ടി20 ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഓള്‍ റൗണ്ട് പ്രകടനവുമായി കൃഷ്ണപ്പ ഗൗതം. കര്‍ണാടക പ്രീമിയര്‍ ലീഗിലാണ് താരത്തിന്റെ അത്ഭുത പ്രകടനം. കെപിഎല്ലില്‍ ബല്ലാരി ടസ്‌കേഴ്‌സിന്റെ താരമാണ് കൃഷ്ണപ്പ ഗൗതം. ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ സെഞ്ചുറി നേടിയാണ് താരം നേടിയത്. വെറും 39 പന്തുകളാണ് മൂന്നക്കം കടക്കാന്‍ കൃഷ്ണപ്പയ്ക്ക് വേണ്ടി വന്നത്.

എതിരാളികളെ തല്ലിതകര്‍ത്ത കൃഷ്ണപ്പ പുറത്താകാതെ 134 നേടി. 13 സിക്‌സുകള്‍ നേടിയ താരം ഒരു ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടുന്ന താരം എന്ന കെപിഎല്ലിലെ റെക്കോര്‍ഡും സ്വന്തമാക്കി. സിക്‌സുകളില്‍ നിന്നും ഫോറുകളില്‍ നിന്നും മാത്രമായി 106 റണ്‍സാണ് താരം നേടിയത്. കെപിഎല്ലില്‍ ഇത് പുതിയ ചരിത്രമാണ്.

പിന്നാലെ ബോളിങ്ങിലും തന്റെ കരുത്തുകാട്ടിയ കൃഷ്ണപ്പ ടി20യിലെ ഏറ്റവും മികച്ച ബോളിങ് പ്രകടനമാണ് പുറത്തെടുത്തത്. 15 റണ്‍സ്മാത്രം വഴങ്ങി നാല് ഓവറില്‍ എട്ട് വിക്കറ്റുകളാണ് കൃഷ്ണപ്പ നേടിയത്. ഇതോടെ ബല്ലാരി ടസ്‌കേഴ്‌സ് എതിരാളികളായ ഷിമോഗ ലയണ്‍സിനെ 70 റണ്‍സിന് പരാജയപ്പെടുത്തി.

ടി20 യിലെ ഏറ്റവും മികച്ച ബോളിങ് പ്രകടനം നിലവില്‍ കോളിന്‍ അക്കെര്‍മാനിന്റെ പേരിലാണ്. 18 റണ്‍സ് വിട്ടുകൊടുത്ത് ഏഴ് വിക്കറ്റാണ് കോളിന്‍ നേടിയത്. സംസ്ഥാന ടി20 ലീഗുകള്‍ക്ക് ഔദ്യോഗിക പദവി ഇല്ലാത്തതിനാല്‍ കൃഷ്ണപ്പയുടെ പ്രകടനം റെക്കോര്‍ഡ് ബുക്കില്‍ ഇടം പിടിക്കില്ല. മറ്റ് ടി20കള്‍ എന്ന വിഭാഗത്തിലാണ് നിലവില്‍ കെപിഎല്ലിന്റേയും സമാന ലീഗുകളുടേയും സ്ഥാനം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook