ഇന്ത്യൻ ക്രിക്കറ്റിൽ ഏറെ നാൾ വിക്കറ്റിന് പിന്നിൽ ഗ്ലൗസണിഞ്ഞ എം.എസ് ധോണിയുടെ പകരക്കാരനെന്ന് അറിയപ്പെടുന്ന താരമാണ് ഋഷഭ് പന്ത്. ഇതിനോടകം തന്നെ നിരവധി മത്സരങ്ങളിൽ ഇന്ത്യൻ ടീമിന്റെ ഭാഗമായി കഴിഞ്ഞു താരം. ധോണി തന്നെയാണ് ഇപ്പോൾ താരത്തിന് വിക്കറ്റ് കീപ്പിങ്ങിന്റെ ടിപ്പുകൾ പറഞ്ഞ് നൽകുന്നതും. ധോണിക്ക് പിന്നാലെ ആ ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുകയാണ് മകൾ സിവ ധോണിയും.

ഇന്ത്യൻ യുവതാരത്തെ അ..ആ..ഇ..ഈ പഠിപ്പിക്കുകയാണ് കുട്ടി സിവ. രണ്ട് അക്ഷരം വിട്ടുപോയ ഋഷഭ് പന്തിനോട് സിവ ദേഷ്യപ്പെടുന്നതും വീഡിയോയിൽ കാണാം. ” എ..ഐ എവിടെ?” സിവയുടെ ചോദ്യത്തിന് അത് മേഡം പറഞ്ഞ് തന്നില്ലാ എന്ന് ഋഷഭ് പന്തിന്റെ മറഉപടിക്ക് നൽകി. എന്നാൽ അത് സമ്മതിക്കാതെ “എ…ഐ നിങ്ങൾ തിന്നോ?” എന്ന് സിവ ചോദിക്കുന്നു.

ഇന്നലെ രണ്ടാം ക്വാളിഫയർ മത്സരത്തിന് ശേഷമുള്ള വീഡിയോയാണ് ഇത്. രണ്ടാം ക്വാളിഫയറിൽ ഋഷഭ് പന്തിന്റെ ഡൽഹി ക്യാപിറ്റൽസിനെ തകർത്ത് ധോണി നായകനായ ചെന്നൈ സൂപ്പർ കിങ്സ് ഫൈനലിൽ പ്രവേശിച്ചിരുന്നു. ഇന്നലത്തെ മത്സരത്തിന് ശേഷവും ധോണി പന്തിന് ക്ലാസെടുത്ത് കൊടുക്കുന്ന ഫോട്ടോയും നേരത്തെ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു.

രണ്ടാം ക്വാളിഫയറിൽ ഡൽഹി ക്യാപിറ്റൽസിനെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ചെന്നൈ സൂപ്പർ കിങ്സ് തുടർച്ചയായ രണ്ടാം ഫൈനൽ ഉറപ്പിച്ചത്. ഡൽഹി ക്യാപിറ്റൽസ് ഉയർത്തിയ 148 റൺസ് വിജയലക്ഷ്യം ഒരു ഓവർ ബാക്കി നിൽക്കെ ചെന്നൈ മറികടന്നു. ആദ്യ ഇന്നിങ്സിലെ കൃത്യതയാർന്ന ബോളിങ്ങും മറുപടി ബാറ്റിങ്ങിൽ ഓപ്പണർമാരുടെ വെടിക്കെട്ട് പ്രകടനവുമാണ് ചെന്നൈ ജയം അനായാസമാക്കിയത്. ഐപിഎല്ലിൽ ചെന്നൈയുടെ നൂറാം ജയം കൂടിയാണ് ധോണിയും സംഘവും വിശാഖപട്ടണത്ത് കുറിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook