സെഞ്ചൂറിയൻ: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ടെസ്റ്റിലും തോറ്റതോടെ ഇന്ത്യയ്ക്ക് പരമ്പര നഷ്ടമായി. രണ്ടാം ടെസ്റ്റിൽ 135 റൺസിനാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയെ പരാജയപ്പെടുത്തിയത്. 287 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 151 റൺസിന് പുറത്തായി. രോഹിത് ശർമ്മയായിരുന്നു രണ്ടാം ഇന്നിങ്സിലെ ഇന്ത്യയുടെ ടോപ് സ്കോറർ (47 റൺസ്). ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി വെറും 5 റൺസാണ് നേടിയത്. ഇന്ത്യയുടെ തോൽവിക്ക് കാരണക്കാർ ബാറ്റ്സ്മാന്മാരെന്നാണ് മൽസരശേഷം കോഹ്‌ലി പ്രതികരിച്ചത്.

”സെഞ്ചൂറിയനിൽ ബാറ്റിങ്ങിന് അനുകൂലമായ പിച്ചെന്നാണ് കരുതിയത്. പക്ഷേ ആദ്യ ഇന്നിങ്സിൽ ദക്ഷിണാഫ്രിക്കൻ വിക്കറ്റുകൾ വീണപ്പോൾ ഞങ്ങളെ അത് ശരിക്കും അതിശയപ്പെടുത്തി. അപ്പോഴും ഇന്ത്യൻ ടീമിലെ ബാറ്റ്സ്മാന്മാർക്ക് റൺസ് നേടാനാകുന്ന പിച്ചാണെന്നാണ് കരുതിയത്. എന്നാൽ ബാറ്റ്സ്മാന്മാർക്ക് ഇന്ത്യൻ സ്കോർ ഉയർത്താനായില്ല” കോഹ്‌ലി പറഞ്ഞു. രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ 335 റൺസിന് ദക്ഷിണാഫ്രിക്കയെ ഇന്ത്യ പുറത്താക്കിയിരുന്നു.

Read More: തോറ്റ് തുന്നംപാടി ഇന്ത്യ; ടെസ്റ്റ് പരമ്പര ദക്ഷിണാഫ്രിക്കയ്ക്ക്

മികച്ചൊരു കൂട്ടുകെട്ട് തീർക്കാനാവാത്തതാണ് ടീമിനെ തോൽവിയിലേക്ക് നയിച്ചതെന്നും കോഹ്‌ലി പറഞ്ഞു. ”നല്ലൊരു കൂട്ടുകെട്ട് തീർത്ത് ലീഡ് ഉയർത്തുന്നതിൽ ഞങ്ങൾ പരാജയപ്പെട്ടു. ആദ്യ ഇന്നിങ്സിൽ തന്നെ ബാറ്റ്സ്മാന്മാർ വീണു, രണ്ടാം ഇന്നിങ്സിലും ഇതുതന്നെ ആവർത്തിച്ചു. ബോളർമാർ അവരുടെ ജോലി ഭംഗിയായി ചെയ്തു. ഇന്ത്യയെ വീണ്ടും തോൽവിയിലേക്ക് നയിച്ചത് ബാറ്റ്സ്മാന്മാരാണ്. അതിനാലാണ് ഇന്ന് ഇവിടെ ഇങ്ങനെ നിൽക്കേണ്ടിവന്നത്”. ആദ്യ ഇന്നിങ്സിൽ വിരാട് കോഹ്‌ലി (153) മാത്രമാണ് പിടിച്ചുനിന്നത്.

”മൈതാനത്ത് മികച്ച പ്രകടനത്തിനായി ഞാനെന്റെ കഴിവിന്റെ പരമാവധി ശ്രമിക്കാറുണ്ട്, അതെന്റെ രാജ്യത്തിനും ടീമിനും വേണ്ടിയാണ്. അങ്ങനെയാണ് ഞാനെപ്പോഴും കളിക്കുന്നത്. 153 എന്നത് ഈ സമയത്ത് ഒന്നുമല്ല. കാരണം പരമ്പര ഞങ്ങൾക്ക് നഷ്ടപ്പെട്ടു. ഞാനൊരു 50 അല്ലെങ്കിൽ 30 റൺസ് നേടി എന്റെ ടീം ജയിച്ചിരുന്നുവെങ്കിൽ അതാണ് വലിയ കാര്യം. വ്യക്തിഗത നേട്ടങ്ങളല്ല, മൽസരം ജയിക്കുന്നതാണ് പ്രധാനം. ഒരു ടീം എന്നത് ഒരാൾ മാത്രമല്ല, അവിട കൂട്ടമായൊരു വിജയമാണ് വേണ്ടത്. ഞങ്ങൾ പരമാവധി ശ്രമിച്ചു, പക്ഷേ വിജയിക്കാനായില്ല. ദക്ഷിണാഫ്രിക്ക ഞങ്ങളെക്കാൾ മികച്ച ടീമാണ്, പ്രത്യേകിച്ച് ഫീൽഡിങ്ങിൽ. അതിനാലാണ് അവർ ജയിച്ചത്. അവർ അർഹിച്ച വിജയമാണിത്” കോഹ്‌ലി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ