മാഞ്ചസ്റ്റര്‍: ധോണി മൈതാനത്തിറങ്ങുമ്പോള്‍ ആരാധകരുടെ കണ്ണുകള്‍ ഗ്യാലറിയിലേക്ക് നീങ്ങും. സോഷ്യല്‍ മീഡിയയില്‍ ധോണിയോളം തന്നെ താരമായ മകള്‍ സിവ ധോണി അവിടെ ഉണ്ടോ എന്നറിയാന്‍. ആ കാത്തിരിപ്പിന് ഇന്നലെ അവസാനമായി. ഇന്ത്യ-പാക്കിസ്ഥാന് മത്സരം കാണാന്‍ സിവയും എത്തി.
സിവയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. സിവയ്ക്കൊപ്പം ഇന്ത്യന്‍ താരം ഋഷഭ് പന്തുമുണ്ട് വീഡിയോയില്‍. ബേബി സിറ്റിങ്ങിന് പേരുകേട്ട ഋഷഭ് പന്ത് സിവയുമൊത്ത് ഗ്യാലറിയില്‍ കളിക്കുന്നതാണ് വീഡിയോ.
ഇന്ത്യയുടെ വിജയത്തിന് പിന്നാലെ പരസ്പരം അലറി വിളിച്ച് ആഘോഷിക്കുകയാണ് സിവയും ഋഷഭ് പന്തും. കൈയ്യില്‍ മിഠായിയുമായി അലറി വിളിക്കുന്ന സിവ പന്തിന്റെ മൂക്കില്‍ മൂക്ക് മുട്ടിച്ച് തുള്ളിച്ചാടുന്നതും കാണാം.
പരുക്കേറ്റ ശിഖര്‍ ധവാന് പകരമാണ് പന്ത് ഇംഗ്ലണ്ടിലെത്തിയത്. എന്നാല്‍ താരത്തെ ഇന്നലെ നടന്ന മത്സരത്തില്‍ ഇറക്കിയില്ല. സിവയുമൊത്തുള്ള വീഡിയോ ഹിറ്റായതോടെ കുഞ്ഞിനെ നോക്കാനാണോ പന്തിനെ വിളിച്ചു വരുത്തിയത് എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.