മുംബൈ: ഇന്ത്യന്‍ താരം എംഎസ് ധോണിയ്ക്ക് ഹൃദയത്തില്‍ തൊടുന്ന സന്ദേശവുമായി ഓസീസ് ഇതിഹാസം ആദം ഗില്‍ക്രിസ്റ്റ്. ധോണിയുടെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്കിടെയാണ് ഗില്‍ക്രിസ്റ്റിന്റെ സന്ദേശം. ന്യൂസിലന്‍ഡിനെതിരായ ലോകകപ്പ് സെമിയിലെ തോല്‍വിയ്ക്ക് പിന്നാലെ ധോണിയുടെ വിരമിക്കല്‍ റിപ്പോര്‍ട്ടുകള്‍ ശക്തമായിട്ടുണ്ട്.

”നി ഇനിയും കളിക്കുമോ എന്നുറപ്പില്ല, നന്ദി ധോണി. ക്രിക്കറ്റിന് നീ ഒരുപാട് നല്‍കിയിട്ടുണ്ട്. നിന്റെ ശാന്തതയും ആത്മവിശ്വാസവും എന്നും ആരാധിച്ചിരുന്നു” എന്നായിരുന്നു ഗില്‍ക്രിസ്റ്റിന്റെ ട്വീറ്റ്.

അതേസമയം, കിരീടം നേടാതെ സെമിയില്‍ പുറത്തായ ഇന്ത്യന്‍ ടീമിനോട് ദേഷ്യം കാണിക്കരുതെന്ന് അദ്ദേഹം ആരാധകരോടായി പറഞ്ഞു. ‘നിങ്ങളുടെ ടീമിനെതിരെ അധികം ദേഷ്യപ്പെടരുത്. ലോകകപ്പ് ജയിക്കുക അത്ര എളുപ്പമല്ല. ഒരുപാട് കാര്യങ്ങള്‍ ശരിയാവണം, ചെറി തെറ്റുകള്‍ പോലും ശിക്ഷിക്കപ്പെടും. അവര്‍ മികച്ച ടീമാണ്, എന്നും കാണാന്‍ ഭംഗിയുള്ള കളിയാണ് കളിക്കുന്നത്” എന്നായിരുന്നു ഗില്ലിയുടെ ട്വീറ്റ്.

അതേസമയം, ഇനി ഇന്ത്യക്ക് മുന്നിലുള്ളത് വിന്‍ഡീസ് പര്യടനമാണ്. എന്നാല്‍ വിരമിക്കല്‍ സാധ്യതകള്‍ സജീവമാക്കി ധോണി വിന്‍ഡീസ് ടൂറില്‍ ഇന്ത്യന്‍ ടീമിനൊപ്പം ഉണ്ടാകില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

ഓഗസ്റ്റ് മൂന്ന് മുതലാണ് ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനം ആരംഭിക്കുന്നത്. മൂന്ന് വീതം ടി20 – ഏകദിന മത്സരങ്ങളും രണ്ട് ടെസ്റ്റ് മത്സരങ്ങളും അടങ്ങുന്നതാണ് പരമ്പര. വെസ്റ്റ് ഇന്‍ഡീസിനെ നേരിടാനുള്ള ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുക്കുന്നതിന് ജൂലൈ 17നോ 18നോ സെലക്ഷന്‍ കമ്മിറ്റി ചേരും. എന്നാല്‍ ധോണി ടീമിലുണ്ടാകില്ലെന്നാണ് ബിസിസിഐയുടെ അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചനയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

നേരത്തെ ലോകകപ്പിന് മുമ്പ് നടന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ടി20 ടീമില്‍ നിന്ന് ധോണിയെ ഒഴിവാക്കിയിരുന്നു. പകരം യുവതാരം ഋഷഭ് പന്താണ് വിക്കറ്റിന് പിന്നില്‍ ഗ്ലൗസണിഞ്ഞത്. 2020ല്‍ ടി20 ലോകകപ്പ് കൂടി ഉണ്ടെന്നിരിക്കെ വിക്കറ്റിന് പിന്നില്‍ പുതിയ താരങ്ങളെ പരീക്ഷിക്കാനും പരിശീലിപ്പിക്കാനും ഇന്ത്യക്ക് ഇനിയും സമയമില്ല എന്ന കാര്യം കൂടി കണക്കിലെടുത്തായിരിക്കും ധോണിയെ മാറ്റി നിര്‍ത്തുക. ധോണി സ്വയം മാറാനും സാധ്യതകളുണ്ട്.

ഇന്ത്യ ലോകകപ്പില്‍ നിന്ന് പുറത്തായതിന് പിന്നാലെ എല്ലാ കണ്ണുകളും കാതുകളും എം.എസ് ധോണിയിലേക്കാണ്. ലോകകപ്പിന് ശേഷം രാജ്യന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ നേരത്തെ തന്നെ സജീവമായിരുന്നു. പ്രകടനത്തിന്റെ പേരില്‍ പലപ്പോഴും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുമ്പോഴും പരിചയസമ്പത്ത് കൊണ്ടും തിരിച്ചുവരവിലൂടെയും മറുപടി തരാറുള്ള ധോണി ഇനി അതിനുണ്ടാകുമോയെന്ന ആശങ്കയിലാണ് ഓരോ ആരാധകരും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook