കശ്മീരില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട അബ്ദുല്‍ റഷീദ് എന്ന പൊലീസുകാരന്റെ അഞ്ച് വയസുകാരിയായ മകള്‍ സോറയുടെ പഠന ചെലവ് വഹിക്കാമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ വ്യക്തമാക്കിയിരുന്നു. ജമ്മു കശ്മീരിലെ തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ട സ്വന്തം അച്ഛന്റെ മൃതദ്ദേഹത്തിന് മുന്നിൽ നിന്ന് വിലപിക്കുന്ന സോറയുടെ ചിത്രം ആരെയും കരയിപ്പിക്കുന്നതായിരുന്നു. കാശ്മീരിലെ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ അബ്ദുള്‍ റാഷിദിന്റെ മകളാണ് സോറ. ഈ കൊച്ചുപെൺകുട്ടിയെ സഹായിക്കാൻ ഗംഭീര്‍ എത്തിയതും വാര്‍ത്തയായി.

സോറ നിന്നെ താരാട്ട് പാടി ഉറക്കാൻ എനിക്ക് സാധിക്കില്ല, എന്നാൽ നിന്റെ സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ ഞാൻ സഹായിക്കാമെന്നാണ് ഗംഭീർ പ്രഖ്യാപിച്ചിരിക്കുന്നത്. സോറയുടെ വിദ്യാഭ്യാസ ചെലവ് താൻ ഏറ്റെടുക്കുമെന്നും താരം ട്വീറ്റ് ചെയ്തു. ഇന്ത്യയുടെ മകളാണ് സോറയെന്നും ഗംഭീർ തന്റെ ട്വിറ്ററിൽ​ കുറച്ചു.

സോറ നീ കരയരുത് , നിന്റെ കണ്ണീർ താങ്ങാൻ ഭൂമി ദേവിക്ക് പോലും സാധിക്കില്ലെന്നും ഗംഭീർ ട്വീറ്റ് ചെയ്തു. രക്തസാക്ഷിയായ നിന്റെ അച്ഛന് മുന്നിൽ പ്രണാമം അർപ്പിക്കുന്നുവെന്നും ഗംഭീർ ട്വീറ്റ് ചെയ്തു. ഗംഭീറിന്റെ ഈ പ്രവൃത്തിക്ക് നന്ദി അറിയിച്ച് സോറ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. താനും കുടുംബവും ഗംഭീര്‍ സാറിന്റെ വാക്കുകളില്‍ സന്തോഷവാന്മാരാണെന്ന് സോറ എഎന്‍ഐയോട് വ്യക്തമാക്കി. തനിക്ക് ഒരു ഡോക്ടറാകണമെന്നും സോറ പറഞ്ഞു.

എന്നാല്‍ തന്നോട് നന്ദി പറയരുതെന്നും തന്റെ മക്കളെ പോലെയാണ് സോറ തനിക്കെന്നും ഗംഭീര്‍ മറുപടി പറഞ്ഞു. ചിറകുകള്‍ വിടര്‍ത്തി സ്വപ്നത്തെ പിന്തുടരണമെന്നും ക്രിക്കറ്റ് താരം സോറയോട് പറഞ്ഞു.

കഴിഞ്ഞ ആഗസ്റ്റ് 28 നാണ് അനന്ദ്നഗറിൽവെച്ച് എഎസ്ഐ അബ്ദുൾ റഷീദ് കൊല്ലപ്പെടുന്നത്. ആശുപത്രിയിൽ വെച്ചായിരുന്നു റാഷിദ് മരിച്ചത്.തീവ്രവാദി ആക്രണത്തില്‍ കൊല്ലപ്പെട്ട അബ്ദുള്‍ റാഷിദിന് അന്ത്യോമപചാരമര്‍പ്പിക്കുന്ന ചടങ്ങിലാണ് സോറ പൊട്ടിക്കരഞ്ഞത്. ജമ്മു കശ്മീര്‍ പൊലീസാണ് ചിത്രം ട്വീറ്റ് ചെയ്തത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ