പൊതുവെ വന്യമൃഗങ്ങളിൽ നിന്നും അകലം പാലിക്കാനാണ് എല്ലാവരും ശ്രമിക്കുക. എന്നാൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിങ് ഇപ്പോൾ സമയം ചെലവിടുന്നത് അവരോടൊപ്പമാണ്. ലൈഗറുമായി വടംവലിക്കുന്ന യുവരാജിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.
യുവരാജ് ജിറാഫിന് തീറ്റ കൊടുക്കുന്നതും പെരുമ്പാമ്പിനെ കഴുത്തിൽ ഇടുന്നതുമെല്ലാം വീഡിയോയിലുണ്ട്. അടുത്തിടെ യുവരാജ് ദുബായിലെ ഫെയിം പാർക്ക് എന്ന സ്വകാര്യ എസ്റ്റേറ്റ് സന്ദർശിച്ചപ്പോൾ എടുത്ത വീഡിയോയാണിത്.
കരടിക്ക് തീറ്റ കൊടുക്കുന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ വീഡിയോയിൽ കാണാമെങ്കിലും ആരാധകരുടെ ശ്രദ്ധ കൂടുതൽ പതിഞ്ഞത് ലൈഗറുമായുള്ള യുവരാജിന്റെ വടംവലിയിലാണ്. സിംഹത്തിന്റെയും പുലിയുടെയും സങ്കര ഇനമാണ് ലൈഗർ. കരുത്തിന്റെ കാര്യത്തിൽ ലൈഗർ ഒട്ടും പിന്നിൽ അല്ലെന്ന് വീഡിയോ കാണുന്നവർക്ക് മനസിലാവും.
യുവരാജും പാർക്കിന്റെ ഉടമയും രണ്ടു സുഹൃത്തുക്കളും ചേർന്ന് വലിച്ചിട്ടും കടിച്ചു പിടിച്ചിരിക്കുന്ന വടം ലൈഗർ വിടാതെയിരിക്കുന്നത് വിഡിയോയിൽ കാണാം. ഒടുവിൽ തോൽവി സമ്മതിച്ചു യുവരാജ് പിന്മാറുന്നതും വീഡിയോയിലുണ്ട്.
“ടൈഗർ വേഴ്സസ് ലൈഗർ, തീർച്ചയായും നിങ്ങൾക്ക് ഇതിന്റെ അന്തിമഫലം അറിയാം,” എന്ന് കുറിച്ചുകൊണ്ടാണ് യുവരാജ് വീഡിയോ പങ്കുവച്ചത്. നിരവധി പേരാണ് വീഡിയോക്ക് കമന്റ് ചെയ്തിരിക്കുന്നത്.
Also Read: നല്ല ഐസ് ഫ്രൂട്ട് പോലത്തെ ഇഡ്ഡലി; വൈറലായി ഇഡ്ഡലിയുടെ പുതിയ രൂപമാറ്റം
എമിറാത്തി സംരംഭകന്റെ ഉടമസ്ഥതയിലുള്ള ലോകമെമ്പാടുമുള്ള സെലിബ്രിറ്റികൾ വരാറുള്ള നിരവധി വിദേശ മൃഗങ്ങൾ താമസിക്കുന്ന സ്വകാര്യ ഫാമിൽ നിന്നാണ് ചിത്രങ്ങളും വീഡിയോകളും എടുത്തിരിക്കുന്നത്. പാർക്കിൽ നിന്നുള്ള സെലിബ്രിറ്റികളുടെ ചിത്രങ്ങൾ പലപ്പോഴും വൈറലായിട്ടുണ്ടെങ്കിലും, ഈ സ്ഥലത്തേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം നൽകിയിട്ടില്ല.