മുംബൈ: ട്വന്റി-20 ബാറ്റ്സ്മാന്മാരുടെ പട്ടികയിൽ വിരാട് കോഹ്ലി ഒന്നാം സ്ഥാനത്ത്. ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയിൽ 2-1ന്റെ വിജയത്തോടെ ടീം ഇന്ത്യ റാംങ്കിംഗിൽ രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തു.

ബാറ്റ്സ്മാന്മാരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള ആസ്ട്രേലിയൻ താരം ആരോൺ ഫിഞ്ചിനേക്കാൾ 28 പോയിന്റിനു മുന്നിലാണ് കോഹ്ലി. ഗ്ലെൻ മാക്സ് വെൽ ആണ് മൂന്നാം സ്ഥാനത്ത്. ട്വന്റി-20യെ കൂടാതെ ടെസ്റ്റിൽ രണ്ടും ഏകദിനത്തിൽ മൂന്നുമാണ് കോഹ്ലിയുടെ സ്ഥാനം.

ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിലും ആദ്യ അഞ്ചിൽ ഒരു സമയത്ത് എത്തുന്ന ഏക ഇന്ത്യൻ താരമാണ് കോഹ്ലി. ബൗളർമാരുടെ പട്ടികയിൽ ജസ്പ്രീത് ബുമ്ര രണ്ടാം സ്ഥാനം നിലനിര്‍ത്തി. രവിചന്ദ്ര അശ്വിനാണ് എട്ടാം സ്ഥാനത്ത്. ആശിഷ് നെഹ്റ 24ആം സ്ഥാനത്തെത്തി.

ഇംഗ്ലണ്ടിന്റെ ജോ റൂട്ടും ഇന്ത്യന്‍ താരം യുസ്വേന്ദ്ര ചാഹലും റാങ്കിംഗില്‍ ശ്രദ്ധേയരായി. ഇംഗ്ലണ്ടിന് എതിരായ മൂന്നാം ട്വന്റി20 മത്സരത്തില്‍ ആറ് വിക്കറ്റിന് 25 റണ്‍സ് വഴങ്ങിയ ചാഹല്‍ 92ആം സ്ഥാനത്ത് നിന്നും 86ആം സ്ഥാനത്തെത്തി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ