്രമായിരുന്നു,' ധോണി പറഞ്ഞു.
മല്‍സരത്തില്‍ അവസാന ഓവറുകളില്‍ സിക്‌സറുകള്‍ വഴങ്ങിയതാണ് ചെന്നൈക്ക് തോല്‍വിക്ക് കാരണമായത്. എന്നാല്‍ രാജസ്ഥാന്‍ നിരയില്‍ ഏറ്റവും നന്നായി ബാറ്റ് വീശിയ ജോസ് ബട്‌ലറുടെ ക്യാച്ച് നിരവധി തവണ ചെന്നൈ താരങ്ങള്‍ വിട്ടുകളഞ്ഞിരുന്നു. 17-ാം ഓവറിലെ അവസാന പന്തില്‍ മഹേന്ദ്ര സിങ് ധോണിയും ജോസ് ബട്‌ലറെ പുറത്താക്കാനുളള അവസരം നഷ്ടപ്പെടുത്തിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.