ഡല്‍ഹിയില്‍ ദീപാവലിക്ക് പടക്ക വില്‍പ്പന നിരോധിച്ച് കൊണ്ട് സുപ്രിംകോടതിയുടെ വിധി വന്നത് കഴിഞ്ഞ ആഴ്ച്ചയാണ്. അന്തരീക്ഷ മലിനീകരണം കണക്കിലെടുത്താണ് സുപ്രിംകോടതി സുപ്രധാനമായ തീരുമാനം കൈക്കൊണ്ടത്. ഉത്തരവിനെതിരെയും ഉത്തരവിനെ പിന്തുണച്ചും നിരവധി പേര്‍ രംഗത്ത് വന്നിരുന്നു. പ്രശസ്തരായ പലരും കോടതി ഉത്തരവ് അതേപടി നടപ്പിലാക്കണമെന്ന് ആഹ്വാനവും ചെയ്തിരുന്നു. ഈ സമയത്താണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗിന്റെ പ്രവേശനവും.

ദീപാവലിക്ക് മലിനീകരണം കുറയ്ക്കാന്‍ പടക്കം ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നാണ് യുവരാജ് ജനങ്ങളോട് വീഡിയോയിലൂടെ ആവശ്യപ്പെട്ടത്. നിരവധി ആരാധകര്‍ യുവരാജിന്റെ നിലപാടിനോട് ഐക്യദാര്‍ഢ്യം അറിയിച്ച് എത്തിയപ്പോള്‍ മറ്റു ചിലര്‍ യുവരാജിനെ പരിഹസിച്ചും രംഗത്തെത്തി.

അതില്‍ ഒരാളുടെ ട്വീറ്റാണ് യുവരാജിനെ വലിച്ച് കീറി ഒട്ടിച്ചത്. യുവരാജിന്റെ വിവാഹ ചടങ്ങിനിടെ പകര്‍ത്തിയ ഒരു ചിത്രം പോസ്റ്റ് ചെയ്താണ് അക്ഷയ് കുമാര്‍ എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും പരിഹാസം ഉയര്‍ന്നത്. ‘ദീപാവലിക്ക് പടക്കം ഉപയോഗിക്കുന്നത് തെറ്റാണ്, അതേസമയം എന്റെ വിവാഹത്തിന് പടക്കം ഉപയോഗിക്കുന്നതില്‍ തെറ്റില്ല. കപടനാട്യം നൂറാം നിലയില്‍ നിന്നും താഴേക്ക് ചാടി’, ഇതായിരുന്നു യുവരാജിന്റെ വിവാഹ ചിത്രത്തോടൊപ്പം ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ട അടിക്കുറിപ്പ്. ഇതേ ചിത്രം പിന്നെ മറ്റ് ഉപയോക്താക്കളും ഏറ്റെടുത്ത് യുവരാജിനെ ദയയില്ലാതെ ട്രോളുകയായിരുന്നു.

നവംബര്‍ ഒന്ന് വരെയാണ് രാജ്യതലസ്ഥാനത്ത് പടക്ക വില്‍പ്പനാ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജസ്റ്റിസ് എ.കെ.സിക്രി അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. സംസ്ഥാനത്തെ അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന്‍റെ ഭാഗമായാണ് കോടതിയുടെ നടപടി. നവജാത ശിശുക്കളുടെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് കോടതി ഉത്തരവിറക്കിയത്. ജനവാസ മേഖലയില്‍ പടക്കം പൊട്ടിക്കുന്നത് വിലക്കി 2005 ജൂലൈയില്‍ സുപ്രീം കോടതി ഉത്തരവിറക്കിയിരുന്നു.

എന്നാല്‍ കോടതി ഉത്തരവ് പ്രായോഗികമായി ഡല്‍ഹിയില്‍ നടപ്പാക്കിയിരുന്നില്ല. ചില സംസ്ഥാനങ്ങളില്‍ ഇത് വിജയകരമായി നടപ്പാക്കിയിരിക്കുന്നു. വിധിയെ തുടര്‍ന്ന് ദേശവ്യാപകമായി ശബ്ദമലിനീകരണം തടയാനുള്ള നടപടികള്‍ ശുപാര്‍ശ ചെയ്യാന്‍ കേന്ദ്രം ഒരു സമിതിയെയും നിയോഗിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook