ലിസ്റ്റ് എ ക്രിക്കറ്റിൽ റെക്കോർഡുകൾ തിരുത്തിക്കുറിച്ച് ശഹ്ബാസ് നദീം. 10 ഓവറിൽ 10 റൺസ് മാത്രം വഴങ്ങി 8 വിക്കറ്റുകളാണ് ഈ ജാർഖണ്ഡുകാരൻ എറിഞ്ഞിട്ടത്. വിജയ് ഹസാരെ ട്രോഫിയിൽ രാജസ്ഥാനെതിരായ മത്സരത്തിലായിരുന്നു നദീമിന്റെ മാസ്മരിക പ്രകടനം. ലിസ്റ്റ് എ ക്രിക്കറ്റിൽ ലോകത്തെ തന്നെ മികച്ച ബോളിങ് പ്രകടനമായിരുന്നു നദീമിന്റേത്.

നദീമിന്റെ സ്പിൻ പ്രകടനത്തിൽ രാജസ്ഥാൻ ഇന്നിങ്സ് 73 റൺസിൽ അവസാനിച്ചു. ലിസ്റ്റ് എ ക്രിക്കറ്റിലെ രണ്ട് പതിറ്റാണ്ട് പഴക്കമുള്ള മികച്ച ബോളിങ് പ്രകടനമാണ് നദീം മറികടന്നത്. 1997-1998 സീസണിൽ ഡൽഹിയുടെ രാഹുൽ സങ്‍വിയുടെ 15 റൺസിന് 8 വിക്കറ്റെന്ന നേട്ടമാണ് നദീം മറികടന്നത്.

ഇന്ത്യൻ അണ്ടർ 19 ടീമിലും ഇന്ത്യൻ എ ടീമിലും കളിച്ചിട്ടുള്ള 29 കാരനായ നദീം 99 ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് മത്സരങ്ങളിൽ നിന്നും 375 വിക്കറ്റുകൾ നേടിയിട്ടുണ്ട്. ലിസ്റ്റ് എ ക്രിക്കറ്റിൽ 87 മത്സരങ്ങളിൽ നിന്നും 124 വിക്കറ്റുകളാണ് താരത്തിന്റെ സമ്പാദ്യം. ഇന്ത്യൻ സീനിയർ ടീമിലേക്കുള്ള വിളിക്കായി കാത്തിരിക്കുകയാണ് താരമിപ്പോൾ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook